തലയെടുപ്പോടെ കപ്പൽ രാജ്ഞി ; ചലിപ്പിക്കാൻ മലയാളിയും!

3000 ലധികം യാത്രക്കാരുമായി കൊച്ചി കാണാനെത്തിയ ലോകത്തിലെ എറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ ക്വീൻ മേരിയുടെ അമരത്തുമുണ്ട് ഒരു മലയാളി...

തലയെടുപ്പുള്ളൊരു രാജ്ഞിയുടെ നിൽപ്പ്. പേരിലും രാജകീയത പേറുന്ന വിഖ്യാത ആഡംബര കപ്പൽ ക്വീൻ മേരി 2 നെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 1132 അടി നീളത്തിലും 131 അടി വീതിയിലും 3000ലധികം യാത്രക്കാരുമായി കൊച്ചി കാണാനെത്തി മനോഹരിയായ മേരി രാജ്ഞി. എത്ര പറഞ്ഞാലും മതിയാകാത്ത സവിശേഷതകളാണ് ക്വീൻ മേരിയുടേതായി പറയേണ്ടത്. ലോകത്തിലെ എറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്ന്.

ബ്രിട്ടനിലെ രാജ വംശവുമായി തലയെടുപ്പുള്ള ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്ന ക്വീൻ മേരിയുടെ ഉടമ "CUNARD " എന്ന ബ്രിട്ടീഷ് കമ്പനിയാണ്. കപ്പലിന്റെ രണ്ടാം എഞ്ചിനീയർ ഇടപ്പള്ളിക്കാരനായ സുനിൽ കൃഷ്ണകുമാർ ക്വീൻ മേരിയെ കുറിച്ച് മനോരമ ഓൺലൈനിനോട്...

ക്വീൻ മേരിയുടെ മാത്രം സവിശേഷതകൾ....

ലോകത്ത് ഇപ്പോൾ ട്രാൻസ് അറ്റ്ലാന്റിക്(transatlantic) ഓഷ്യൻലൈനർ എന്ന പ്രത്യേകത വഹിക്കുന്ന കപ്പലുകൾ ഇപ്പോൾ നിർമ്മിക്കപ്പെടുന്നില്ല. എന്നാൽ അത്തരം പ്രത്യേകതകൾ ഉള്ള ഒരു കപ്പലാണ് ക്വീൻ മേരി 2. അതായത് അറ്റ്ലാന്റിക് സമുദ്രം തരണം ചെയ്യാൻ ഉള്ള പ്രത്യേകതകൾ ആണത്. മറ്റു കപ്പലുകളിൽ നിന്ന് വ്യത്യസ്തമായ ഷേപ്പ്, അതിന്റെ കനം , നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മെറ്റൽ ഇവയെല്ലാം മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാണ്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ പ്രത്യേകത അനുസരിച്ച് നിർമ്മിച്ചെടുക്കപ്പെട്ടവയാണത്. ഇന്ന് ലോകത്ത് കപ്പൽ നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകളെ കയറ്റുക എന്ന ആശയം മാത്രമേ കമ്പനികൾ പ്രാവർത്തികമാക്കുന്നുള്ളൂ. എന്നാൽ ക്വീൻ മേരിയുടെ ആശയം അങ്ങനെയല്ല. കമ്പനി ഏറ്റവുമധികം നോക്കുന്നത് ആളുകളുടെ സുരക്ഷയും , കംഫർട്ടുമാണ്. ഇതിന്റെ ചിലവ് വഹിക്കുക എന്നത് അത്ര എളുപ്പവുമല്ല. പക്ഷേ അതിനനുസരിച്ചുള്ള സൗകര്യങ്ങളും സുരക്ഷയും ക്വീൻ മേരിയിൽ ലഭിക്കും. അതാണ്‌ കമ്പനി നല്കുന്ന ഉറപ്പ്. 

ക്വീൻ മേരിയുടെ ഏറ്റവും പുതിയ യാത്ര....

കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടനിലെ സതാംപ്ടനിൽ നിന്ന് ആരംഭിച്ചതാണ് ഇപ്പോഴത്തെ ക്വീൻ മേരിയുടെ യാത്ര. 3000 അധികം യാത്രക്കാരുണ്ട് ഇതിൽ. സതാംപ്ടനിൽ നിന്ന് യുഎസ്, തെക്കും വടക്കും അമേരിക്ക, ഓസ്ട്രേലിയ, തുടർന്ന് ഏഷ്യ, സിംഗപ്പൂർ, ചൈന, കൊച്ചി, ദുബൈ അവസാനം കൊളമ്പോ, പിന്നീട് തിരികെ സതാംപ്ടനിൽ എത്തും.

