ഇതുപോലൊരു ഏട്ടനെ ആരാണ് ആഗ്രഹിക്കാത്തത്, കുഞ്ഞനുജത്തിക്ക് അച്ഛനായി ഒരാങ്ങള‌

നൂറും സഹോദരന്‍ മുഹമ്മദ് ഹാഷറും

നിർവചനാതീതമാണ് ആങ്ങള–പെങ്ങൾ ബന്ധം. അനുജത്തിയുടെ കണ്ണൊന്നു കലങ്ങിയാൽ ഉള്ളാലെ വിങ്ങുന്ന, കാലൊന്നിടറും മുമ്പെ അവളെ ചേർത്തു പിടിക്കുന്ന ആങ്ങളമാർ അനുഗ്രഹമാണ്. മിഷിഗൺ സ്വദേശിയായ ആറു വയസുകാരി നൂറിനും അവളുടെ ആങ്ങള ജീവന്റെ ജീവനാണ്. കാരണം അച്ഛന്റെ വാത്സല്യം കിട്ടാത്ത നൂറിനെ അച്ഛനെപ്പോലെ സ്നേഹിക്കുന്നത് അവളുടെ സഹോദരൻ മുഹമ്മദ് ഹാഷർ ആണ്. കുഞ്ഞനുജത്തി നൂറും സ്നേഹം കൊണ്ടു മൂടുന്ന സഹോദരൻ മുഹമ്മദും ഇന്ന് സമൂഹമാധ്യമത്തിൽ താരങ്ങളായിരിക്കുകയാണ്. അതിനെല്ലാം കാരണമായതോ മുഹമ്മദിന്റെ ഒടു ട്വീറ്റും.

കൊച്ചുനൂർ വിഷമത്തോടെ ഇരിക്കുന്നതു കണ്ടപ്പോൾ അമ്മ സാദിയ കാര്യം എന്താണെന്നു തിരക്കുകയായിരുന്നു. മറ്റൊന്നുമല്ല അന്നു നൂറിന്റെ സ്കൂളിൽ ഫാദർ–ഡോട്ടർ ഡാൻസ് നടക്കുന്ന രാത്രിയായിരുന്നു. പക്ഷേ സാദിയയും ഭർത്താവും വിവാഹ മോചിതരായതിനാൽ നൂറിന് തന്റെ അച്ഛനെ കൊണ്ടുവരാനും കഴിയില്ല. നൂറിന്റെ ആ വിഷമം എല്ലാം മാറ്റിയതോ സഹോദരൻ മുഹമ്മദും. പതിനേഴുകാരനായ താൻ നൂറിനൊപ്പം ഫാദർ‍– ഡോട്ടർ ഡാൻസിനെത്താം എന്നു പറഞ്ഞു സഹോദരിയെ ആശ്വസിപ്പിച്ചു. തുടർന്ന് മുഹമ്മദ് നൂറിനൊപ്പമുള്ള ഫോട്ടോകളിട്ടു ചെയ്ത ട്വീറ്റ് ആണ് വൈറലായത്.

നൂറും സഹോദരന്‍ മുഹമ്മദ് ഹാഷറും

എന്റെ കുഞ്ഞു സഹോദരിക്കൊപ്പം അവളുടെ ആദ്യത്തെ ഡാഡി ഡോട്ടർ ഡാൻസിനു പങ്കെടുക്കുകയാണെന്നും നിനക്ക് അച്ഛനില്ല പക്ഷേ ഞാനെന്നും കൂടെയുണ്ടാകുമെന്നുമാണ് മുഹമ്മദിന്റെ ട്വീറ്റ്. വിവാഹ മോചനത്തോടെ അച്ഛന്‍ തങ്ങളോടു മിണ്ടാറോ ബന്ധം സ്ഥാപിക്കാറോ ഇല്ല, അതുകൊണ്ടു തന്നെ അവള്‍ക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ പറ്റില്ലെന്ന വിഷമമായിരുന്നു. എന്നാൽ അച്ഛനു പകരം താൻ എത്താം എന്നു പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നു കാണണമായിരുന്നു, ക്യൂട്ട് ആയ നൂർ സന്തോഷം കൊണ്ടു വീട്ടും സുന്ദരിയായി.– മുഹമ്മദ് പറഞ്ഞു.

ആ പരിപാടിയിൽ ഏറ്റവും സുന്ദരിയായെത്തണം തന്റെ നൂർ എ​ന്നു നിർബന്ധമുണ്ടായിരുന്നു മുഹമ്മദിന്. അതിനായി പുത്തൻ ഡ്രസും സോക്സും ഷൂവുമെല്ലാം വാങ്ങി സലൂണിൽ പോയി അവളുടെ മുടിയും മനോഹരമായി വെട്ടിച്ചു. ശേഷം ഫാദർ ഡോട്ട‌ർ ഡാൻസിൽ ആ സഹോദരനും സഹോദരിയും അസലായി പെർഫോം ചെയ്യുകയും ചെയ്തു. ഡാൻസ് കഴിഞ്ഞതോടെ ബെസ്റ്റ് ഡാഡിനുള്ള ടെറ്റിലും മുഹമ്മദ് നേടി. നൂറിനും അവളുടെ സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിച്ച ആ ദിനം ഒരിക്കലും മറക്കാനാവില്ലെന്നു പറയുന്നു മുഹമ്മദ്. തന്റെ സഹോദരിക്ക് എന്താവശ്യം വന്നാലും താൻ അരികിലുണ്ടാകുമെന്നും ഉറപ്പു നൽകുന്നു മുഹമ്മദ്.

പോസ്റ്റു കണ്ട പലരും മുഹമ്മദിനെപ്പോലെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് റീട്വീറ്റ് ചെയ്യുന്നത്. സംഗതി ഇത്രയ്ക്കു ഹിറ്റാകുമെന്ന് മുഹമ്മദും കരുതിയില്ല. വളർന്നു വലുതായാലും സഹോദരിയെ പൊന്നുപോലെ നോക്കണമെന്നും ഇതുപോലുള്ള സഹോദരന്മാർ ഓരോ അനുജത്തിമാർക്കും അനുഗ്രഹമാണെന്നും പോകുന്നു കമന്റുകൾ.