ഫേസ്‌ബുക്ക് പ്രണയം യാഥാർഥ്യമായി, നാടും നാട്ടാരും അനുഗ്രഹിച്ച് ട്രാൻസ്ജെൻഡറിന് മാംഗല്യം 

മാധുരി സരോദ് വിവാഹവേളയില്‍

ഇന്ത്യയിൽ ഒരു ട്രാൻസ്‌ജെൻഡർ വിവാഹിതയാകുക എന്നത് ആദ്യത്തെ സംഭവമല്ല, എന്നാൽ മുംബൈ സ്വദേശിനിയായ മാധുരി സരോദ് കഴിഞ്ഞ ദിവസം വിവാഹിതയായപ്പോൾ ലോകം അതിനെ ഉറ്റു നോക്കി. അതിനു കാരണവും ഉണ്ട്. ഭിന്നലിംഗക്കാർ പൊതുവെ വിവാഹിതരാകുന്നുണ്ട് എങ്കിലും, അത് രണ്ടു വ്യക്തികൾക്കിടയിൽ മാത്രമായി ഒതുങ്ങി നിൽക്കുകയാണ് പതിവ്. താൻ മറ്റു സ്ത്രീകളെ പോലെ ഒരു ഭാര്യയായി എന്ന് പറയാൻ ഭിന്നലിംഗക്കാർക്ക് അവകാശം ലഭിക്കാറില്ല. കാരണം, വിവാഹിതരായ ചിലർ തന്നെയായിരിക്കും ഇവരെ വിവാഹം കഴിക്കുന്നത് എന്നത് തന്നെ. അതുകൊണ്ട് തന്നെയാണ് മാധുരി സരോദിന്റെ വിവാഹം ശ്രദ്ധയർഹിക്കുന്നതും. 

നാടിനെയും നാട്ടുകാരെയും അറിയിച്ച് വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ഫേസ്ബുക്കിലൂടെയാണ് മാധുരി തന്റെ വരനെ പരിചയപ്പെട്ടത്. പിന്നീട് 5  വർഷക്കാലം ഇരുവരും പ്രണയിച്ചു. പരസ്പരം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. മാധുരി പുരുഷരൂപത്തിൽ നിന്നും സ്ത്രീരൂപം ധരിച്ചവളാണ് എന്നു മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് മധുരിയെ കാമുകൻ അംഗീകരിച്ചത്. 

നാടിനെയും നാട്ടുകാരെയും അറിയിച്ച് വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

പ്രണയം ഒരു ഘട്ടം പിന്നിട്ടപ്പോൾ ഇരുവരും വിവാഹിതരാകാം എന്ന് തീരുമാനമെടുത്തു. ഇരുവരുടെയും വീട്ടിൽ കാര്യം പറയുകയും ചെയ്തു. ആദ്യം അല്പസ്വല്പം പ്രശ്ങ്ങൾ ഉണ്ടായി എങ്കിലും ഇരുവരെയും വിവാഹിതരാകാൻ വീട്ടുകാർ സമ്മതിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെയും മറ്റു ബന്ധുക്കളെയും വിളിച്ചു വരുത്തി കാര്യങ്ങൾ നിശ്ചയിച്ചു. അടുത്തുള്ള ശുഭമുഹൂർത്തത്തിൽ വിവാഹവും നടന്നു. 

ഭിന്നലിംഗക്കാർക്കായി ധാരാളം നിയമങ്ങളും അവകാശ സംരക്ഷണ പ്രസ്താവനകളും വന്നിട്ടുണ്ട് എങ്കിലും ഇതിന്റെ ഫലം ഭിന്നലിംഗക്കാർക്കു ലഭിക്കുന്നില്ല എന്നാണ് മാധുരി പറയുന്നത്. അതിനാൽ തന്നെ നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും തന്റെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്‌തെടുക്കും എന്നാണ് മാധുരി പറയുന്നത്. മാധുരിയുടെ വിവാഹം നിയമവിധേയമാകുന്നതോടെ അതു പുതിയൊരു നേട്ടമാകും.