ആറു മാസത്തെ യാത്രയാണിത്. ലോകം മുഴുവൻ കറങ്ങി വരാം ഈ യാത്രയിൽ. യൂറോപ്പിയൻ രാജ്യങ്ങളിലുള്ള 60 വയസ്സിൽ മുകളിൽ പ്രായമുള്ള ദമ്പതികളാണ് കൂടുതലും ഈ യാത്രയിൽ ഉള്ളത്. യൗവ്വനത്തിൽ നന്നായി ജോലി ചെയ്ത് പൈസ അവർ സമ്പാദിക്കുന്നതു തന്നെ വയസ്സാകുമ്പോൾ ഇത്തരം യാത്രകൾ പോകാനാണെന്ന് തോന്നും. പിന്നെ കേരളത്തിലെ പോലെ കുട്ടികളെ പണം നൽകി വളർത്തേണ്ട ആവശ്യവുമില്ലല്ലോ, എല്ലാവരും അവരവരുടെ ജീവിതം സ്വയം കണ്ടെത്തുന്നവരാണ്. അതിനാൽ വാർധക്യമെത്തുമ്പോൾ  എല്ലാവരും ഇത്തരം യാത്രകൾക്കായി ഇറങ്ങും.

മലയാളി എങ്ങനെ ക്വീൻ മേരിയിൽ?

ഞാൻ ഇടപ്പള്ളി സ്വദേശിയാണ്. അച്ഛനും അമ്മയും ഇവിടെ നാട്ടിലുണ്ട്. ഭാര്യയും ഞാനും യുകെയിൽ ആണ് താമസം. ഭാര്യക്ക് അവിടെ ജോലിയുമുണ്ട്. ഞാൻ കഴിഞ്ഞ 3 വർഷമായി ക്വീൻ മേരിയിലെ എഞ്ചിനീയർ ആണ്. മൂന്നു മാസം ജോലി കഴിഞ്ഞാൽ പിന്നെ ലീവ്. അങ്ങനെയാണ് പോകുന്നത്. ഇപ്പോൾ ഞാൻ വെസ്റ്റ് ഇൻഡീസിൽ നിന്നാണ് ക്വീൻ മേരിയിൽ കയറിയത്, അടുത്ത സ്ഥലമായ ദുബൈ വരെയേ ഉള്ളൂ എന്റെ ജോലി. എന്നാൽ കാബിൻക്ര്യൂ വിഭാഗത്തിൽ പെട്ടവർ കോണ്ട്രാക്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരാണ്, അവർക്ക് 6 മാസമാണ് കോണ്ട്രാക്റ്റ്. ആ മാസത്തെ ജോലിയുടെ പ്രതിഫലം അവർക്ക് ലഭിക്കും. 

ക്വീൻ മേരിയിൽ വരുന്നതിനു മുൻപ് ചില കാർഗോ കപ്പലുകളിൽ ജോലി ചെയ്തിരുന്നു. 2008 ലാണ് ഈ ജോലിയിലേക്ക് വരുന്നത്. ആദ്യം പഠനത്തിനായാണ് യുകേയിലെയ്ക്ക് പോയത്. പിന്നെ ഇടയ്ക്ക് നാട്ടിൽ വന്നു, പരീക്ഷ എഴുതാനായി വീണ്ടും യു കെ. അങ്ങനെ പോക്കിന്റെയും വരവിന്റെയും ഇടയിൽ ഭാര്യ അവിടെ ജോലിയ്ക്ക് ശ്രമിച്ചു, ലഭിച്ചു. അങ്ങനെ അവിടെ സെറ്റിൽ ആയി. ആദ്യമൊന്നും "CUNARD " കമ്പനി യുകെ യ്ക്ക് പുറത്തുള്ളവരെ ജോലിയ്ക്കായി നിയമിക്കില്ലായിരുന്നു. എന്നാൽ അടുത്ത കാലത്താണ് മറ്റുള്ള രാജ്യക്കാരെയും അവരുടെ കപ്പലുകളിൽ ജീവനക്കാർ  ആയി എടുത്ത്. അങ്ങനെ ആണ് അപേക്ഷിച്ചത്. അത് ലഭിക്കുകയും ചെയ്തു. ഇപ്പോൾ ഇതിൽ വീട്ടുകാരെയും കൊണ്ട് പോകാൻ കഴിയും.

മറക്കാനാകാത്ത അനുഭവങ്ങൾ...

