കളിയല്ല ദാമ്പത്യം, സ്ത്രീകൾ വഞ്ചിക്കുന്നത് എന്തിന്?

ബന്ധങ്ങൾ നൂലിൽ കെട്ടിയ പട്ടം പോലെയായിരിക്കുന്ന കാലമാണിന്ന്. ഒന്നു പിടിവിട്ടാൽ പിന്നെ എത്തിപ്പിടിക്കാൻ പ്രയാസം. പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളിൽ പരസ്പര വിശ്വാസവും സഹകരണവും മനസിലാക്കലും അത്യാവശ്യമാണ്. ഇതിലേതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ വിവാഹബന്ധം തകർന്നു തരിപ്പണമാകും. ഡിജിറ്റല്‍ യുഗമായതോടെ വിവാഹ മോചനങ്ങളും വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണു നാം കാണുന്നത്. വിട്ടുവീഴ്ചകൾക്കും നീക്കുപോക്കുകൾക്കും തയ്യാറാകാതെ വീറും വാശിയും പ്രതികാരവും ജയിക്കണമെന്നു കരുതി നടക്കുന്നവർക്കിടയിലാണ് വിവാഹമോചനം വര്‍ധിക്കുന്നത്. പകപോക്കലുകളും ചതിയും പുതിയ തലമുറയിൽ വർധിച്ചിരിക്കുകയാണ്. അതിൽ തന്നെയും സ്ത്രീകൾ വഞ്ചിക്കുന്നതിന്റെ കണക്ക് ദിനം പ്രതി വർധിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ സ്ത്രീകൾ വഞ്ചിക്കാനും ചില കാരണങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഭർത്താക്കന്മാരിൽ നിന്നും ചതി നേരിടേണ്ടി വരുന്ന സ്ത്രീകളാണ് പ്രതികാരം ചെയ്യാനായി തിരിച്ചും വഞ്ചിക്കാൻ തീരുമാനിക്കുന്നത്. ചിലർ ഭർത്താവുമൊത്തുള്ള ജീവിതം മടുക്കുമ്പോഴാണ് വിവാഹേതര ബന്ധം തേടിപ്പോകുന്നത്.

ആണുങ്ങളുടെ കാര്യമെടുത്താൽ അവരിലേറെയും സെക്സിനു വേണ്ടിയാണ് വിവാഹേതര ബന്ധങ്ങളിൽ ചാടുന്നതെങ്കിൽ സ്ത്രീകളുടേത് വികാരപരമാണ്. ബന്ധം സുഖരമല്ലെന്നു തോന്നുമ്പോൾ അവൾ മറ്റൊരു ബന്ധം തേടുന്നു. പക്ഷേ സ്ത്രീകൾ ശാരീരിക സുഖം നേടുക എന്നതിനേക്കാൾ വൈകാരിക പിന്തുണ തേടുന്നതിനാണ് നിലവിലെ ബന്ധം പിരിയുന്നത്.

ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനെ സ്വന്തമാക്കിയ ഒരു യുവതി പറഞ്ഞ കാരണം ഇതാണ്- ജോലിയാണ് ജീവിതം എന്നു പറഞ്ഞു നടക്കുന്ന ഭർത്താവിന് തനിക്കു വേണ്ടി സമയമുണ്ടായിരുന്നില്ല. കുടുംബത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചെങ്കിലും തിരിച്ചു സ്നേഹം കിട്ടുന്നില്ലെന്നു കണ്ടപ്പോഴാണ് മറ്റൊരു ബന്ധത്തെക്കുറിച്ചു ചിന്തിച്ചത്. പത്തു വർഷങ്ങൾ ക്ഷമിച്ചും സഹിച്ചും നടന്നു, ഒരു തരത്തിലും പറ്റില്ലെന്നു കണ്ടപ്പോഴാണ് ഞാൻ മറ്റൊരു ജീവിതം തേടി പോയത്. സ്നേഹം നിറഞ്ഞ ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നെങ്കിലും ജീവിതം മടുപ്പുളവാക്കിയതോടെ മറ്റൊരു ബന്ധം തേടിപ്പോയ സ്ത്രീകളുമുണ്ട്.

ഇരുപത്തിയെട്ടുകാരിയായ യുവതി ഭർത്താവിനെ വഞ്ചിക്കാൻ കാരണം മറ്റൊന്നാണ്. വിവാഹത്തിനു മുമ്പ് കുട്ടികൾ പെട്ടെന്നു വേണമെന്നായിരുന്നു തീരുമാനമെങ്കിലും വിവാഹിതരായതോടെ വനേസയുടെ തീരുമാനം മാറി. അവൾക്കു കരിയറിനു പ്രാധാന്യം കൊടുക്കാനായിരുന്നു താല്‍പര്യം അതു ഭർത്താവും അംഗീകരിച്ചില്ല. ഇതു വനേസയെ ഭർത്താവില്‍ നിന്നകറ്റി മറ്റൊരു ബന്ധത്തിലേക്കു നയിച്ചു. വിവാഹം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞപ്പോള്‍ ഭർത്താവു തന്നെ ചതിക്കുകയാണെന്നു മനസിലായതോടെയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പ്രതികാരം വീട്ടാൻ തീരുമാനിച്ചത്. പ്രതികാരമെന്ന നിലയ്ക്കു മാത്രം തുടങ്ങിയ ബന്ധം പിന്നീടു വളരുകയായിരുന്നത്രേ.

വൈകാരികമായി ഭർത്താവുമൊത്തു അടുപ്പം കാത്തുസൂക്ഷിക്കാൻ കഴിയാത്തതാണ് മിക്ക സ്ത്രീകളും വഞ്ചിക്കുന്നതിനു കാരണം. ഇരുകൂട്ടർക്കുമിടയിലുള്ള വിശ്വാസം തകരുന്നതു തന്നെയാണ് വിവാഹേതര ബന്ധത്തിലേക്കു നയിക്കുന്നതെന്നു പ്രത്യേകം പറയേണ്ടല്ലോ.