ഫാഷൻ റാമ്പുകളിലെ ക്രൂരതകൾ, വെളിപ്പെടുത്തലുകളുമായി മോഡൽ 

മോഡലിംഗ്, ഫാഷൻ, സ്റ്റേജ് ഷോസ്... ഇന്നത്തെ തലമുറയെ ആവേശത്തിലാഴ്ത്തുന്ന കാര്യങ്ങളിൽ മുൻപന്തിയിലാണ് ഇവയുടെ സ്ഥാനം. തന്റെയുള്ളിലെ സൗന്ദര്യം സ്വയം തിരിച്ചറിയുന്നതാണ് മോഡലിംഗ് രംഗത്തേക്ക് ഒരു വ്യക്തിയെ അടുപ്പിക്കുന്ന ആദ്യ ഘടകം. എന്നാൽ നമ്മൾ കാണുന്ന നിറപ്പകിട്ടാർന്ന ലോകത്തിനപ്പുറത്ത് ഫാഷൻ ഇൻഡസ്ട്രിക്ക് ഒരു കറുത്ത മുഖമുണ്ട്. ഒരു പക്ഷെ, ഇൻഡസ്ട്രിയുടെ ഭാഗമായിരിക്കുന്നവർക്ക് മാത്രം പറയാൻ കഴിയുന്ന ഒരു മുഖം. ഇത്തരത്തിൽ ഫാഷൻ റാമ്പുകൾക്ക് പിന്നിലെ വേദനിപ്പിക്കുന്ന കഥകൾ തുറന്നു പറഞ്ഞിരിക്കുകയാണ്  ആസ്ട്രിയൻ മോഡൽ ജാസ് എഗ്ഗർ.

19  വയസ്സാണ് ജാസിന്റെ പ്രായം. മോഡലിംഗിനോടുള്ള ഇഷ്ടം കാരണം 13  വയസ്സുമുതൽ ഫാഷൻ ഷോകളിലെയും റാമ്പുകളിലെയും സജീവ സാന്നിധ്യമാണ് ജാസ്. പുറത്തു നിന്ന് കാണുന്നവർക്ക് ഫാഷൻ ലോകം വളരെ മനോഹരമാണ്. നിറങ്ങളുടെയും സ്റ്റൈലിന്റെയും സൗന്ദര്യത്തിന്റെയും ലോകം. എന്നാൽ ഇതിനകത്ത് വന്നെത്തിയവർക്ക് അങ്ങനെയല്ല. മടുപ്പാണ്, ജാസ് പറയുന്നു. 

അങ്ങനെ പറയാൻ ജാസിന് തന്റേതായ കാരണങ്ങളും ഉണ്ട്. ലണ്ടനിൽ ജീവിക്കുന്ന ജാസ് ജർമനിയിലെ ടോപ് മോഡലുകളിൽ ഒരാളാണ്. ഫാഷന്റെ ലോകത്ത് വന്നിട്ട് തനിക്ക് നേട്ടങ്ങളും അത്രതന്നെ നഷ്ടങ്ങളും വേദനകളും ഉണ്ടായിട്ടുണ്ട് എന്ന് ജാസ് പറയുന്നു. തന്റെ ഇസ്റ്റാഗ്രാം അകൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ജാസ് ഫാഷൻ റാമ്പുകൾക്ക് പിന്നിലെ കറുത്ത മുഖം തുറന്നുകാണിച്ചത്. 

പല സ്ഥലത്ത്, പല ആളുകളിൽ നിന്നായി പല വിധം മോശം അനുഭവങ്ങളാണ് തനിക്കുണ്ടായിട്ടുള്ളത് എന്ന് ജാസ് പറയുന്നു. സ്റ്റൈലിസ്റ്റുകൾ ഒരിക്കൽ പോലും ഭാരം വർദ്ധിക്കുവാൻ അനുവദിക്കില്ല. അതിനാൽ ഭക്ഷണം ഇപ്പോഴും ക്രമീകരിച്ചയിരിക്കും കഴിക്കുക. തന്റെ ആരോഗ്യത്തെക്കാൾ ഉപരിയായി സ്റ്റൈലിസ്റ്റുകൾ നിർദ്ദേശിക്കുന്ന ബോഡി ഷെയ്പ്പ് നിലനിർത്താൻ ആണ് ഓരോ മോഡലും നിര്ബന്ധിക്കപ്പെടുന്നത് ജാസ് പറയുന്നു. 

തൻ പലപ്പോഴും അണ്ടർ വെയിറ്റ് ആയിരുന്നു. എന്നിട്ടും, പുതിയതരം വസ്ത്രങ്ങൾക്കും മറ്റും മോഡൽ ആകേണ്ടി വരുമ്പോൾ പിന്നെയും വണ്ണം കുറക്കാൻ നിര്ബന്ധിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ഒരിക്കൽ ലണ്ടനിൽ നടക്കുന്ന ഒരു ഫാഷൻ വീക്കിലേക്കായി തയ്യാറെടുക്കുന്നതിനിടെ, തനിക്ക് അരവണ്ണം കൂടുതലാണ്, ഉടൻ കുറക്കണം എന്ന് സ്റ്റൈലിസ്റ്റ് ആവശ്യപ്പെട്ടു. ഒരു മനുഷ്യന് വേണ്ട കുറഞ്ഞ ഭാരം പോലും അന്നെനിക്ക് ഉണ്ടായിരുന്നില്ല. ആയതിനാൽ ആ ശ്രമം ഞാൻ ഉപേക്ഷിക്കുകയായിരുന്നു. 

ഉപ്പ്, മധുരം എണ്ണ, എരിവ് എന്നിങ്ങനെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായ പല കാര്യങ്ങളും എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. ഇത് കാലങ്ങളോളം തുടരുകയും ചെയ്തു. ഒരു വ്യക്തിയുടെ ജീവിതത്തെ ഇതിൽ കൂടുതലായി എന്ത് ബാധിക്കാനാണ്. പലപ്പോഴും ഫാഷൻ നാമ്പുകൾ മോഡലുകളുടെ ആരോഗ്യത്തിന് യാതൊരു വിധ പരിഗണനയും നൽകുന്നില്ല ജാസ് വ്യക്തമാക്കുന്നു. 

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഭാരം കൂട്ടുകയും കുറയ്ക്കുകയും ഒക്കെ ചെയ്യേണ്ടി വരുന്നത്. ഇത് ജീവിക്കാനുള്ള മോഹം തന്നെ ഇല്ലാതാക്കുന്നു. സ്വന്തം താത്പര്യം കൊണ്ടാണ് ഈ പ്രൊഫഷനിലേക്ക് വന്നത് എങ്കിലും പലപ്പോഴും ജീവിതം വഴിമുട്ടിയ അവസ്ഥയാണ് ഉണ്ടാകുന്നത്.