ഇതാണ് പുരുഷനും സ്ത്രീയും, ജീവിതം ഇതാണ്!

പുരുഷനും സ്ത്രീയും ഏറ്റവുമധികം സൗഹൃദങ്ങളും സമൂഹത്തോടെ കൂടുതൽ ഇടപെടലും നടത്തുന്ന പ്രായം ഏതായിരിക്കും?

പുരുഷൻ ഏറ്റവുമധികം സൗഹൃദങ്ങളും സമൂഹവുമായി കൂടുതൽ ഇടപെടലും നടത്തുന്ന പ്രായം ഏതായിരിക്കും? ഏതാണ്ട് 30 വയസ്സ് വരെ എല്ലാ രീതിയിലും പുരുഷൻ എക്സ്പ്ലോർ ചെയ്യുന്ന സമയം തന്നെയാണ്. എന്നാൽ പുരുഷന്റെ പ്രായത്തിനു സമാനമായി 25 വയസ്സാകുന്നവരെ സ്ത്രീകളുടെ ലോകമോ വളരെയധികം ചുരുങ്ങിയിരിക്കും.

വീട്, പഠനം, വളരെ ഒതുങ്ങിയ സൗഹൃദങ്ങൾ എന്നിവയിൽ സംതൃപ്തി കണ്ടെത്താൻ അവൾക്ക് കഴിയുന്നു. എന്നാൽ 30 വയസിനു ശേഷം രണ്ടു പേരും ഇതുവരെ ഉണ്ടായിരുന്നില്ലാത്ത അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത് . ഗവേഷണം നടത്തിയത് ഫിൻലാൻഡ് യൂണിവെഴ്സിറ്റിയിലെ ഗവേഷകൻ ഇന്ത്യൻ വംശജനായ കുനാൽ ഭട്ടാചാര്യയാണ്.

ബന്ധങ്ങളോടുള്ള മുൻധാരണകൾ പലപ്പോഴും വിവാഹ ജീവിതത്തോടെയാണ് ആണിനും പെണ്ണിനും മാറുക എന്ന് അദ്ദേഹം പറയുന്നു. 30 വയസ്സ് കഴിയുന്നതോടെ പുരുഷൻ കൂടുതൽ കുടുംബത്തിലേയ്ക്ക് പരമാവധി ഒതുങ്ങാൻ ആഗ്രഹിക്കുന്നു. ജോലി, ഭാര്യ, കുട്ടികൾ, വീട് എന്നീ ഘടകങ്ങൾ പുരുഷന്റെ ലോകം മാറ്റി മറിക്കുന്നു. എന്നാൽ വിവാഹിതയാകുന്നതോടെ സ്ത്രീയുടെ ലോകം കുറച്ചു കൂടി വിശാലമാവുകയാണ്. ഭർത്താവിന്റെ കുടുംബം അവളുടേതും ആയി മാറ്റപ്പെടുന്നു.

രണ്ടു അമ്മമാർ, അച്ഛന്മാർ, സഹോദരീ, സഹോദരന്മാർ തുടങ്ങി ഭർത്താവിന്റെ സുഹൃത്തുക്കൾ പോലും അവളുടെ ലോകത്തിലേക്ക് എത്തിപ്പെടുന്നു. വീട്ടിലെ ഭാരത്തിന്റെ സങ്കടങ്ങൾ ഒതുക്കി വയ്ക്കാൻ ജോലിയിടങ്ങളിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവൾക്ക് കഴിയുന്നു. ആൺ-പെൺ ഭേദമില്ലാതെ അവളുടെ ലോകം വലുതാകുന്നത് വിവാഹത്തോടെയാണ്.

എന്നാൽ പഴയത് പോലെയല്ല ഇപ്പോൾ അവൾക്ക്, ബന്ധങ്ങളുടെ ആഴവും വിലയും നന്നായി അറിയാം. പുരുഷ സുഹൃത്തിനെ ഏതു അതിരിൽ നിർത്തണമെന്ന് വരെ അവൾക്ക് അപ്പോൾ നന്നായി അറിയാം. എന്നാൽ വിവാഹത്തിന് തൊട്ടുമുൻപ് വരെ അവൾ കണ്ടെത്തുന്ന, കാണുന്ന സൗഹൃദങ്ങളിൽ പ്രണയമായിരുന്നു കൂടുതലും തിരഞ്ഞിരുന്നത്.

