പ്രിയപ്പെട്ട ക്രിസ്മസ് പപ്പായെക്കണ്ടു, പക്ഷേ അവസാന ആഗ്രഹം ബാക്കിയാക്കി അവൻ യാത്രയായി

ചുവന്നു തുടുത്ത കവിൾ, തിളങ്ങുന്ന കണ്ണുകൾ, ആറടി പൊക്കം, നല്ല മഞ്ഞിന്റെ നിറമുള്ള മിനുസമുള്ള താടിയും മീശയും ഒറ്റ നോട്ടത്തിൽ യഥാർത്ഥ ക്രിസ്തുമസ് പപ്പയെപ്പോലും വെല്ലുന്ന ആകാരഭംഗി, ഇവയെല്ലാമായിരുന്നു എറിക്കിന്റേത്

ക്രിസ്മസിന്റെ ആഗമനം വിളിച്ചോതുന്ന കാരൾ ഗാനങ്ങൾ, നക്ഷത്രവിളക്കുകൾ, പുൽക്കൂടുകൾ, ഇവയെല്ലാം ഡിസംബർ മാസത്തിൽ വളരെ സാധാരണമാണെങ്കിലും എറിക് ഷിമിറ്റ് എന്ന യുഎസിലെ നൊക്സ് വില്ലെ നഗരവാസിയായ ഈ 60 കാരനു വളരെ പ്രത്യേകതയുള്ള മാസമാണിത്. സാന്താക്ലോസിന്റെ വേഷവും ധരിച്ച് പ്രത്യാശയുടെയും പ്രതീക്ഷയുടെയും ദൂതുമായി ഓരോ വാതിലും മുട്ടി വിളിക്കുമ്പോൾ ഒരു വൈമനസ്യവുമില്ല അദ്ദേഹത്തിന്. സന്തോഷത്തിന്റെ നിമിഷങ്ങൾ എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ സമ്മാനിക്കുന്ന ഈ ക്രിസ്മസ് പപ്പായുടെ ജീവിതത്തിൽ രണ്ടാഴ്ചകൾക്കു മുമ്പാണ് ആ ദുരന്തം സംഭവിച്ചത് - താൻ നെഞ്ചോടു ചേർത്തു പിടിച്ച ആ അഞ്ചുവയസ്സുകാരന്റെ മരണം.

മെക്കാനിക്കൽ എഞ്ചിനീയറും, പാക്കീം സീൽസ് ആന്റ് എഞ്ചിനീയറിംഗ് ജാക്ക്ബൊറ്റായുടെ പ്രസിഡന്റുമായ എറിക്കെന്ന അറുപതു വയസ്സുകാരന് ക്രിസ്മസ് കാലം തിരക്കുകളുടേത് കൂടിയാണ്. സാന്താക്ലോസിന്റെ വേഷവും ധരിച്ച് തലയെടുപ്പോടെ വിലസുകയാണിദ്ദേഹത്തിന്റെ പ്രധാന വിനോദം. ക്രിസ്മസ് കാലത്ത് ഏകദേശം എൺപതിൽ കുറയാത്ത വേദികളാണ് ഈ പപ്പയുടെ വരവിനായി കാത്തിരിക്കുന്നത്. ചുവന്നു തുടുത്ത കവിൾ, തിളങ്ങുന്ന കണ്ണുകൾ, ആറടി പൊക്കം, നല്ല മഞ്ഞിന്റെ നിറമുള്ള മിനുസമുള്ള താടിയും മീശയും ഒറ്റ നോട്ടത്തിൽ യഥാർത്ഥ ക്രിസ്തുമസ് പപ്പയെപ്പോലും വെല്ലുന്ന ആകാരഭംഗി, ഇവയെല്ലാമായിരുന്നു എറിക്കിന്റേത്.

ഒരിക്കലും മറക്കില്ല പൊന്നേ നിന്നെ...

രണ്ടാഴ്ചകൾക്കു മുമ്പായിരുന്നു ഒരു ലോക്കൽ ആശുപത്രിയിൽ നിന്നും എറിക്കിനെ തന്റെ സുഹൃത്തായ നഴ്സ് വിളിക്കുന്നത്. ‘എത്രയും വേഗം താങ്കൾ ഈ ആശുപത്രിയിൽ എത്തിച്ചേരണം മരണത്തോടു മല്ലിട്ടു കിടക്കുന്ന ഒരു അഞ്ചുവയസ്സുകാരനു വേണ്ടിയാണ്’. ഇത്രയും മാത്രമായിരുന്നു എറിക്കിനോട് ഫോണിൽ അവള്‍ പറഞ്ഞത്. തന്റെ കുപ്പായം തിടുക്കത്തിൽ ധരിച്ചുകൊണ്ട് അദ്ദേഹം പതിനഞ്ചുനിമിഷത്തിനകം ആ ആശുപത്രിയിലെത്തി. തന്റെ വരവും കാത്തു നിന്ന നഴ്സ് അദ്ദേഹത്തെ വേഗം ആ അഞ്ചുവയസ്സുകാരന്റെ അടുക്കലേക്കു കൊണ്ടു പോയി. അവന്റെയേറ്റവും വലിയ ആഗ്രഹമാണത്രേ ക്രിസ്തുമസ് പപ്പയെ കാണണമെന്നത്.

