ചായക്കടയ്ക്ക് അവധി, ഇനി തായ്‌‌ലൻഡിലേക്ക്

വിജയനും ഭാര്യ മോഹനയും

ആവി പറക്കുന്ന ഒന്നരമീറ്റർ ചായ, മേശമേൽ നിരത്തി വച്ചിരിക്കുന്ന നാലുമണി പലഹാരങ്ങൾ ... ഇത് വിറ്റു കിട്ടുന്ന വരുമാനത്തിൽ നിന്നും എന്തൊക്കെ ആശിക്കാം 65 കഴിഞ്ഞ ഒരു ചായക്കടക്കാരനും അയാളുടെ ഭാര്യക്കും?...കടം കൂടാതെ കഴിയുക, വീട്, സ്വന്തം ആവശ്യത്തിന് ഒരു വാഹനം ... അങ്ങനെ നമ്മുടെ ഭാഗത്ത് നിന്നും കൊച്ചു കൊച്ചു ആഗ്രഹങ്ങളുടെ നിര നീളുമ്പോൾ,  ഏറണാകുളം കത്രികടവ് റോഡിലെ  ബാലാജി എന്ന ചായക്കടയുടമ വിജയേട്ടനും ഭാര്യ മോഹനയും പറയും, ഞങ്ങൾക്ക് ഒന്ന് തായ്‌ലൻഡിൽ പോകണം....

അതേ... അങ്ങനെ ആ ആഗ്രഹവും സഫലമാകുകയാണ്. ഒരു ചായക്കടക്കാരന്റെ സഞ്ചാരമോഹത്തിനു ചിറകു മുളച്ചതിന്റെ മറ്റൊരു ആഘോഷം. ഭാര്യ മോഹനയുമൊത്തുള്ള പതിനേഴാമത് വിദേശയാത്ര. തന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് യാത്രകൾ , പ്രത്യേകിച്ച് വിദേശയാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനാണ് ആലപ്പുഴ - ചേർത്തല സ്വദേശി വിജയനും ഭാര്യ മോഹനയും. ഈജിപ്റ്റും അമേരിക്കയും ഉൾപ്പെടെ 16 ലോകരാജ്യങ്ങൾ ഇതിനോടകം ഈ ദമ്പതികൾ സഞ്ചരിച്ചു കഴിഞ്ഞു.

വിജയനും ഭാര്യ മോഹനയും ചായക്കടയിൽ

എന്തുകൊണ്ടാണ് സഞ്ചാരം ഇത്ര ഹരമായത് എന്ന് ചോദിച്ചാൽ ഉടൻ തന്നെ വിജയേട്ടന്റെ വക ഉത്തരം വരും, ഓരോ യാത്രയും ഓരോ അനുഭവമല്ലേ? ബാലാജി ടീ സ്റ്റാളിന്റെ ഭിത്തികളിൽ ഇടം പിടിച്ചിരിക്കുന്ന വിജയൻ-മോഹന ദമ്പതികളുടെ ലോകയാത്രകളുടെ ചിത്രങ്ങൾ കാണുമ്പോൾ ആരും ശരി വച്ചു പോകും വിജയേട്ടന്റെ ആ ചോദ്യത്തിനെ.

യാത്രകൾ ഹരമായി മാറിയ ആദ്യ കാലത്തെ കുറിച്ചുള്ള വിജയേട്ടന്റെ വിവരണം ഇങ്ങനെ..... എന്റെ ചെറുപ്പ കാലത്ത് ജന്മനാടായ ചേർത്തലയിൽ ആകെ ഉള്ളത് ഉന്തുവണ്ടിയും റിക്ഷയും ഒക്കെയാണ്. ബസ് ഉണ്ടെങ്കിലും, വിരളം. അപ്പോഴാണ്‌ കാറും ബസും തീവണ്ടിയും വിമാനവും ഒക്കെയായി തൊട്ടടുത്ത് കിടക്കുന്ന  കൊച്ചി നഗരം മനസ്സില് കയറി കൂടുന്നത്. പിന്നെ എങ്ങനെയും കൊച്ചിയുടെ ഭാഗമാകാനുള്ള കൊതിയായി. കല്യാണം കഴിച്ചപ്പോൾ , കൊച്ചിക്കാരിയെ തന്നെ കല്യാണം കഴിച്ചതും അതുകൊണ്ട് തന്നെ.

