കേൾക്കാം അവളുടെ അവസാന ശബ്ദം, 359 യാത്രക്കാർക്ക് വേണ്ടി ജീവൻ കൊടുക്കുന്നത് തൊട്ടുപിന്നാലെ...

നീർജ ഭാനോട്ട്

നീർജ ഭാനോട്ട്, വെറും ഇരുപത്തി മൂന്നു വയസു മാത്രം പ്രായമുള്ളപ്പോൾ സ്വന്തം ജീവൻ ബലികഴിച്ച് 359 പേര്‍ക്ക് ജീവിതം നൽകിയ പെൺകുട്ടി. സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നു നടന്നപ്പോൾ അവൾ ഒരിക്കലും കരുതിയിരിക്കില്ല 1986 സെപ്തംബർ അഞ്ചിലെ ആ യാത്ര തന്റെ ജീവിതത്തിൽ നിന്നുതന്നെ എന്നെന്നേക്കുമായുള്ള യാത്രയാണെന്ന്. ഏവിയേഷൻ ചരിത്രത്തിലെ തന്നെ ധീരമായി പ്രവർത്തി ചെയ്ത നീര്‍ജ ഭാനോട്ട് എന്ന മുംബൈ സ്വദേശിനിയുടെ മനുഷ്യത്വപരമായ സമീപനം കണക്കിലെടുത്ത് രാജ്യം ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ അശോകചക്ര സമ്മാനിക്കുകയും ചെയ്തിരുന്നു. തീവ്രവാദികളിൽ നിന്നും ഒന്നും രണ്ടുമല്ല 359 ജീവിതങ്ങളെയാണ് നീർജ രക്ഷിച്ചത്. ഇപ്പോൾ സോനം കപൂർ നായികയായി നീർജ എന്ന പേരിൽ തന്നെ യഥാർഥ ജീവിതം പുറത്തു വരുമ്പോൾ നീർജയുടെ ജീവിതത്തിന് പ്രസക്തി ഏറുകയാണ്.

നീർജ ഭാനോട്ട്

വിമാനം റാഞ്ചുന്നതിനു മുമ്പായി നീർജ ചെയ്ത ഫ്ലൈറ്റ് അനൗൺസ്മെന്റ് ആണിപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയുമുള്ള നീർജയുടെ അവസാന ശബ്ദം. പിന്നെയും തന്റേടത്തോടെ ശബ്ദമുയർത്തുകയും നിരവധി ജീവൻ രക്ഷിക്കുകയും ചെയ്തെങ്കിലും സ്വന്തം ജീവനെക്കുറിച്ചു മാത്രം ചിന്തിക്കാൻ സ്വാർഥയല്ലായിരുന്നു അവൾ. നീർജ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് നീർജയുടേതായുള്ള അവസാന ഫ്ലൈറ്റ് അനൗൺസ്മെന്റ് റെക്കോർഡ് അന്വേഷിച്ചു കണ്ടെത്തി പുറത്തുവിട്ടത്. കേൾക്കാം നീർജയിൽ നിന്നുള്ള അവസാന വാക്കുകൾ.

മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ പറന്നിറങ്ങിയതായിരുന്നു ആ വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയർ ഉദ്യോഗസ്ഥയായിരുന്നു നീർജ. തീവ്രവാദികൾവിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീർജ കോക്പിറ്റിനു അലെര്‍ട് നൽകി. പക്ഷേ മൂന്നു അമേരിക്കൻ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ വിമാനത്തിലെ യാത്രക്കാരുടെ പാസ്പോർട്ടുകൾ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളിൽ നിന്നും നീര്‍ജയ്ക്ക് നിർദ്ദേശം ലഭിച്ചു. എന്നാൽ മാത്രമേ അവർക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു.

നീർജ ഭാനോട്ട്

അബു നിദാൽ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നിൽ, പക്ഷേ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്പോർട്ടുകൾ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂർ കഴിഞ്ഞപ്പോള്‍ തീവ്രവാദികൾ തോക്കുകളും മറ്റു സ്ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാൻ തുടങ്ങി. ആ നിമിഷംതന്നെ നീർജ എമർജൻസി വാതില്‍ തുറക്കുകയും ഒട്ടേറെ യാത്രക്കാരെ പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്തു. പക്ഷേ രക്ഷാപ്രവർത്തനത്തിനിടെ വെടിയുണ്ടകൾക്കു മുന്നിൽ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീർജയു‌ടെ മരണം.