പ്രണയം വിവാഹത്തിന് മുമ്പും ശേഷവും, ഞെട്ടിക്കും ഈ അനുഭവകഥ

ജീവനുതുല്യം സ്നേഹിച്ച പുരുഷന്‍ തന്നെ വെറുക്കുക മാത്രമല്ല മകളെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് നിസഹായായ നാദിയയുടെ ജീവിതകഥ വൈറലായത്.

എല്ലാ പ്രണയങ്ങളും ശുഭമായി പര്യവസാനിക്കണമെന്നില്ല. ചില പ്രണയങ്ങൾ പാതിവഴിയിൽ വച്ചുതന്നെ ഉപേക്ഷിക്കപ്പെ‌ടുമെങ്കിൽ ചിലരിൽ അതു വിവാഹം വരെ എത്തിയതിനു ശേഷമാകാം. പ്രണയിച്ച നാളുകളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തോടെ പങ്കാളി പാടേ മാറുമ്പോൾ പലർക്കും അംഗീകരിക്കാൻ പോലുമാകില്ല. ഒടുവിൽ വിട്ടുവീഴ്ചകൾക്കും ക്ഷമാപണങ്ങൾക്കുമപ്പുറം ഇരുവരും പിരിയാൻ തയാറാകും. ആംസ്റ്റർഡാം സ്വദേശിയായ നാദിയയുടെ ജീവിതവും അത്തരത്തിലൊന്നായിരുന്നു. ജീവനുതുല്യം സ്നേഹിച്ച പുരുഷന്‍ തന്നെ വെറുക്കുക മാത്രമല്ല മകളെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് നിസഹായായ നാദിയയുടെ ജീവിതകഥ വൈറലായത്.

നാദിയയു‌ടെ ജീവിതകഥയിലേക്ക്
ഞങ്ങൾ വിവാഹിതരായ ദിവസം തൊട്ട് എല്ലാം മാറിമറിഞ്ഞു. ഒട്ടേറെപേപരെ ക്ഷണിച്ച് ആർഭാടമായി നടത്തിയ വിവാഹമായിരുന്നു അത്. വിവാഹത്തോടെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. മുമ്പത്തേത്തിൽ നിന്നും വ്യത്യസ്തമായിരുന്നു പെരുമാറ്റം. സ്നേഹിക്കുന്ന ഒരു മനുഷ്യനിൽ നിന്നും ഒരു മേധാവിയെപ്പോലുള്ള ഭര്‍ത്താവിലേക്കുള്ള മാറ്റമായിരുന്നു അത്.

വിവാഹത്തിനു മുമ്പെല്ലാം ഞാൻ എത്ര സുന്ദരിയാണെന്നൊക്കെ അഭിനന്ദിക്കുമായിരുന്നു, പക്ഷേ വിവാഹം കഴിഞ്ഞതോടെ എന്റെ വസ്ത്രധാരണം എത്ര മോശമാണെന്നും മറ്റും പറഞ്ഞ് എന്റെ ആത്മവിശ്വാസത്തെ തകർക്കാൻ തുടങ്ങി. പുതിയ ആളുകളെ പരിചയപ്പെടാൻ എനിക്കിഷ്ടമായിരുന്നു, എന്നാൽ തന്റെ സുഹൃത്തുക്കളുമായി ഒരിക്കലും അ‌ടുക്കരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു, അവർ മയക്കുമരുന്നിന് അടിമകളാണെന്നും ഭാര്യമാരെ വഞ്ചിക്കുന്നവരാണെന്നുമൊക്കെയാണ് അതിനു കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഞാൻ മര്യാദയില്ലാത്ത ഭാര്യ ആണെന്നും പണത്തിനു വേണ്ടി മാത്രമാണ് അദ്ദേഹത്തെ വിവാഹം കഴിച്ചതെന്നുമൊക്കെ അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി ഞാൻ പിന്നീടു മനസിലാക്കി. അദ്ദേഹം പതിയെ എന്നെ ഒറ്റപ്പെ‌ടുത്തിക്കൊണ്ടിരിക്കുകയായിരുന്നു, അത്രത്തോളം ഞാൻ ആ മനുഷ്യനിൽ ആശ്രയിക്കപ്പെട്ടും ഇരുന്നു.