വിജയൻ-മോഹന ദമ്പതികളുടെ ലോകയാത്രകൾ മാധ്യമങ്ങളിൽ വന്നതിന്റെ ചിത്രങ്ങൾ

വിജയേട്ടൻ ഭാഗ്യം ചെയ്ത മനുഷ്യനാണ്. കാരണം  ജീവിതപങ്കാളിയായി കിട്ടിയ മോഹനയ്ക്കും ഇഷ്ടമാണ് വിജയേട്ടന്റെ ഈ നാട് ചുറ്റൽ. അടുത്ത യാത്രക്ക് താനും കൂടെ വരാമെന്ന് 1979 ൽ മോഹന പറഞ്ഞപ്പോൾ ഉടൻ തന്നെ അടുത്ത യാത്ര പ്ലാൻ ചെയ്തു. നേരെ മദിരാശിക്ക്. പ്രിയതമയുമൊത്തുള്ള ആദ്യയാത്ര, സിനിമകളിൽ കണ്ടു പരിചരിച്ച മദിരാശി നഗരത്തിന്റെ ഉൾതുടിപ്പ് തേടി. പിന്നീടുള്ള ഒരു യാത്രയിലും വിജയൻ ആ കൈ വിട്ടുകളഞ്ഞില്ല. അങ്ങനെ ഇരുവരും ചേർന്ന് ഇന്ത്യയുടെ ഓരോ മുക്കും മൂലയും സഞ്ചരിച്ചെത്തി. ഇതിനിടെ കുടുംബം വലുതായി. കൂട്ടിനു രണ്ടു മക്കൾ വന്നു. മക്കളുടെ വളർച്ചയും പഠനവും ഒക്കെ ബാധ്യതയായതോടെ യാത്രകൾ വർഷാന്ത്യത്തിലെക്ക് മാറ്റി വച്ചു.

യാത്രകൾ കടൽ കടക്കുന്നു....

ഇന്ത്യയിലെ സ്ഥലങ്ങൾ കണ്ടു തീർന്നതോടെ യാത്രാ മോഹങ്ങൾ മെല്ലെ കടൽ കടന്നു തുടങ്ങി. അങ്ങനെ ഇരുവരും ഒന്നിച്ചു ആദ്യമായി 2007 ൽ പറന്നു...അങ്ങ് ഈജിപ്റ്റിലേക്ക്...പിരമിഡുകളുടെ നാട് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട്, കണ്ടത്  അമേരിക്ക , സിംഗപ്പൂർ, മലേഷ്യ,  തുടങ്ങി 16 രാജ്യങ്ങൾ. അമേരിക്കയിൽ ഇനിയും പോകണം, കാരണം 50 സംസ്ഥാനങ്ങളിൽ 5 എണ്ണം മാത്രമേ കാണാൻ പറ്റിയുള്ളൂ, കടയിൽ തിരക്ക് കൂടുന്നതിനിടെ , വിജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് മോഹന പറഞ്ഞു. അതിനു ഇനി നമ്മളെ ആരങ്കിലും സ്പോൺസർ ചെയ്യട്ടെ, ഉരുളക്ക് ഉപ്പേരി പോലെ വിജയേട്ടന്റെ ഉത്തരം വന്നു കഴിഞ്ഞു.

വിജയൻ-മോഹന ദമ്പതികളുടെ ലോകയാത്രകളുടെ ചിത്രങ്ങൾ

ലോൺ എടുത്തും യാത്ര പോകും

യാത്രാചെലവ് എന്നും വിജയേട്ടന്റെയും മോഹനയുടെയും ആഗ്രഹങ്ങൾക്കുമുന്നിൽ വില്ലനാണ്. എന്ന് കരുതി ഇഷ്ടപ്പെട്ട കാര്യം ചെയ്യാതിരിക്കാൻ പറ്റുമോ? ലോൺ എടുത്തിട്ടായാലും യാത്രപോയിരിക്കും ഇരുവരും. ഒരു തവണ വിദേശത്തു പോയി വന്നാൽ, ആ കടം വീട്ടാൻ 2 വർഷം ഇടം വലം തിരിയാതെ ചായക്കട നടത്തേണ്ടി വരും. എന്ന് കരുതി കടയിലെ സാധനങ്ങൾക്ക് വിലകൂട്ടാൻ വിജയേട്ടന് താല്പര്യമില്ല. മറ്റു കടകളിൽ 8 ഉം 10 രൂപ വിലയുള്ള ഉഴുന്നുവടയ്ക്കും പഴംപൊരിക്കും ചായക്കുമെല്ലാം  ബാലാജിയിൽ 5 രൂപ മാത്രമാണ് വില. എങ്ങനെയും  കടം വീട്ടി തീർന്നാൽ ഉടൻ ആരംഭിക്കുകയായി അടുത്ത യാത്ര. അങ്ങനെയാണ് ഇക്കുറി തായ്‌ലൻഡിലേക്കു പോകുന്നത്.

വെള്ളാനകളുടെ നാട് എന്താണെന്ന് അറിയാൻ, കൂട്ടിന് ഇളയ മകളും കുടുംബവും ഉണ്ട്. യാത്ര ഇഷ്ടമാണെങ്കിലും മക്കൾക്ക് രണ്ടുപേർക്കും തങ്ങളുടെ അത്ര ഭ്രാമമില്ലെന്ന് മോഹനയും സമ്മതിക്കുന്നു. തായ്‌ലൻഡിലേക്ക് ഇരുവരും അടുത്തയാഴ്ച തിരിക്കാൻ ഇരിക്കുമ്പോൾ തന്നെ, വിജയേട്ടൻ തങ്ങളുടെ അടുത്ത യാത്ര എങ്ങോട്ടാണ് എന്ന് മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു...18 ആം രാജ്യം...കങ്കാരുക്കളുടെ നാട്...അതേ...വിജയേട്ടനെയും മോഹന ചേച്ചിയെയും കാത്തിരിക്കുന്നു..ആസ്ത്രേലിയ .....