ലോകത്തിലെ ഏറ്റവും ഭാരംകൂടിയ കുട്ടി, മാതാപിതാക്കൾക്ക് കണ്ണീർക്കാഴ്ച!

ആര്യ പെർമാന

സമപ്രായക്കാരായ കൂട്ടുകാരെ കിട്ടിയാൽ അവർക്കൊപ്പം കളികളിൽ മുഴുകുന്നവരാണു ഭൂരിഭാഗം കുട്ടികളും. സ്കൂൾ വിട്ടുവന്നാൽ പിന്നെയൊരൊറ്റ ഓട്ടമാണ് മൈതാനത്തിലേക്ക്. പല മാതാപിതാക്കളും കുട്ടികളുടെ ഈ കളിഭ്രാന്തിനെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. പക്ഷേ അങ്ങ് ഇന്തോനേഷ്യയിൽ ഒരച്ഛനും അമ്മയും തങ്ങളുടെ മകൻ മറ്റു കുട്ടികളെപ്പോലെ ഒന്നു ഓടിച്ചാടി ന‌ടക്കുന്നതും സ്കൂളിലേക്കു പോകുന്നതുമൊക്കെ കാണാൻ കൊതിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അതു വെറും സ്വപ്നമായി അവശേഷിക്കുകയാണ്. പത്തുവയസായിട്ടും പുറത്തേക്കൊന്നും പോകാതെ വീടിനകം കഴിച്ചുകൂട്ടുകയാണ് ആര്യ പെർമാനാ എന്ന ആൺകുട്ടി. കാരണം മറ്റൊന്നുമല്ല പ്രായത്തിൽ കവിഞ്ഞ് വണ്ണം, 192 കിലോ!

വെസ്റ്റ് ജാവാ സ്വദേശികളായ അഡെ സൊമാൻട്രിയുടെയും റൊക്കയ്യയുടെയും രണ്ടാമത്തെ മകനാണ് ആര്യ. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിയാണ് ആര്യയിന്ന്. ഒരു ദിവസം അഞ്ചു പ്രാവശ്യം ഭക്ഷണം കഴിയ്ക്കും ആര്യ. ചോറും മത്സ്യവും ബീഫും വെജിറ്റബിൾ സൂപ്പും എല്ലാം അടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ആര്യ കഴിക്കുന്നത്. മകനെ സങ്കടപ്പെടുത്തുന്നതിൽ വിഷമമുള്ള അച്ഛനും അമ്മയും അവന്റെ ഇഷ്ടത്തിനു നിന്നു കൊടുക്കുകയും ചെയ്തു. സാങ്കേതികമായി പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടുപേർ കഴിക്കുന്ന ഭക്ഷണമാണ് ഒരുനേരം ആര്യ കഴിക്കുന്നത്.

192 കിലോയാണ് ആര്യ പെർമാനയുടെ ഭാരം

അമിതവണ്ണം മൂലം ഒരിത്തിരി നടക്കുമ്പോഴേയ്ക്കും ആര്യ കിതയ്ക്കും, ബാലൻസും കിട്ടാതാവും. അതാണ് സ്കൂളിൽ പോകാൻ കഴിയാത്തത്. പാകത്തിനുള്ള വസ്ത്രം ലഭിക്കാത്തതു കൊണ്ടു വീടിനുള്ളിൽ മുണ്ടു ധരിച്ചാണ് ആര്യ നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതു കഴിഞ്ഞാൽ പിന്നെ ഉറക്കമാണ് ആര്യയുടെ ഇഷ്ടകാര്യം. ബാത്ടബ്ബിൽ മണിക്കൂറുകളോളം ഇരിക്കുന്നതും അവന് വലിയ ഇഷ്ടമാണ്.

ജനിക്കുന്ന സമയത്ത് വെറും 3.2 കിലോ മാത്രമായിരുന്നു ആര്യയുടെ തൂക്കം. പക്ഷേ രണ്ടു വയസായപ്പോഴേയ്ക്കും ആര്യയുടെ ശരീരം പ്രായത്തിനപ്പുറം വളർന്നു. ആര്യയെ മറ്റേതെങ്കിലും നല്ല ആശുപത്രിയിൽ കാണിച്ചു വിദഗ്ധ ചികിത്സ നൽകാനാണ് പലരും ആവശ്യപ്പെടുന്നതെങ്കിലും കർഷകനായ അഡെ നിത്യവൃത്തിക്കു പോലും പണം കണ്ടെത്തുന്നതു പാടുപെട്ടാണ്. മകന്റെ വിശപ്പടക്കാനുള്ള ഭക്ഷണം പോലും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയ പണം കൊണ്ടാണ് ഉണ്ടാക്കുന്നതെന്നു പറയുന്നു അഡെ.

ആര്യയുടെ വണ്ണം ജീവനു തന്നെ ഭീഷണിയാകും വിധത്തിലാണു വർധിക്കുന്നതെന്നും ഇതിൽ നിയന്ത്രണം വെക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞതോടെ ഭക്ഷണ കാര്യങ്ങളിൽ ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. വേൾഡ്സ് ഫാറ്റസ്റ്റ് ൈചൽഡ് എന്നു പേരുകേട്ട ആര്യയെ കാണാനായി ദിവസവും നാനാസ്ഥലങ്ങളില്‍ നിന്നും ആളുകൾ എത്തുന്നുണ്ട്.