വേനൽമഴയുടെ ആരവങ്ങളിലേക്ക്, മാമ്പഴക്കാലങ്ങളിലേക്ക്...

Representative Image

വേനൽ മഴയുടെ ആരവങ്ങൾ ഒഴിയുന്നില്ല. മഴ ചൂടോട്ടു കൊണ്ട് പോകുന്നുമില്ല. മധുരമില്ലാത്ത നാട്ടു മാങ്ങകൾ സാക്ഷി , വിടരാൻ വൈകുന്ന പൂമൊട്ടുകൾ സാക്ഷി.  വേനൽ മഴയ്ക്ക് വല്ലാത്തൊരു ഭംഗിയുണ്ട് എന്തൊക്കെ പറഞ്ഞാലും. വെയില് കൊണ്ട് വിണ്ടിരിയ്ക്കുന്ന പുല്ലു പോലും മുളയ്ക്കാത്ത നട്ട വെയിലിന്റെ മൂപ്പിലെയ്ക്ക് , ഒരു തുള്ളി വീഴുമ്പോൾ വീഴുന്നതിനു മുൻപ് ഉയിരെടുക്കും. മഴയുടെ ഈറൻ ഗന്ധം വരണമെങ്കിൽ ഏറെ നേരം മണ്ണിന്റെ മുഖത്തേയ്ക്ക് മഴയ്ക്ക് എല്ലാം മറന്നു പെയ്തു കൊടുക്കേണ്ടി വരും. അപ്പോഴും അമ്മയുടെ മുലപ്പാൽ കുടിച്ചു വയറു നിറയാതെ പരിഭവിച്ചു കരയുന്ന കുഞ്ഞിന്റെ മുഖം പോലെ മണ്ണ് ചിണുങ്ങും. കുറച്ചു കൂടി പെയ്യൂ...തണുപ്പിക്കൂ, എന്നിൽ നിൽക്കുന്ന മരങ്ങൾക്കും മണ്ണിനും ഒരു തുള്ളി ജലംനൽകണമെങ്കിൽ മഴക്കനിവ് വേണം. ജീവൻ നിലനിർത്താൻ വെള്ളം വേണം.. കുറച്ചു കൂടി കനിയൂ...

ഓരോ വർഷവും വേനൽ ചുട്ടു പഴുക്കുന്നു. പഴുത്ത ലോഹദണ്ഡിലേയ്ക്ക് ഒരു തുള്ളി വീഴുമ്പോഴുള്ള അനുഭൂതിയുടെ ദൂരമേയുള്ളൂ ഇപ്പോഴത്തെ വേനൽ മഴയ്ക്കും. ഉഷ്ണത്തിന്റെ മാപിനികൾ ശരീരത്തിൽ നിന്ന് ഇളകി നൃത്തം ചെയ്യുന്നു. ഒന്ന് മഴ നനയാമെന്നു വച്ചാൽ ഒന്ന് കുളിര്‍ന്നു വരുമ്പോഴേയ്ക്കും ഓടി വന്നു ഒരു ഉമ്മ വച്ചിട്ടെന്ന പോലെ മഴ കൊതിപ്പിച്ചിട്ട്‌ ഓടിപ്പോവുകയും ചെയ്യും. ബാക്കി അവശേഷിയ്ക്കുന്നത് പാതി നനഞ്ഞു മറുപാതിയിൽ വേനൽ ഉരുക്കി ഒഴുക്കുന്ന ശരീരം മാത്രവും.

ഒരു വേനൽ മഴയുടെ കാറ്റിൽ അടർന്നു വീഴുന്ന എത്രയോ നാട്ടു മാങ്ങകളുണ്ടായിരുന്നു. മഴ കൊള്ളാതെ വീടിന്റെ തിണ്ണകളിൽ സ്ഥാനം പിടിച്ച കുറെ കുട്ടി കൂട്ടങ്ങളും ഉണ്ടായിരുന്നുവല്ലോ. ആദ്യത്തെ മാങ്ങയ്ക്കായി ഓടുന്ന ബാല്യത്തിനു എന്ത് ഭംഗിയാണ്. ഇപ്പോൾ മുറ്റത്ത്‌ കിടന്നാലും കാണാതെ തിരക്ക് പിടിച്ചു ഓടുമ്പോൾ ബാല്യം നഷ്ടപ്പെടുന്ന കുട്ടികളായി നാമൊക്കെ മാറുന്നുണ്ട്. ആദ്യ മാങ്ങയ്ക്കായി മാത്രമല്ല കാറ്റടിയ്ക്കുമ്പോൾ ഒന്നിച്ചു കൂടുന്ന കൂട്ടങ്ങളിൽ ഒരാൾക്ക്‌ പോലും മാമ്പഴം കൊടുക്കാതെ മാവും കാറ്റും അടങ്ങിയിരിക്കില്ല. ചര് പിരേ എന്ന് വീണു കൊണ്ടേയിരിക്കും. അപ്പോഴേയ്ക്കും ആദ്യം കിട്ടിയവർ അത് കഴിച്ചു മാങ്ങാണ്ടിയ്ക്ക് മറ്റുള്ളവരെ കൂട്ടും വിളിച്ചിരിയ്ക്കും. മാമ്പഴം കഴിക്കുന്നവർ പേര് വിളിച്ചാൽ വിളി കേൾക്കാൻ നില്ക്കരുതെന്നു കുട്ടികൾക്കിടയിൽ ഒരു ചൊല്ല് തന്നെയുണ്ടായിരുന്നു. ഒന്നിനുമല്ല മാങ്ങായണ്ടിയ്ക്ക് കൂട്ട് പോകാൻ വിളി കേൾക്കേണ്ടി വരുന്നവരുടെ അവസ്ഥ അത്ര ഭീകരമായിരുന്നു. കളിയാക്കി കൊല്ലും. എന്നിരുന്നാലും ഒന്നും വക വയ്ക്കാതെ മാമ്പഴവും വേനൽ മഴയും ഒന്നിച്ചു കൊണ്ടും നനഞ്ഞും, ബാല്യം കഴിഞ്ഞു പോകുന്നു.

