'ഞാൻ വായ്നോക്കും ' തുറന്നുപറഞ്ഞവൾ ദാ ഇവിടുണ്ട്

''സത്യം പറയാല്ലോ, എതിരെ നല്ലൊരു ചെറുപ്പക്കാരൻ പോയാൽ സാമാന്യം നന്നായി ഞാൻ വായ്നോക്കും. അത് അമ്പലപ്പറമ്പായിക്കോട്ടെ, പള്ളിപ്പെരുന്നാളായിക്കൊട്ടെ, ബസ് സ്റ്റോപ്പായിക്കോട്ടെ, ചന്തയിൽ മീൻവാങ്ങാൻ പോകുമ്പോഴാവട്ടെ, ഓഫീസിൽ പോകുമ്പോഴാകട്ടെ, തരക്കേടില്ലാണ്ട് നോക്കും....'' സമൂഹം കൽപിച്ചിരിക്കുന്ന സോകോൾഡ് അടക്കം ഒതുക്കം സങ്കല്‍പങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പെൺകുട്ടി ആരെടാ എന്നായിരുന്നു ആദ്യം എല്ലാവരുടെയും സംശയം. എന്നാൽ ഈ വാക്കുകളാണ് വനജ വാസുദേവ് എന്ന സാധാരണ പെൺകുട്ടിയെ സമൂഹമാധ്യമത്തിലെ താരമാക്കിയത്. ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റോടു കൂടി മാവേലിക്കര സ്വദേശിനിയായ വനജ വാസുദേവ് അങ്ങനെ സമൂഹമാധ്യമത്തിന്റെ സംസാര വിഷമായി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിന്റെ ''പതിനാലുസെക്കന്റ പുരുഷന്മാര്‍ സ്ത്രീകളെ നോക്കിയാൽ നിയമനടപടി സ്വീകരിക്കാം'' എന്ന പരാമർശത്തിനു പുറകെ വന്ന വനജയുടെ പോസ്റ്റു ഞൊടിയിടയിലാണു വൈറലായത്.

ഇത്രത്തോളം ഒരു പെണ്ണു തുറന്നു പറയാമോ? ആണിനെ തിരിച്ചു നോക്കുമെന്നു പറയുന്ന പെണ്ണ് അത്രയ്ക്കു നല്ലവളാകില്ല, പിന്നീടങ്ങോട്ട് വനജയുടെ ഇൻബോക്സ് മുഴുവൻ അസഭ്യങ്ങളുടെ പെരുമഴയായിരുന്നു. തുറന്നു പറയുന്നവൾ എന്തിനും തയ്യാറാകുമെന്നു ധരിച്ചവർ പരിധി ലംഘിച്ചും വനജയ്ക്കു സന്ദേശങ്ങൾ അയച്ചു. പക്ഷേ അതിനെല്ലാം മറുപടിയായി രൂക്ഷമായ ഭാഷയിൽ തന്നെ വനജ എഴുതിയ പോസ്റ്റിനു ലഭിച്ച മൈലേജ് ചില്ലറയല്ല. കോഴിക്കോട് കലക്ടർ എൻ പ്രശാന്തും സംവിധായകൻ ആഷിഖ് അബുവും ബിബിസി അടക്കമുള്ള മാധ്യമങ്ങളുമൊക്കെ വനജയുടെ പോസ്റ്റിനെ പ്രകീർത്തിച്ചു രംഗത്തെത്തി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആ നാട്ടിൻപുറത്തുകാരിയുടെ അത്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് വനജ.

ഒരൊറ്റ പോസ്റ്റുകൊണ്ട് സമൂഹമാധ്യമത്തിലെ താരമായിരിക്കുകയാണ് വനജ, എന്തു തോന്നുന്നു?

