ഒരു പൊതി ചോറുണ്ടോ മച്ചാനേ, ഒരു കത്തയയ്ക്കാൻ!

ഇനിയും എത്ര അഡ്രസുകൾ വന്നാലും തിരക്കുകൾക്കിടയിലും കത്തെഴുതാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് വനജ. കാരണം താൻ എഴുതി അയയ്ക്കുന്ന ഓരോ കത്തിനും ഒരാളുടെ ഒരു നേരത്തെ വിശപ്പിന്റെ വിലയുണ്ടല്ലോ!

ഫേസ്ബുക്കിലും മെസഞ്ചറിലും വാട്സ്ആപ്പിലും കുത്തി വിരലിന്റെ അറ്റം തേഞ്ഞുപോയവർക്കായിതാ പുതിയൊരു ഐഡിയ. സംഗതി ആപ്പ് ആണെന്നു കരുതി പിന്മാറാൻ വരട്ടെ! കാര്യം സിംപിൾ ആണെങ്കിലും പവർഫുളുമാണ്. വനജ വാസുദേവ് എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭൂതക്കാലത്തിന്റെ നൊസ്റ്റാൾജിയ ക്രിയേറ്റ് ചെയ്യാനും ഒപ്പം ചുറ്റുമുള്ളവർക്ക് നന്മപകരാനുമായി ഒരു അവസരം. പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തിനായുള്ള കാത്തിരിപ്പിന്റെ സുഖവും കത്ത് കയ്യിൽ കിട്ടുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷവും കത്തു പൊട്ടിക്കുമ്പോൾ ഉള്ളിലെ വരികൾ എന്തായിരുക്കുമെന്നറിയാനുള്ള വെമ്പലും അറിഞ്ഞിട്ടുണ്ടോ! പ്രണയവും സൗഹൃദവും സ്നേഹവും നിറഞ്ഞ അത്തരം കത്തുകൾ കാണാൻ പോലും കിട്ടാതെ പോയ പുതിയതലമുറയ്ക്ക് ഒരു പെൺകുട്ടിയുടെ നന്മ നിറഞ്ഞ സമ്മാനം.

‘എന്റെ ഫേസ്ബുക്ക് പേജിലേക്കോ vasudev.vanaja@gmail.com എന്ന മെയിലിലേക്കോ നിങ്ങൾക്ക് അഡ്രസ് അയയ്ക്കാം. എന്നിട്ട് ഇന്നുമുതൽ കാത്തിരുന്നോളൂ. ഞാൻ നിങ്ങൾക്ക് കത്തയയ്ക്കും. പക്ഷേ, കത്ത് കയ്യിൽ കിട്ടിയാൽ വെറുതെ പൊട്ടിച്ച് വായിച്ച് മടക്കി പോക്കറ്റിൽ സൂക്ഷിക്കാൻ പറ്റില്ല. കത്ത് കയ്യിൽ കിട്ടിയ ശേഷം നിങ്ങൾക്ക് പറ്റുന്ന ദിവസം ഒരു പൊതിച്ചോറും ഒരു കുപ്പി വെള്ളവുമായി ഇറങ്ങണം. എന്നിട്ട് ആദ്യം കാണുന്ന വിശപ്പെരിയുന്ന വയറിന് അതു നൽകണം. വയറു നിറയെ ഊട്ടണം. അവരുടെ നിറഞ്ഞ ചിരിയാവണം നിങ്ങൾ എനിക്ക് മടക്കിത്തരുന്ന മറുപടി... ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വനജ പറയുന്നു.

ഒക്ടോബർ 27 നാണ് ഈ ആശയം വനജ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതിനോടകം വന്ന ആയിരത്തിലധികം വിലാസങ്ങളിലേക്ക് അവൾ കത്തെഴുതി. ഇനിയും എത്ര അഡ്രസുകൾ വന്നാലും തിരക്കുകൾക്കിടയിലും കത്തെഴുതാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് വനജ. കാരണം താൻ എഴുതി അയയ്ക്കുന്ന ഓരോ കത്തിനും ഒരാളുടെ ഒരു നേരത്തെ വിശപ്പിന്റെ വിലയുണ്ടല്ലോ! ഭൂതക്കാലക്കുളിരിലേക്ക് ഊളിയിട്ട് നമുക്കും ഈ നന്മയുടെ ഭാഗമായാലോ! പടികടന്നു വരുന്ന പോസ്റ്റ്മാന്റെ കാലൊച്ചയ്ക്കായി ഇനി കാത്തിരിക്കാം. വനജയുടെ സ്നേഹാക്ഷരങ്ങൾ വായിക്കാം, സൂക്ഷിക്കാം. അവളാഗ്രഹിച്ച ‘നന്മ’ മറുപടിയായി നൽകാം.