16ാം വയസില്‍ പൈലറ്റ് ലൈസന്‍സ് നേടി വാരിജ ഷാ

വാരിജ ഷാ

വയസ് ഒന്നിനുമൊരു തടസ്സമല്ലെന്നല്ലേ ചൊല്ല്. വഡോദര സ്വദേശിനിയായ കൊച്ചുമിടുക്കി വാരിജ ഷാ ഇതുകേട്ടാണു വളര്‍ന്നത്. 16ാം വയസില്‍ എല്ലാവരും ഡ്രൈവിംഗ് ലൈസന്‍സിനെക്കുറിച്ചാകും ചിന്തിക്കുക. എന്നാല്‍ വാരിജ ചിന്തിച്ചത് പൈലറ്റ് ലൈസന്‍സിനെക്കുറിച്ചാണ്. ചിന്തിക്കുക മാത്രമല്ല, നേടിയെടുക്കുകയും ചെയ്തു ഒരു സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ്. 

വഡോദരയിലെ നവരചന സാമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വാരിജ. ടു വീലര്‍ ഓടിക്കാനുള്ള ലൈസന്‍സ് പോലും കിട്ടാത്ത സാഹചര്യത്തില്‍ വിമാനം പറത്താന്‍ യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് അവള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 20 മിനുറ്റോളം അവള്‍ വിമാനം പറത്തുകയും ചെയ്തു. സെസ്‌ന 152 എന്ന വിമാനമാണ് വാരിജ പറത്തിയത്. 

തന്റെ 16ാം പിറന്നാള്‍ ദിനത്തിലായിരുന്നു അതെന്നത് വാരിജയുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ വിമാനം പറത്തുകയെന്നത് അവളുടെ അഭിനിവേശമായിരുന്നു. അച്ഛനാണ് തനിക്ക് എന്നും പ്രചോദനമെന്ന്  വാരിജ  പറയുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായി ജോലി ചെയ്യണമെന്നാണ് വാരിജയുടെ ആഗ്രഹം. മാതാപിതാക്കള്‍ തന്റെ ആഗ്രഹത്തെ അകമഴിഞ്ഞ് പിന്തുണച്ചെന്ന്  വാരിജ പറയുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഫ്‌ളൈയിംഗ് ക്ലബ്ബില്‍ ചേര്‍ന്നാണ് വാരിജ പരിശീലനം ആരംഭിച്ചത്. ഗ്രൗണ്ട് ട്രെയ്‌നിംഗും തിയറി ക്ലാസും വിമാനം പറത്തലുമുള്‍പ്പെടെ ഒരു വര്‍ഷത്തെ പരിശീലന കോഴ്‌സായിരുന്നു അത്. 

പറക്കുന്നത് മാത്രമല്ല വാരിജയുടെ ഹോബി. സംസ്ഥാന, ദേശീയ തല ടെന്നിസ് താരം കൂടിയാണ് ഈ 16കാരി. പൈലറ്റാകണമെന്നായിരുന്നു അവളുടെ അച്ഛന്റെ ആഗ്രഹം. ടെന്നിസ് താരമാകണമെന്നായിരുന്നു അമ്മയുടെ ജീവിതത്തിലെ ആഗ്രഹം. ഇതു രണ്ടും തന്നിലൂടെ പൂര്‍ത്തീകരിച്ചു നല്‍കാനുള്ള പുറപ്പാടിലാണ് വിമാനം പറത്തലും ടെന്നിസും പരിശീലിച്ച് വാരിജ മുന്നേറുന്നത്.

വാരിജയ്ക്കു മുമ്പ് ഈ നേട്ടം കൈവരിച്ചത് 16ാം വയസില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയ അയിഷ അസീസാണ്. 20ാം വയസില്‍ പൈലറ്റ് ലൈസന്‍സ് നേടി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ  പൈലറ്റായും അയിഷ മാറി.