ജീവിത വിജയം നേടുന്ന പെണ്‍മക്കളെ എങ്ങനെ വളര്‍ത്തിയെടുക്കാം

Representative Image

കുട്ടികളില്‍, പ്രത്യേകിച്ചു പെണ്‍കുട്ടികളില്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന അമ്മമാരെ നമ്മള്‍ പലപ്പോഴും കുറ്റം പറയാറുണ്ട്. എന്നാല്‍ പുതിയ പഠനം പറയുന്നത് കേട്ടോളൂ. നിങ്ങളൊരു പെണ്‍കുട്ടിയുടെ അമ്മയാണോ അവളില്‍ വളരെ വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ. ആ പ്രതീക്ഷകളെക്കുറിച്ചു നിരന്തരം വെറുപ്പിക്കുന്ന രീതിയില്‍ അവളോടു പറഞ്ഞുകൊണ്ടിരിക്കുക. അവള്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്തു വിജയം വെട്ടിപ്പിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്-ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് എസ്സെക്‌സിലെ ഗവേഷകര്‍ പുറത്തുവിട്ട പുതിയ പഠനം പറയുന്നതിങ്ങനെയാണ്.

വിജയിയായ ഓരോ സ്ത്രീക്കു പിന്നിലും നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരമ്മയുണ്ടെന്നാണ് ഇവരുടെ പുതിയ കണ്ടെത്തല്‍. കാര്യങ്ങള്‍ ചെയ്യാന്‍ എപ്പോഴും നിര്‍ബന്ധിക്കുന്ന ഒരമ്മയുണ്ടെങ്കില്‍ ടീനേജ് പെണ്‍കുട്ടികള്‍ വിജയം കൊയ്യാനുള്ള സാധ്യത കൂടുതലാണെന്നാണു പഠനം പറയുന്നത്. ഇങ്ങനെയുള്ള അമ്മമാരുള്ള പെണ്‍കുട്ടികള്‍ക്ക് താഴെപ്പറയുന്ന സവിശേഷതകളും ഉണ്ടാകുമെന്നാണ് പഠനഫലങ്ങള്‍ നല്‍കുന്ന സൂചന

ഇത്തരം പെണ്‍കുട്ടികള്‍ ടീനേജ് കാലഘട്ടത്തിലേ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണ്

ഇവര്‍ ക്ലാസ് കട്ട് ചെയ്യാതെ കോളെജില്‍ കയറും

കുറഞ്ഞ വേതനമുള്ള ജോലികള്‍ ചെയ്യാന്‍ വിമുഖരായിരിക്കും

കൂടുതല്‍ കാലം തൊഴിലില്ലാതെ ഇരിക്കില്ല.


13-15 വയസ് പ്രായം മുതല്‍ക്കുള്ള പെണ്‍കുട്ടികള്‍ക്ക് 10 വര്‍ഷത്തിനു ശേഷം വരുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്താണു പഠനം നടത്തിയിരിക്കുന്നത്. 15,000 ത്തിലധികം വരുന്ന പെണ്‍കുട്ടികളിലെ സ്വഭാവസവിശേഷതകളാണ് പരിശോധിച്ചത്.