പെണ്ണായി മാറിയപ്പോൾ ജോലി പോയി, ഇന്നു ജീവിക്കാനായി ഭിക്ഷയാചിക്കുന്നു!

കിരൺ

ഭിക്ഷ യാചിച്ച് ആരെങ്കിലും നിങ്ങളുടെ വണ്ടിയിൽ തട്ടുകയോ കനിവും അഭ്യർഥിച്ചു നിൽക്കുകയോ ചെയ്താൽ എന്തായിരിക്കും പ്രതികരണം? ഭൂരിഭാഗം പേരും കണ്ടില്ലെന്നു നടിച്ചു വണ്ടിയുമായി നീങ്ങും ചിലര്‍ ചില്ലറത്തുട്ടുകൾ നീട്ടി നൽകും, വളരെ കുറച്ചുപേർ മാത്രം അവരുടെ അവസ്ഥ എന്താണെന്ന് ചോദിച്ചറിയും. അത്തരത്തിലൊരു മാനുഷിക പരിഗണനയാണ് ആവണി ശര്‍മയും സഹോദരി ഉർവിയും അന്നു കാണിച്ചത്. ഔദാര്യമായിരുന്നില്ല മറിച്ച് സഹജീവികളോടുള്ള അനുകമ്പയായിരുന്നു ഇരുവരെയും അതിനു പ്രേരിപ്പിച്ചതിനു പിന്നിൽ. ഭിന്നലിംഗക്കാരിയായ കിരൺ എന്ന യുവതിയുടെ നിസഹായതയാണ് ഇരുവരെയും സ്പർശിച്ചത്. അങ്ങനെ ഭിക്ഷ യാചിച്ചുവന്ന ആ യുവതിയുടെ കഥയറിയാൻ ഇരുവരും മനസു െകാണ്ടു.

രണ്ടുവർഷം മുമ്പാണ് കിരൺ ഭിന്നലിംഗക്കാരിയായി ഹിജ്‍റ കമ്മ്യൂണിറ്റിയിൽ ചേരുന്നത്. കമ്പ്യൂട്ടർ സയന്‍സിൽ ബിരുദമുള്ള കിരൺ ഭിന്നലിംഗക്കാരിയായതോടെയാണ് അവളുടെ ജോലി പോയത്. അങ്ങനെ സ്വന്തം നിലനിൽപ്പിനായി ഭിക്ഷ യാചിക്കാനും തുടങ്ങി. ദ്വാരക റോഡിലൂടെയുള്ള തങ്ങളുടെ യാത്രയ്ക്കിടെ എന്നും കിരണിനെ ഭിക്ഷ യാചിച്ചു നില്‍ക്കുന്നതു കണ്ടതോടെ ആ സഹോദരിമാർ അവളുടെ കഥയറിയാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് സർവകലാശാലയിൽ നിന്നും ബിരുദമെടുത്ത കിരൺ ഐടി മേഖലയിൽ നിരവധി പോസ്റ്റുകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ കിരണിനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന ആലോചനയിലാണ് ഇരുവരും കിരണിന്റെ ബയോഡേറ്റ നൽകി അവസ്ഥയും വിശദീകരിച്ചൊരു ഫേസ്ബുക്ക് േപാസ്റ്റ് ഇട്ടത്. തങ്ങള്‍ക്ക് അടുത്ത് നിരവധിപേർ പണം യാചിച്ച് വരികയും കൊടുത്തില്ലെങ്കിൽ ചീത്തവിളിച്ചു പോവുകയും ചെയ്യുന്ന സ്ഥാനത്ത് പണമില്ലെന്ന് നിരസിച്ചപ്പോൾ ഒന്നുംമിണ്ടാതെ തിരിഞ്ഞു നടക്കുന്ന കിരണിനെ അവർ അന്നേ ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യാൻ സുരക്ഷിതത്വവും നല്ല അന്തരീക്ഷവും ഉള്ള സ്ഥലങ്ങളുണ്ടെങ്കിൽ തങ്ങളെ അറിയിക്കണമെന്നു പറഞ്ഞ് കിരണിന്റെ ഫോ‌ട്ടോസഹിതം പോസ്റ്റു ചെയ്തിരിക്കുകയാണ് അവർ. ആത്മാർഥമായി ആഗ്രഹിക്കാം, ജീവിതം സ്വന്തം ഇഷ്ടത്തിനു തിരഞ്ഞെടുത്തതിന്റെ പേരിൽ ഒറ്റയായ ഈ യുവതിയുടെ നല്ല നാളേയ്ക്കായി.....