വളരെയധികം സന്തോഷമുണ്ട്. ഋഷിരാജ് സിങ് സാറിന്റെ പതിനാലു സെക്കന്റ് നോട്ടം പരാമർശമാണ് തുടക്കം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും ട്രോളുകളും കണ്ടിരുന്നു. എന്നാൽ അപ്പോഴൊക്കെ ആൺകുട്ടികള്‍ മാത്രമല്ല പെൺകുട്ടികളും നോക്കുന്നവരാണ് എന്നുമാത്രം ആരും പറഞ്ഞു കണ്ടില്ല. ഭൂരിഭാഗം പേരും അത്തരമൊരു നിയമം നല്ലതാണെന്ന വാദവുമായി മുന്നോട്ടു വന്നവരായിരുന്നു. പക്ഷേ ഞാൻ ചിന്തിച്ചത് അങ്ങനെയായിരുന്നില്ല. ഞാനും പലരെയും നോക്കാറുണ്ട്, എന്നെയും നോക്കിയിട്ടുണ്ട്. അത്തരത്തിലുള്ള നോട്ടങ്ങളിൽ പലതും കോൺഫിഡൻസ് നൽകിയിട്ടുമുണ്ട്. പക്ഷേ അവയെല്ലാം ആ കാഴ്ച്ചയിൽ നിന്നു മറയുന്നതു വരെയെ ഉള്ളു. വ്യക്തിപരമായ എന്റെ ഈ അഭിപ്രായത്തെ കുറച്ചു തമാശ കലർത്തി ഫേസ്ബുക്കിൽ ഇടുകയായിരുന്നു. പിന്നെ സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് അറിഞ്ഞത് ആ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എന്നെ ചീത്തവിളിച്ച് പല ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെടുന്നുണ്ടെന്നും. അസഭ്യം നിറഞ്ഞ മെസേജുകള്‍ ഒന്നിനെ പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. അമ്മയെയും മരിച്ചുപോയെ അച്ഛനെയും വരെ ചീത്തവിളിക്കാൻ തുടങ്ങിയപ്പാൾ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്താലോ എന്ന് ആദ്യം ആലോചിച്ചു. പിന്നെയാണു കരുതിയത് അവർക്കെല്ലാം മാന്യമായ ഭാഷയിൽ ഇതാണു വനജ വാസുദേവ് എന്നു പറഞ്ഞ് അറിയിക്കൽ ആണ് ശരിയായ മാർഗമെന്ന്. അങ്ങനെയാണ് ഇപ്പോൾ ഏറെ ചർച്ചയാകപ്പെട്ട ലെറ്റ് മീ ഇൻട്രൊഡ്യൂസ് മൈസെൽഫ് എന്നു തുടങ്ങുന്ന പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്. ഞാൻ വിചാരിച്ചതിനുമപ്പുറം സ്വീകാര്യതയാണ് ആ പോസ്റ്റിനു ലഭിച്ചത്. കലക്ടർ ബ്രോ എൻ പ്രശാന്തും സംവിധാകയൻ ആഷിഖ് അബുവും ഉൾപ്പെടെ നിരവധി പ്രമുഖർ പിന്തുണച്ചു രംഗത്തെത്തി.

ഋഷിരാജ് സിങ് പരാമർശിച്ച പതിനാലു സെക്കന്റ് നോട്ടത്തിലെ നിയമസാധുതയെക്കുറിച്ച്?

സത്യത്തിൽ ആ നിയമത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ എനിക്കു ചിരിയാണു വന്നത്. നമ്മളെ നോക്കുന്നവരെല്ലാം ദുരുദ്ദേശത്തോടെയാണു നോക്കുന്നതെന്ന ചിന്തയൊന്നും എനിക്കില്ല. ഇനി നോട്ടം അസഹനീയമാണെന്നു തോന്നിയാൽ പതിനാലു സെക്കന്റ് കാത്തു നിൽക്കേണ്ട ആവശ്യമൊന്നുമില്ല. അപ്പോൾ തന്നെ അയാളോടു രൂക്ഷമായ ഭാഷയിൽ രണ്ടെണ്ണം പറഞ്ഞാൽ തീരും. എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ മറ്റൊരാൾ സ്പർശിക്കരുത് എന്നതാണ് എന്റെ സ്ത്രീസ്വാതന്ത്ര്യം. അതില്ലാത്തിടത്തോളം കാലം ഈ പറഞ്ഞ നിയമാവലികളിലൊന്നും എനിക്കു വലിയ വിശ്വാസമില്ല. വിവാഹ സ്വപ്നങ്ങളുമായി യാത്ര ചെയ്ത സൗമ്യ എന്ന പെൺകുട്ടിയെ ഒരു ഒന്നരക്കയ്യൻ അതിക്രൂരമായി പീഢിപ്പിച്ച വാർത്ത നാം വേദനയോടെയാണു കേട്ടത്. എന്നിട്ടെന്തുണ്ടായി? ഇപ്പോഴും അയാൾ ജയിലിൽ മുമ്പത്തേതിലും സൗകര്യത്തോടെ സുഖത്തോടെ ജീവിക്കുകയാണ്. പിന്നാലെ നിർഭയയും ജിഷയുമൊക്കെ ദുരന്ത വാര്‍ത്തകളായി വന്നു. ഈ പറഞ്ഞ സംഭവങ്ങളിലൊക്കെയും ഓരോ പ്രതികളുണ്ട് എന്നതല്ലാതെ ആരെയും മാതൃകാപരമായി ശിക്ഷിക്കുന്നില്ല. നമ്മുടെ നിയമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