എന്നാൽ പുരുഷന്റെ ഈ ഒതുങ്ങിക്കൂടൽ 40 വയസ്സ് വരെ മാത്രമേയുള്ളൂ. ജീവിതം ഒരു കരപിടിപ്പിക്കാനുള്ള ഓട്ടം ഏതാണ്ട് 40 വയസ്സ് ആകുന്നതോടെ പൂർണമാകും. ജീവിതം ഒരു കരയിൽ എത്തിച്ചു കഴിഞ്ഞാൽ പിന്നെയും സന്തോഷങ്ങൾക്കായുള്ള ഓട്ടമാണ്. 40 കഴിയുന്നതോടെ പുരുഷൻ വീണ്ടും പഴയത് പോലെ സൗഹൃദങ്ങളിൽ ആനന്ദം കണ്ടെത്തി തുടങ്ങും. അവന്റെ ലോകം വലുതായി തുടങ്ങും. ഒരുപക്ഷേ പഴയതിനേക്കാൾ കൂടുതൽ സമൂഹത്തോടും സുഹൃത്തുക്കളോടും അവൻ ഇടപെടാൻ തുടങ്ങുന്നത് 40 വയസ്സിനു ശേഷമായിരിക്കും.

സ്ത്രീകളും പുരുഷന്മാരും ഈ പ്രായത്തിൽ ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെയാണ്. പക്ഷേ സ്ത്രീകൾ കുറച്ചു കൂടി ഒതുങ്ങി കൂടുന്നു. കാരണം കുട്ടികളുടെ പഠനം എന്ന നിലയിലേക്ക് മിക്കപ്പോഴും അവർക്ക് ഒതുങ്ങേണ്ടതായി വരാം. ചിലർക്ക് സൗഹൃദങ്ങൾ ചുരുങ്ങി കുട്ടികളിലേയ്ക്ക് മാത്രമായി പോകാനും മതി.

എന്നാൽ ഈ അവസ്ഥ തുടരുന്നത് 60 വയസ്സ് വരെയാണ്. ജീവിതത്തിന്റെ മധ്യവസ്സും പിന്നിട്ടു കഴിഞ്ഞാൽ പുരുഷൻ വീണ്ടും സമൂഹത്തിൽ ഒറ്റപ്പെട്ടു തുടങ്ങുന്നു. സ്ത്രീകൾക്ക് കുട്ടികൾ എന്ന കേന്ദ്രത്തിൽ വട്ടം ചുറ്റാൻ മോഹം ഇപ്പോഴും ഉണ്ടെങ്കിൽ ആ പ്രായത്തിൽ പുരുഷൻ വട്ടം വയ്ക്കാൻ ആഗ്രഹിക്കുന്നത് അവന്റെ ഭാര്യയുടെ സ്നേഹത്തിനു ചുറ്റുമായിരിക്കും. എന്നാൽ കുട്ടികൾ എന്ന പേരിൽ പല ഭാര്യമാരും ഒതുങ്ങി പോകുന്നു. ഭർത്താവിന്റെ സ്നേഹത്തെ മനസ്സിലാക്കാതെയും ഒറ്റപ്പെടലിനെ തിരിച്ചറിയാതെയും പോകുന്നു. ഇത് തീർത്തും പുരുഷനെ സമൂഹത്തിൽ ഒറ്റയാനാക്കുകയും ചെയ്യുന്നു. വയസ്സാകുന്നതിലുള്ള വിഷമവും, മനസ്സ് വിചാരിക്കുന്നിടത്ത് ശരീരം എത്താത്തതിലുള്ള സങ്കടവും വര്ദ്ധിച്ചു വരുന്ന അസുഖങ്ങളും അവനെ ദേഷ്യം പിടിപ്പിക്കും.

നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം കൃത്യമായി പഠിച്ച ശേഷമാണ് ഭട്ടാചാര്യ ഇത്തരം നിഗമനത്തിൽ എത്തിച്ചേർന്നത്.