കുഞ്ഞായിരിക്കുമ്പോൾ വിധി വേർപിരിച്ച ഇരട്ടകൾ കണ്ടുമുട്ടിയപ്പോൾ, ലോകം കരഞ്ഞു അവർക്കൊപ്പം  

ഓഡ്രി ഡോറിങ്ങും ഗ്രെസി റെയിസ്‌ബെറിയും

വിധിയുടെ വിളയാട്ടം എന്നെല്ലാം പറയുന്നത് ഒരു പക്ഷെ ഇതിനെയായിരിക്കും. ഒന്നിച്ചു ജനിച്ചു വീഴുക, വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ പരസ്പരം പിരിയുക, പിന്നീട് രണ്ടു നാട്ടിൽ, രണ്ടു മാതാപിതാക്കളുടെ മക്കളായി ജീവിക്കുക, ഒടുവിൽ പത്താം വയസിൽ വീണ്ടും കണ്ടുമുട്ടുക. രക്തം എവിടെയായാലും സ്വന്തം രക്തത്തെ  തിരിച്ചറിയും എന്നു തെളിയിച്ചിരിക്കുകയാണ് ചൈനീസ് സ്വദേശികളായ ഓഡ്രി ഡോറിങ് , ഗ്രെസി റെയിസ്‌ബെറി എന്നിവരുടെ കഥ. 

2006  ൽ ചെനീസ് വംശജരായി ജനിച്ച ഇരുവരും പിന്നീട് ഇരുവഴിക്കു പോകുകയായിരുന്നു. ജന്മം നൽകിയ അച്ഛനമ്മമാർക്ക് വളർത്താൻ കഴിയാതെ വന്നപ്പോൾ ഇരട്ടക്കുട്ടികളെ ദത്തുനൽകി. അങ്ങനെ ഓഡ്രി ഡോറിങ് അമേരിക്കയിലെ വിസ്കോസിനിലും സഹോദരി ഗ്രെസി റെയിസ്‌ബെറി വാഷിങ്ടണിലും വളർന്നു. വളർച്ചയുടെ പലഘട്ടത്തിലും ഓഡ്രി ഡോറിങ് തനിക്ക് എന്തോ നഷ്ടപ്പെട്ട പോലെ ദുഖിതയായിരുന്നു. കുട്ടിയുടെ ഈ വിഷമമാണ് ഓഡ്രി ഡോറിങ്ങിന്റെ പൂർവകാലത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ വളർത്തമ്മയായ ജെന്നിഫർ ഡോറിങ്ങിനെ പ്രാപ്തയാക്കിയത്. 

ഓഡ്രി ഡോറിങ്ങും ഗ്രെസി റെയിസ്‌ബെറിയും കണ്ടുമുട്ടിയപ്പോൾ

ജെന്നിഫർ കുഞ്ഞിനെ ദത്തെടുക്കുന്നതിനു മുൻപുള്ള ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ഓഡ്രിക്ക് അരികിലായി അതെ പ്രായത്തിൽ, അതെ മുഖഛായയുള്ള മറ്റൊരു കുഞ്ഞിനെ കൂടി കണ്ടു. ഓഡ്രിക്ക് ഒരു ഇരട്ട സഹോദരികൂടിയുണ്ട് എന്ന അനുമാനത്തിലേക്ക് ജെന്നിഫർ അതോടെ എത്തിച്ചേരുകയായിരുന്നു. പിന്നീടുള്ള ശ്രമങ്ങൾ തന്റെ മകളുടെ ആ സഹോദരിയെ കണ്ടെത്തുന്നതിനായിരുന്നു.

അതിന്റെ ഭാഗമായി ജെന്നിഫർ പ്രസ്തുത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. ഒടുവിൽ സമൂഹമാധ്യമത്തിലൂട‌െ തന്നെയാണ് ഗ്രെസി റെയിസ്‌ബെറിയുടെ അമ്മയെ പരിചയപ്പെടുന്നത്. തുടർന്നുള്ള സംഭാഷണങ്ങളിൽ, ഗ്രെസി റെയിസ്‌ബെറിയെയും ദത്തെടുത്തതാണ് എന്ന് മനസിലായി. ഒപ്പം ഓഡ്രിയും ഗ്രെസിയും തമ്മിലുള്ള സാമ്യങ്ങളും ചർച്ചയായി. അങ്ങനെ കുട്ടികൾ ആദ്യമായി വീഡിയോ ചാറ്റിലൂടെ പരസ്പരം സംസാരിച്ചു. 

കാഴ്ചയിൽ ഉള്ള സാമ്യത്തിനപ്പുറം, അവരുടെ പല ഇഷ്ടങ്ങളും ഒന്നായിരുന്നു. ഭക്ഷണകാര്യത്തിൽ ഇരുവർക്കും ഇഷ്ടം ഒരേ വിഭവങ്ങൾ തന്നെ. ഓഡ്രിയും ഗ്രെസിയും ഒരേ പോലെ ചിക്കനും ചീസും ഇഷ്ടപ്പെടുന്നു. പിന്നീട് രണ്ടു അമ്മമാരും ചേർന്ന് നാൻസി സൈഗാൾ എന്ന സൈക്കോളജിസ്റ്റിനെ സമീപിച്ചു. ഇരട്ടകളുടെ മനഃശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന നാൻസി ,ഡിഎൻഎ ടെസ്റ്റിന് നിർദ്ദേശിക്കുകയും, ടെസ്റ്റിന് ഒടുവിൽ ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കളും ഇരട്ടകളും ആണ് എന്ന് തെളിയുകയും ചെയ്തു. 

അതോടെ 10  വർഷമായി പിരിഞ്ഞിരുന്ന, കുട്ടികൾക്ക് പത്താം വയസ്സിൽ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചു. അതിന് അമേരിക്കയിലെ ഗുഡ് മോർണിംഗ് അമേരിക്ക എന്ന പരിപാടി സാക്ഷിയാകുകയും ചെയ്തു. ഇളം റോസ് നിറത്തിലുള്ള ടോപ്പും കറുത്ത കണ്ണടയും അണിഞ്ഞെത്തിയ ഇരുവരും പരസ്പരം കണ്ടു കെട്ടിപ്പിടിച്ചപ്പോൾ സ്റ്റുഡിയോയിലെ ഓരോ വ്യക്തികളും കുട്ടികൾക്കൊപ്പം കരഞ്ഞു. 

കുട്ടികൾക്ക് ഒന്നിക്കാൻ അവസരം ഒരുക്കിയ മാതാപിതാക്കൾക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ച ഗുഡ് മോർണിംഗ് അമേരിക്ക ഓഡ്രിക്കും ഗ്രെസിക്കും അവധിക്കാലം ആസ്വദിക്കാനും കൂടുതൽ കാലം ഒരുമിച്ചു ചെലവഴിക്കാനുമുള്ള പ്‌ളെയിൻ ടിക്കറ്റുകളും സമ്മാനിച്ചു.