ഞെട്ടിക്കും യുനിസെഫിന്റെ ഈ വിഡിയോ

ആഗോളതലത്തിൽ സ്ത്രീകളുടെയും കുട്ടികളും നേരിടുന്ന ചൂഷണങ്ങളെ പ്രതിരോധിക്കുക, അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺ ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF). ബാലവിവാഹങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, അവയ്ക്കെതിരെ ബോധവത്കരണവുമായി യുണിസെഫിന്റെ പുതിയ വിഡിയോ ശ്രദ്ധേയമാകുന്നു.

പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങളുടെയും അകാലവൈധവ്യത്തിന്റെയുമൊക്കെ ചുഴിയിൽ അകപ്പെട്ടു പോകുന്ന പെൺകുഞ്ഞുങ്ങളുടെ ചിത്രം കാലഘട്ടത്തിന്റെ സമസ്യയാണ്. വികസ്വര രാജ്യങ്ങളിൽ ഇന്നും കടുത്ത സാമൂഹിക പ്രശ്നമായി തുടരുകയാണ് ബാലവിവാഹങ്ങൾ. 15 ദശലക്ഷം ബാലികമാർ ഈ വർഷം വിവാഹക്കുരുക്കിൽ വീഴുമെന്നാണ് യുണിസെഫിന്റെ പ്രവചനം. ബാല്യത്തിന്റെ നിഷ്കളങ്കത അവസാനിക്കും മുൻപേ തന്നെക്കാൾ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ള പുരുഷന്മാരുടെ കിടപ്പറയിലെ ഒരുപകരണം മാത്രമാകാൻ വിധിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളുടെ ദൈന്യത, ഞെട്ടിക്കുന്ന യാഥാർഥ്യമാണെന്നും അതിനെതിരെ പോരാടാനും യുണിസെഫ് ആഹ്വാനം ചെയ്യുന്നു. #ENDchildmarriage എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

ബാലവിവാഹത്തിന്റെ ചില ഇരകളെ പരിചയപ്പെടാം

നഫിസ 17, നൈഗർ

16 വയസിൽ നഫിസ വിവാഹിതയായി. 10 മാസം നീണ്ടു നിന്ന ദാമ്പത്യത്തിൽ 3 മാസം ഗർഭിണിയായി. പക്ഷേ കുഞ്ഞു ചാപിള്ളയായി. ഇപ്പോൾ അവിടെ നിന്നും രക്ഷപെട്ടു പഠനത്തിലൂടെ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തി.

ഫ്ലോറൻസ് 14, കോംഗോ

13 വയസ്സിൽ വിവാഹം ചെയ്യിക്കാനുള്ള രണ്ടാനമ്മയുടെ നിർബന്ധത്തിനു കീഴടങ്ങാതെ വീട് വിട്ടിറങ്ങി. ഇപ്പോൾ സ്വയം ജോലി ചെയ്തു പഠനം തുടരുന്നു.

ഹനൈദ് അഹ്മദ്, 14 ലെബനോൻ

സിറിയൻ അഭയാർഥിയായ ഹനൈദ് വിധവയാണ്. ഭർത്താവ് ആഭ്യന്തരകലാപത്തിൽ വധിക്കപ്പെട്ടു. 13 വയസിൽ വിവാഹം. പലായനത്തിനിടെ ഗർഭിണിയായി. പിന്നീട് ഗർഭം അലസിപ്പോയി.

മദാൽസി സർക്കാർ, 17 ഇന്ത്യ

ഹൈസ്കൂൾ കഴിഞ്ഞപ്പോൾ വിവാഹം കഴിപ്പിച്ചയക്കാൻ മാതാപിതാക്കൾ ശ്രമിച്ചു. ബാലാവകാശ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ
വിവാഹം തടഞ്ഞു. 2011 ൽ ഇന്ത്യയിൽ ദേശീയ ശ്രദ്ധ നേടിയ സംഭവം.