എഴുത്തുകളിൽ ഏറെയും അമ്മയെക്കുറിച്ചാണല്ലോ?

അമ്മയെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല. ചെറുപ്പത്തിലൊക്കെ അമ്മയെ എനിക്കു പേടിയായിരുന്നു. അമ്മ കഷ്ടപ്പെട്ടതൊന്നും ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അമ്മയ്ക്ക് ഏതെങ്കിലും ഭക്ഷണത്തോടോ വസ്ത്രത്തോടെ ആഗ്രഹമുണ്ടായിരുന്നോ എന്നൊന്നും ഞങ്ങൾ മക്കൾക്ക് അറിയുമായിരുന്നില്ല. അതൊന്നും അമ്മ ഇതുവരെയും പറഞ്ഞിട്ടില്ല. പക്ഷേ മക്കളുടെ ആഗ്രഹങ്ങൾ കഴിയുന്നിടത്തോളം സാധിച്ചുതരാനും ശ്രമിച്ചിട്ടുണ്ട്. പട്ടാളക്കാരനായിരുന്ന അച്ഛൻ മരിച്ചതോടെ അമ്മ അച്ഛന്റെ റോൾ കൂടി ഏറ്റെടുത്തു. ഈ ലോകത്തു പകരം വെക്കാനാവാത്തവർ അച്ഛനും അമ്മയും മാത്രമാണ്. ഇന്നും അമ്മയെ അത്ഭുതത്തോടെയാണു ഞാന്‍ നോക്കിക്കാണുന്നത്. ഈ ജന്മം നൽകിയതിനുള്ള നന്ദി അക്ഷരങ്ങളിലൂടെ അമ്മയ്ക്ക് അർപ്പിക്കുകയാണു ഞാൻ.

വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

വിമർശനങ്ങൾ ഇതാദ്യമല്ല. നേരത്തെയും ധാരാളം ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അമ്പരപ്പായിരുന്നെങ്കിൽ ഇപ്പോഴത് സാധാരണമായി മാറി. എന്റെ എഴുത്തുകളെ മാന്യമായ ഭാഷയിൽ വിമർശിക്കുന്നതിനെ ഞാൻ എന്നും സ്വാഗതം ചെയ്യും. പക്ഷേ വീട്ടിലിരിക്കുന്ന അമ്മയെയും മരിച്ചുപോയെ അച്ഛനെയുംകുറിച്ചൊക്കെ പറഞ്ഞാൽ കേട്ടിരിക്കാൻ എനിക്കാവില്ല. അവരെന്റെ സ്വകാര്യ സ്വത്താണ് അവരെ ഇത്തരം ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അത് അഭിപ്രായ സ്വാതന്ത്ര്യം ആണെന്നും തോന്നുന്നില്ല. മുമ്പൊരിക്കൽ ആർത്തവത്തെക്കുറിച്ചു തുറന്നെഴുതിയപ്പോഴും നിരവധിപേർ വിമർശിച്ചു. സ്ത്രീകൾക്ക് ആർത്തവം മാത്രമേ എഴുതാനുള്ളോ എന്നു പല പുരുഷന്മാരും ചോദിച്ചു, അവരോട് ഞാൻ പറഞ്ഞത് എന്നാൽ നിങ്ങൾ എഴുതൂ എന്നാണ്. അപ്പോൾ അതവർക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന കാര്യം അവരല്ലാതെ ആരാണ് ആധികാരികമായി പറയേണ്ടത്.

കപടസദാചാരം വിളമ്പുന്നവരോട്?