ക്വീൻ മേരി എന്നത് ആഡംബരത്തിന്റെ മാത്രമല്ല സുരക്ഷയുടെയും അവസാന വാക്കാണ്‌. അതിനാൽ അപകടകരമായ അനുഭവങ്ങൾ ഒന്നും തന്നെ ക്വീൻ മേരിയെ സംബന്ധിച്ച് ഉണ്ടാകില്ല. മാത്രമല്ല എന്തെങ്കിലും സാഹചര്യത്തിൽ, കാലാവസ്ഥയിലൊ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതനുസരിച്ച് കപ്പലിലെ സാങ്കേതികത നമുക്ക് മാറ്റാൻ കഴിയും. എന്ത് തന്നെ ആയാലും യാത്രക്കാർ യാതൊരു വിധ ബുദ്ധിമുട്ടുകളും അറിയില്ല. പക്ഷേ ഞാൻ കാർഗോ കപ്പലിലായിരുന്നപ്പോൾ കുറച്ചു കൂടി ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായി ബാധിക്കും ചിലപ്പോൾ. കപ്പൽ സൈക്ലോണുകളിലൂടെയും വലിയ കൊടുങ്കാറ്റിലും മഴയിലും ഒക്കെയും കടന്നു പോയിട്ടുണ്ട്. എന്നാൽ ആദ്യമുള്ള ഭയമേയുള്ളൂ, പിന്നീട് അതൊരു പ്രശ്നമായി തോന്നില്ല. അതിനാൽ ക്വീൻ മേരിയിൽ ഞങ്ങൾക്കെല്ലാം നല്ല കംഫർട്ടാണ്. 

ബ്രിട്ടീഷ് രാജകുടുംബവും ക്വീൻ മേരിയും തമ്മിൽ...

"CUNARD " മായി രാജകുടുംബത്തിനു നല്ല ബന്ധമുണ്ട്. എല്ലായ്പ്പോഴും പുതിയ കപ്പലുകളുടെ ചടങ്ങുകൾക്കൊക്കെയും കൊട്ടാരത്തിൽ നിന്ന് രാജ്ഞി ഉറപ്പായും എത്തും. മാത്രമല്ല കമ്പനിയുടെ പരിപാടികൾക്കും രാജകുടുംബത്തിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഇപ്പോൾ നമ്മൾ സതാംപ്ടനിൽ നിന്ന് ബോർഡ് ചെയ്തപ്പോഴും കൊട്ടാരത്തിൽ നിന്ന് സാന്നിധ്യം ഉണ്ടായിരുന്നു. 

കൊച്ചിയിലെ ഒരു ദിനം...

കഴിഞ്ഞ വർഷവും ക്വീൻ മേരി കൊച്ചിയിൽ എത്തിയപ്പോൾ ഞാൻ കപ്പലിൽ ഉണ്ടായിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് ഏതാണ്ട് 3 വരെയാണ് കൊച്ചിയിലെ ഞങ്ങളുടെ സമയം. ആ സമയത്ത് ഇതിലെ യാത്രക്കാർക്ക് ഇറങ്ങുന്ന രാജ്യത്തെ ടൂർ പാക്കേജുകൾ ആസ്വദിക്കാം. കൊച്ചിയിൽ എത്തിയാൽ, ആലപ്പുഴ, വൈക്കം, ഫൊർട്ട് കൊച്ചി തുടങ്ങി അവരവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് പോകാൻ കഴിയും. നമ്മുടെ കമ്പനി തന്നെയാണ് ആ സൗകര്യവും ചെന്നിറങ്ങുന്ന രാജ്യത്ത് ഏർപ്പാടാക്കുന്നത്. നമ്മൾ ഇവിടെ വരുമ്പോൾ, കസ്റ്റംസ് മുതൽ ഇമ്മിഗ്രേഷൻ വിഭാഗത്തിലെ സർക്കാർ പ്രതിനിധികൾ ഉണ്ടാകും. മാത്രമല്ല ടൂർ പാക്കേജ് എടുക്കുമ്പോൾ ആൾക്കാരുടെ സുരക്ഷ നോക്കാനായി ലോക്കൽ നേതാക്കന്മാരുടെ ഒക്കെ സഹകരണങ്ങൾ ആവശ്യപ്പെടാറുണ്ട്. 

ഞാൻ ഇടപ്പള്ളി ആണെങ്കിലും ഇത്തവണ വീട്ടിൽ പോയില്ല. ബോർഡ് സമയത്ത് അമ്മയും അച്ഛനും ഇവിടെ വന്നിട്ടുണ്ട്. മാത്രമല്ല ഞങ്ങൾ പോകുന്നതു വരെ അവർക്ക് കപ്പൽ വിസിറ്റ് ചെയ്യാനുള്ള അനുമതിയും ഉണ്ട്. അതിനാൽ അവർ എന്റെ ഒപ്പം ഉണ്ട്.