ആശുപത്രിയില്‍ തളർന്നു വാടിയ ചേമ്പിൻ താളുപോലെയുള്ള അഞ്ചു വയസ്സുകാരന്റെ ഊർജവും പ്രസരിപ്പും കാർന്നു തിന്ന രോഗത്തെയോർത്ത് മനസ്താപപ്പെട്ട എറിക്ക് അവന്റെ കിടക്കയ്ക്കരികിലെത്തി. ശബ്ദം കേട്ടു തന്റെ കുഞ്ഞിക്കണ്ണുകൾ തുറന്ന അവൻ വളരെ സന്തോഷവാനായി. നല്ല ആരോഗ്യമുണ്ടായിരുന്നെങ്കിൽ തന്റെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ ആഹ്ലാദത്തിൽ ചാടിയെഴുന്നേറ്റ് ക്രിസ്തുമസ് പപ്പയെ അവൻ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുമായിരുന്നു. അത്ര സന്തോഷമായിരുന്നു അവൻ പ്രകടിപ്പിച്ചത്. ‘നിന്നോടാരാണ് പറഞ്ഞത് നിനക്കീ ക്രിസ്മസ് കാലം നഷ്ടപ്പെടുമെന്ന്? ഞാനാവിവരം അറിഞ്ഞിരിക്കുന്നു’ എറിക്ക് കുട്ടിയോട് ചോദിച്ചപ്പോൾ അവന്റെ മറുപടി ‘എല്ലാവരും പറഞ്ഞു ഞാൻ മരണാസന്നനാണ്. വേഗം സ്വർഗ്ഗത്തിൽ പോകുമെന്ന്’ അവന്റെ ഹൃദയത്തിൽ തട്ടുന്ന നിഷ്കളങ്കമായ മറുപടി കേട്ട എറിക്ക് അവന്റെ അമ്മ തന്നെ ഏൽപ്പിച്ച ആ സമ്മാന പൊതി അവനെയേൽപിച്ചു.

സമ്മാനങ്ങൾ ഒത്തിരി ഇഷ്ടമായിരുന്ന അവന് ആ പൊതി തുറന്നു നോക്കുവാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല. ക്രിസ്തുമസ് പപ്പാ കൊടുത്ത സമ്മാനം തന്റെ നെഞ്ചോടു ചേർത്തു പിടിച്ചിട്ടവൻ ചോദിച്ചു, ‘എനിക്കീ ക്രിസ്തുമസ് ആഘോഷിക്കാൻ സാധിക്കുമോ? ആ കുഞ്ഞു ജീവനെയോർത്ത് എറിക്ക് ദുഃഖിതനായെങ്കിലും മുഖത്തു പ്രകടിപ്പിക്കാതെ അദ്ദേഹം പറഞ്ഞു - ‘നീയെന്റെ ഏറ്റവുമടുത്ത സുഹൃത്തല്ലേ കുഞ്ഞേ പിന്നെങ്ങനെയാണ് നിനക്ക് ക്രിസ്തുമസ് നഷ്ടമാകുന്നത്? ‘ശരിക്കും’ അവൻ ചോദിച്ചു. അതേയെന്നുറപ്പു കൊടുത്തു കൊണ്ട് എറിക്ക് ആ പിഞ്ചോമനയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. അപ്പോൾ വന്നു ആ കുസൃതിക്കാരന്റെയടുത്ത ചോദ്യം ‘എങ്കിൽ എന്റെയൊരാഗ്രഹം സാധിച്ചു തരുമോ? അവനിഷ്ടമുള്ളതെന്നും ചോദിച്ചു കൊള്ളുവാൻ എറിക്ക് ആ ബാലനോട് പറഞ്ഞു. എന്നാൽ അത് അവന്റെ അവസാനത്തെ ചോദ്യമായിരുന്നു. അവൻ പിന്നീട് ശബ്ദിച്ചില്ല. തന്റെ അവസാന ആഗ്രഹം എറിക്കിനോടു പറയാതെ നിത്യതയുടെ ലോകത്തേക്ക് അവൻ യാത്രയായി. ഒരു നടുക്കത്തോടെ അവന്റെ വിയോഗം മനസ്സിലാക്കിയ എറിക്ക് അവനെ തന്റെ മാറോടമർത്തിപ്പിടിച്ചു വിതുമ്പി. നിലവിളിച്ചോടിയെത്തിയ അമ്മ കണ്ടത് ധൃതിയിൽ തന്റെ മകന്റെ മുറിയിൽ നിന്നും കണ്ണുനീർ വാർത്തു കൊണ്ടോടുന്ന എറിക്കിനെയാണ്.

ആ ദിവസത്തിനു ശേഷം എറിക്ക് തനിക്കു ലഭിച്ച അവസരങ്ങളെല്ലാം നിരസിച്ചു. ആ അഞ്ചു വയസ്സുകാരന്റെ മുഖമായിരുന്നു സാന്താക്ലോസിന്റെ കുപ്പായം കാണുമ്പോൾ പിന്നീട് തന്റെ മനസ്സിൽ പ്രതിഫലിച്ചതെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു. ഈ കുരുന്നിനെപ്പോലെ തന്റെ സാമീപ്യം പ്രതീക്ഷിക്കുവാനാഗ്രഹിക്കുന്നവർക്കായി തന്റെ ജീവിതം സമർപ്പിച്ചു കൊണ്ട്, ജീവിതത്തിൽ താനുപേക്ഷിച്ച കുപ്പായമണിയുവാനും അയാൾ തീരുമാനിച്ചു. ‘‘ആവശ്യമുള്ള ആർക്കോ വേണ്ടി എന്തോ അധികം ചെയ്യുന്നതാണ് ‘‘ക്രിസ്തുമസ്’’ അമേരിക്കയിലെ പ്രശസ്ത കാർട്ടൂണിസ്റ്റായ എം.സ്ക്യൂല സിന്റെ വാക്കുകൾ അദ്ദേഹം തന്റെ ജീവിതത്തിൽ അങ്ങനെ അന്വർത്ഥമാക്കി.