മൂന്നു വർഷത്തിനു ശേഷം ഞാൻ ഗർഭിണിയായി. മകളായിരുന്നു അത്, ഞാൻ അവൾക്ക് ഇൻസിയ എന്നു പേരിട്ടു. ഇൻസിയയെ ജന്മം കൊട‌ുത്ത സമയത്ത് മകൾക്കൊപ്പം എന്നെ തനിച്ചാക്കി നാലു ദിവസത്തോളം അദ്ദേഹം സ്ഥലത്തെത്തിയില്ല. മകളുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഞാൻ മാത്രമായിരുന്നു. ഒരു രാത്രിയിൽ ഇൻസിയ നിർത്താതെ കരഞ്ഞപ്പോൾ തനിക്കുറങ്ങാൻ പറ്റുന്നില്ലെന്നു പറഞ്ഞ് ഭ്രാന്തനെപ്പോലെ പെരുമാറി. ഒരിക്കല്‍പ്പോലും ഇൻസിയയെ ഊട്ടുകയോ ഡയപ്പർ മാറ്റുകയോ ചെയ്തിട്ടില്ല അവളുടെ അച്ഛൻ. അക്ഷരാർഥത്തിൽ മകളെ ഒറ്റയ്ക്കു വളർത്തുന്ന ഒരമ്മയെപ്പോലെയായിരുന്നു ഞാൻ.

തന്റെ രണ്ടുവയസുകാരിയായ മകളെ തിരിച്ചു കിട്ടാൻ ആവുന്നതും ശ്രമിക്കുകയാണ് നാദിയ

വിവാഹശേഷം അദ്ദേഹം ശാരീരികമായും ആക്രമിക്കുമായിരുന്നു. സ്വയം അപമാനിക്കപ്പെടുമെന്നോർത്ത് ആരെയും ഒന്നും അറിയിച്ചില്ല. പുറത്തു നിന്നു കാണുന്നവര്‍ക്ക് ഞങ്ങള്‍ സാധാരണ ഒരു കുടുംബം തന്നെയായിരുന്നു. പക്ഷേ സത്യത്തിൽ ആ വിവാഹം ഒരു പേടിസ്വപ്നമായിരുന്നു. ഉപദ്രവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം ക്ഷമാപണവുമായി അടുത്തേക്കു വരുകയും സ്നേഹിച്ച കാലത്തെയോർത്ത് താൻ ക്ഷമിക്കുകയും ചെയ്യും. പക്ഷേ ഒരിക്കൽ മർദ്ദിച്ചയാൾ വീണ്ടും അതു ചെയ്യുക തന്നെ ചെയ്യും.

ഒരിക്കൽ സുഹൃത്തുക്കളുമായ് വന്ന് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പോലീസിൽ പരാതി നൽകിയിട്ടും ഭീഷണികൾ അവസാനിച്ചില്ല. തുടർച്ചയായ നിയമ പോരാ‌ട്ടങ്ങൾക്കൊടുവിൽ മകൾ എനിക്കൊപ്പം താമസിക്കട്ടെയെന്ന് കോ‌ടതി വിധിച്ചു. ഇത് അദ്ദേഹത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഞാൻ മകളെ ശരിയായി നോക്കുന്നില്ലെന്നും മറ്റും പ്രചരിപ്പിക്കാൻ തുടങ്ങി. കാര്യങ്ങൾ വലിയ പ്രശ്നമില്ലാതെ പോകുന്നതിനിടയ്ക്ക് സെപ്തംബർ 29നാണ് തന്നെ തകർത്ത ആ സംഭവമുണ്ടായത്. അയാൾ മകളെയുകൊണ്ട് ഇന്ത്യയിലേക്കു ക‌ടന്നുകളഞ്ഞു. മകളെ തട്ടിക്കൊണ്ടു പോയതിനു ശേഷം ഇന്നുവരെ അവളോടു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.- നാദിയ പറയുന്നു.

തന്റെ രണ്ടുവയസുകാരിയായ മകളെ തിരിച്ചു കിട്ടാൻ ആവുന്നതും ശ്രമിക്കുകയാണ് നാദിയ. വിദേശ കാര്യ മന്ത്രാലയവും ഡച്ച് സർക്കാരുമൊക്കെ ഇൻസിയയെ അമ്മയ്ക്കു തിരിച്ചു നൽകാൻ ശ്രമിക്കുന്നുണ്ട്.