മാനം കറുക്കുമ്പോൾ തെല്ലു പേടിയുമാണിപ്പോൾ. ഉരുകി ഇരിക്കുന്ന ശരീരത്തിലേയ്ക്ക് ഇനിയും പെയ്യാത്ത മഴയുടെ നോവ്‌ അലിഞ്ഞിറങ്ങി വരുമല്ലോ എന്നോർത്ത്. പെയ്താൽ നന്നായി പെയ്യണേ എന്നുള്ള പ്രാർത്ഥന. മാനം നോക്കിയുള്ള കാത്തിരിപ്പിനൊടുവിൽ മഴപ്പൊട്ടുകൾ വീണു തുടങ്ങുമ്പോൾ മുറ്റത്ത്‌ നില്ക്കുന്ന മരങ്ങളിലെയ്ക്ക് പാളിയൊരു നോട്ടം. വാടി തളർന്നു നില്‍ക്കുന്ന ചെമ്പകവും, കണിക്കൊന്നയും ഇലഞ്ഞിയും ഇലകളിൽ തണുപ്പ് പടരാൻ കാത്തു മിടിപ്പോടെ അവർ ഇരിക്കുന്നത് അറിയാം. വേനൽ ചൂടിന്റെ കടുപ്പം കുറയ്ക്കാൻ ആയി തന്നെയാണ്, പറമ്പിലെ 7 വർഷമായ റബ്ബർ മരങ്ങളെ മൂടോടെ പിഴുതു മാറ്റി മറ്റു മരങ്ങൾ വച്ച് പിടിപ്പിച്ചത്. എന്നിട്ടും മാസങ്ങള എടുത്തു തരിശായിപ്പോയ മണ്ണ് ഒന്ന് മരങ്ങളെ സ്നേഹിച്ചു തുടങ്ങാൻ. വേനലിന്റെ ചൂടിൽ വേര് പിടിയ്ക്കാതെ, ആകെയുള്ള ഇതിനി കിണറു വെള്ളം തീരുന്നതിന്റെ നോവിൽ കണ്ണ് നിറഞ്ഞു വന്നപ്പോൾ കവിളുകളെ നനയിച്ചത് മഴ തുള്ളികളെന്നറിഞ്ഞപ്പോൾ ആശ്ചര്യപ്പെട്ടു പോയിട്ടുണ്ട്. പ്രകൃതിയ്ക്ക് അനുകൂലമായി ചിന്തിയ്ക്കുമ്പോൾ അവളും അനുകൂലമാകുന്ന ശാസ്ത്രം ഒരു പുസ്തകത്തിലും ഉണ്ടാകില്ലല്ലോ, ഒരു ശാസ്ത്രവും അത് പഠിപ്പിക്കില്ലല്ലോ. അനുഭവിച്ചറിയുന്ന അനുഭൂതികൾ മാത്രമാണത്. 

വേനൽ മഴയ്ക്കാവും ഒരുപക്ഷേ വർഷകാലത്തെക്കാൾ ആനന്ദം തരാൻ കഴിയുക. അത്രമാത്രം കാത്തിരിപ്പ്‌ ഓരോ വേനൽ മഴയ്ക്കും മുകളിൽ ഉണ്ട്, അത്രമാത്രം പ്രാർത്ഥനകൾ ഓരോ മഴതുള്ളിയിലുമുണ്ട്. പെയ്യുമ്പോൾ അത് കൈവെള്ളയിൽ വച്ച് പ്രണയ ജാലങ്ങളുണ്ട്. ഇലകളുടെ മുകളിലേയ്ക്ക് പെയ്യുമ്പോൾ കോരിത്തരിയ്ക്കലുകളുണ്ട്. ആ മഴയുടെ ഒരു ഭാഗമായാൽ , ഒരു മരമോ ചെടിയോ എങ്കിലും വേനൽ നടുമ്പോൾ തൊട്ടറിയാം, ആ കൊരിത്തരിപ്പിന്റെ സംഗീതം. സന്തോഷത്തിന്റെ കരച്ചിലുകൾ. മഴ ഇനിയും പെയ്യട്ടെ. മൂടി പൊതിഞ്ഞു വന്നു മോഹിപ്പിച്ചു പോയല്ല, ഭ്രാന്തമായ മോഹത്തോടെ വന്ന് ഉലഞ്ഞു പെയ്തു സർവ്വ ഉഷ്ണങ്ങളെയും എടുത്തു കൊണ്ട് പോകട്ടെ...