ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ മുഖം കാണിച്ച നർത്തകി ഇന്ന് ദാരിദ്ര്യച്ചുഴിയിൽ

താരാ ബാൽഗോപാൽ

ഒരുകാലത്ത് ഇന്ത്യയുടെ അഭിമാന താരമായിരുന്ന നർത്തകി, കുച്ചിപ്പുടി, ഭരതനാട്യം, കഥകളി തുടങ്ങിയ കലാരൂപങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരിയുടെ പേര് താരാ ബാൽഗോപാൽ. താരയുടെ അർപ്പണ ബോധവും സംഭാവനയും കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ പോസ്റ്റൽ സ്റ്റാമ്പു വരെ താരയുടെ പേരിലിറക്കിയ കാലമുണ്ടായിരുന്നു. പക്ഷേ കാലങ്ങൾക്കിപ്പുറം വാർധക്യം വാതിൽപ്പുറത്തെത്തിയപ്പോഴേയ്ക്കും താരയുടെ വിധിയും മാറ്റിയെഴുതപ്പെട്ടിരുന്നു. എൺപതുകാരിയായ താര ഇന്നു പൂർണ ദാരിദ്ര്യത്തിലാണ്.. കാരുണ്യ മനസുകൾ ഉള്ളതുെകാണ്ടു മാത്രം ജീവിതം തള്ളി നീക്കുന്നു.

താരാ ബാൽഗോപാൽ

ഡൽഹിയിൽ താരയുടെ അയൽക്കാർക്ക് അവര്‍ വെറുെമാരു മദ്രാസി സ്ത്രീ മാത്രമാണ്. 1960ൽ പാർലമെന്റിലെ പരിപാടിയ്ക്കു പിന്നാലെ 1962ലാണ് താരയുടെ ചിത്രം പോസ്റ്റൽ സ്റ്റാമ്പിൽ അടിച്ചിറക്കുന്നത്. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രാജ്ഥാനി കോളേജിൽ ഇംഗ്ലീഷ് റീഡർ പദവിയും താര വഹിച്ചിരുന്നു. 1963ൽ ആൾ ഇന്ത്യാ റേഡിയോ വഴി യുജി കോഴ്സുകൾ സംഘടിപ്പിച്ച ആദ്യ അധ്യാപികയും താരയായിരുന്നു.

താരാ ബാൽഗോപാലിന്റെ പേരിൽ പുറത്തിറങ്ങിയ സ്റ്റാമ്പ്

വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തനിക്കു കിട്ടേണ്ട ആനുകൂല്യങ്ങൾക്കായി നിയമപോരാട്ടം നടത്തുകയാണ് താരയിന്ന്. രാജ്യത്തിന്റെ അഭിമാന താരമായ കലാകാരിയ്ക്കു മുന്നിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും താരയുടെ പരാതികൾ കേൾക്കാനില്ല. പുരസ്കാരങ്ങള്‍ക്കും അവാർഡ് കൂമ്പാരങ്ങൾക്കും ഇടയിൽ അന്നന്നത്തെ ജീവിതം തള്ളിനീക്കാൻ കഷ്പ്പെടുമ്പോൾ താരയ്ക്ക് ആശ്വാസമാകുന്നത് സുവർണ നാളുകളിലെ ഓർമ്മകൾ മാത്രമാണ്