ബാലവേലയില്‍ നിന്നും ഫുട്‌ബോളിലൂടെ രക്ഷപ്പെടുന്ന ചേരികള്‍

Representative Image

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ടാണ് ഉദയകുമാര്‍ 12ാം വയസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയത്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള തീവ്രശ്രമമായിരുന്നു പിന്നീട്. അങ്ങനെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കുമെല്ലാം എത്തി. എന്നാല്‍ ലോകത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന ഫുട്‌ബോള്‍ എന്ന സാധാരണക്കാരന്റെ കായികവിനോദം അവന്റെ രക്ഷക്കെത്തി. സ്വീഡനില്‍ നടന്ന ഹോംലെസ് സോക്കര്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവന്‍ പിന്നീട് വിഷ്വല്‍ കമ്യൂണിക്കേഷന്‍സില്‍ ബിരുദം ചെയ്തു. ചെന്നൈയിലെ വ്യാസാര്‍പടി എന്ന ചേരിയില്‍ നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര ഉദ്യോഗം ലഭിക്കുന്ന ആദ്യ യുവാവായി മാറി ഉദയകുമാര്‍. 

അവസരങ്ങള്‍ക്ക് കാത്തു ഇത്തരം നിരവധി ഉദയ കുമാറുമാര്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് സോക്കര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് എന്ന കാംപെയ്‌നിലൂടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ക്രൈ (ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു) ശ്രമിക്കുന്നത്. ജീവിതത്തിന്റെ കറുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ പെട്ട് പാതിവഴിയില്‍ കാലിടറിപ്പോകുന്ന കുട്ടികളുടെ രക്ഷയ്ക്ക് ഫുട്‌ബോള്‍ കൈയ്യിലെടുത്തുള്ള തീവ്രപ്രചരണത്തിലാണ് ക്രൈ. 2014 മുതല്‍ അവര്‍ ചെന്നൈയില്‍ സോക്കര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് എന്ന ടൂര്‍ണമെന്റ് നടത്തിവരികയാണ്. സ്ലം ചില്‍ഡ്രന്‍ സ്‌പോര്‍ട്‌സ് ടാലന്റ് എജുക്കേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ചേരിപ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനമാണു ലക്ഷ്യം. 

ഉദയകുമാര്‍ 1.5 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ചെന്നൈയിലെ ഏറ്റവും പഴയതും വലുതുമായ ചേരിയിലെ അന്തേവാസിയായിരുന്നു. മാസവരുമാനമായി 6,000 രൂപ പോലും ലഭിക്കില്ല ഇവിടുത്ത മിക്ക കുടുംബങ്ങള്‍ക്കും. കുടിവെള്ള സൗകര്യമോ, റോഡുകളോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഒന്നും അത്ര നന്നല്ല. ഇവിടുത്തെ കുട്ടികള്‍ ബാലവേലയെന്ന കെണിയില്‍ പെട്ടു ജീവിതം ഹോമിക്കേണ്ട അവസ്ഥയാണുണ്ടാകാറുള്ളത്. ഇതിനിടയില്‍ നിന്നുമാണ് സോക്കര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് പദ്ധതിയിലേക്ക് ഉദയകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ച് ഉയരങ്ങള്‍ താണ്ടിയത്. വന്‍ കോര്‍പ്പറേറ്റ് ടീമുകളോടാണ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ മത്സരിക്കുക. 

ഫെബ്രുവരിയില്‍ ചെന്നൈയില്‍ 11 കോര്‍പ്പറേറ്റ് ടീമുകള്‍ക്കൊപ്പം സ്ലം ചില്‍ഡ്രന്‍ സ്‌പോര്‍ട്‌സ് ടാലന്റ് എജുക്കേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചുണക്കുട്ടികള്‍ അണിനിരന്ന് നടന്ന മത്സരം വന്‍വിജയമായിരുന്നു. ചെന്നൈയിലെ വിജയത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഹോളി ഗോസ്റ്റ് ചര്‍ച്ചില്‍ ഈ മാസം 16ന് വീണ്ടും അടുത്ത മത്സരം. സംഘടിപ്പിച്ചിരിക്കുകയാണ്. ഒറക്കിള്‍, പിഡബ്ല്യുസി, മെഴ്‌സിഡെസ് ഗ്രൂപ്പ്, ഗ്രൂപ്പ് എം തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.