കപടസദാചാരത്തിന് ഒരുപാടു തവണ ഇരയാകേണ്ടി വന്നിട്ടുള്ളയാളാണു ഞാൻ. സത്യം പറഞ്ഞാൽ രാത്രിയിൽ സൂര്യനുദിച്ചാൽ തീരാവുന്ന കപട സദാചാരമേ ഇവിടെയുള്ളു. എന്നെ ആർഷഭാരതസംസ്കാരത്തെക്കുറിച്ചു ഉപദേശിക്കാനെത്തുന്ന ആങ്ങളമാരിൽ പലരും നേരെപോകുന്നത് അശ്ലീലചിത്രങ്ങൾ കണ്ടുരസിക്കാനാവും. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ക‌ടന്നുകയറിയിട്ടാണോ സദാചാരം പ്രസംഗിക്കേണ്ടത്? ഇവരില്‍ പലരും എന്നെ തെറിപറഞ്ഞുകൊണ്ടാണ് ഉപദേശിക്കുന്നത്, ഇങ്ങനെ അവര്‍ എന്തു സംസ്കാരമാണ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ല. എനിക്കു പറയണമെന്നു തോന്നുന്ന കാര്യം ഞാൻ പറയുക തന്നെ ചെയ്യും. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും പിൻവാങ്ങുന്ന പ്രശ്നമില്ല. മനസാക്ഷി പറയുന്നതെന്തും എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാൻ പ്രവർത്തിക്കും.

ജോലിക്കും കു‌ടുംബ സംരക്ഷണത്തിനും ഇടയിൽ സാമൂഹിക പ്രവർത്തനവും?

ആത്മ എന്ന സംഘടനയുടെ സജീവ പ്രവർത്തകയാണു ഞാൻ. അന്തരിച്ച ഡോക്ടർ ഷാനവാസിന്റെ സ്വപ്നം പൂർത്തീകരിക്കുകയാണ് അതിലൂടെ ഞങ്ങൾ. ഇപ്പോള്‍ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രവർത്തനം. നമ്മുടെ ഇടയിൽ തന്നെ പരിതാപകരമായ അവസ്ഥയിൽ കഴിയുന്നവർക്കൊരു താങ്ങാവുക എന്നതാണു സംഘടനയുടെ ലക്ഷ്യം. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളാണ് ആദ്യം ശ്രദ്ധിച്ചത്. പിഎസ്‌സി കോച്ചിങ് നൽകുന്നതിനൊപ്പം അവിടുത്ത കുട്ടികള്‍ക്കായി ഒരു ലൈബ്രറിയും സാധ്യമാക്കി. ചെറിയൊരു ലൈബ്രറിയായിരുന്നു ലക്ഷ്യമെങ്കിലും ഫേസ്ബുക്കിൽ ഇട്ടതോടെ വെറും മൂന്നുദിവസം കൊണ്ട് ആയിരത്തിൽപ്പരം പുസ്തകങ്ങൾ ലഭിച്ചു. ഇപ്പോൾ മറ്റു ചില പ്രോജക്റ്റ് മുമ്പിലുണ്ട്. അതിലൊന്ന് ആനക്കട്ടിയിലെ വെള്ളാക്കുളം ഊരിൽ ശുദ്ധജലം ലഭ്യമാക്കുക എന്നതാണ്. എല്ലാ ഊരുകളിലും ശുചിമുറി, വൈദ്യുതി എത്തിക്കൽ എന്നിവയും ലക്ഷ്യങ്ങളാണ്. ആത്മയല്ലാതെ മറ്റൊരു ഗ്രൂപ്പുണ്ട്, തെരുവുകളിലുള്ളവർക്കായി ഭക്ഷണം കൊടുക്കാനും അനാഥാലയങ്ങളിലുള്ളവരെ സഹായിക്കാനുമൊക്കെ ആ ഗ്രൂപ്പ് മുന്നിട്ടിറങ്ങുന്നുണ്ട്.

എഴുത്തിന്റെ ലോകത്തെ പുതിയ സ്വപ്നങ്ങൾ?

അങ്ങനെയൊന്നുമില്ല. എന്നെ മുഷിയാത്ത കാലം വരെയും എഴുതണമെന്നുണ്ട്. പുസ്തകം എന്നൊരു സ്വപ്നമൊന്നും ഇപ്പോഴില്ല. നല്ല മനുഷ്യനായി ജീവിക്കണം, മരിക്കും മുമ്പ് ആർക്കെങ്കിലുമൊക്കെ പ്രചോദനമാകണം എന്നൊക്കെയെ ഉള്ളു.