വംശനാശം നേരിടുന്ന പിശുക്ക്

തകഴിച്ചേട്ടന്റെ പിശുക്കിന്റെ കഥകള്‍ കഴിഞ്ഞ മൂന്നു തലമുറകളിലെ മലയാള സാഹിത്യപ്രേമികളുടെ സദസ്സില്‍ ചിരിക്കു വഴിവച്ചിട്ടുണ്ട്

പിശുക്ക് ഒരു മനോഹരകലയാണ്. ഇത് എന്നെ പഠിപ്പിച്ചത് തകഴിച്ചേട്ടനായിരുന്നു.1982. ഞാനന്ന് എറണാകുളത്ത് പൈകോ പബ്ലിക്കേഷന്‍സില്‍ ചീഫ് എഡിറ്ററാണ്. അഞ്ചു രൂപയ്ക്ക് പ്രശസ്തരായ മലയാളം എഴുത്തുകാരുടെ പുതിയ നോവല്‍ ഓരോ മാസവും ഇറക്കി വായനക്കാരനിലെത്തിക്കുന്നൊരു പദ്ധതിക്കു പ്ലാനിട്ടു.

ആദ്യത്തെ നോവല്‍ തകഴിച്ചേട്ടനെക്കൊണ്ട് എഴുതിക്കണം. ഞാന്‍ തകഴിച്ചേട്ടനുമായി വളരെ അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ ഒരു മകളെ വിവാഹം ചെയ്തിരിക്കുന്നത് എന്റെ ചിറ്റപ്പന്റെ മകനാണ്. അതോടെ അടുപ്പം കൂടി. എറണാകുളത്തു വരുമ്പോള്‍ കേരളത്തിലെ ഏക വെജിറ്റേറിയന്‍ ബാറായിരുന്ന ദ്വാരകയിലും കരിമീന്‍ കഴിക്കാനായി നോണ്‍ വെജ് ഹോട്ടലിലും കയറും.

ഭാര്യയെ വെട്ടിച്ച് സ്മോള്‍ അടിച്ചതിലെ  സന്തോഷത്തിന്റെ ഇക്കണോമി വല്യ ബില്ലിലെ തുകയുടെ പല മടങ്ങാണെന്ന്  അനുഭവിച്ചവര്‍ക്കറിയാം. ആ മൂഡിലാണ് കരിമീനിനെ നേരിടുക. അവിടെയും ഒരു തമാശയുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിനു മുൻപ് തകഴിച്ചേട്ടന്റെ പതിവു ചടങ്ങാണത്. ബെയററെ വിളിച്ച് കരിമീന്‍ പൊരിച്ചതിന്റെ വില ചോദിക്കും. ഇരുപത്തഞ്ചു രൂപ. അദ്ഭുത്തോടെ പറയും. ഒരു കരിമീന്‍ മതി. രണ്ടായി മുറിച്ച് ഞങ്ങള്‍ കഴിച്ചോളാം. ഹോട്ടലിലെ അടുക്കള മുതല്‍ റിസപ്ഷന്‍ വാതില്‍ വരെ വാര്‍ത്ത പരക്കും. പിശുക്കന്‍ മഹാസാഹിത്യകാരന്‍ ദാ ഇവിടെ.

ഞാനാദ്യം കരുതിയിരുന്നത് ഇത് മനഃപൂര്‍വം ചെയ്യുന്ന പരിപാടി ആയിരിക്കാമെന്നാണ്. പക്ഷേ, എനിക്കു തെറ്റു പറ്റി. അദ്ദേഹത്തിന്റെ പിശുക്ക് ആത്മാർഥമായിട്ടായിരുന്നു. തകഴിച്ചേട്ടന്റെ പിശുക്കിന്റെ കഥകള്‍ കഴിഞ്ഞ മൂന്നു തലമുറകളിലെ മലയാള സാഹിത്യപ്രേമികളുടെ സദസ്സില്‍ ചിരിക്കു വഴിവച്ചിട്ടുണ്ട്. പക്ഷേ, ഇതില്‍ ഒരു സത്യമുണ്ട്. അദ്ദേഹത്തിന്റെ പിശുക്കിന് രൂപ എന്ന വിനിമയവസ്തുവുമായേ ബന്ധമുണ്ടായിരുന്നുള്ളൂ. ഉൽപന്നങ്ങളുമായോ സേവനങ്ങളുമായോ ഒരു ബന്ധവുമില്ലായിരുന്നു.

അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, വെറും കൊടുക്കല്‍ വാങ്ങല്‍ രീതിയില്‍ ഒട്ടുമുക്കാലും അവശ്യസാധനങ്ങളും അത്യാവശ്യ സേവനങ്ങളും ചുറ്റുപാടും നിന്നു തന്നെ ലഭിക്കുമായിരുന്നു. ജോലിക്കു കൂലി പണമായിട്ടായിരുന്നില്ല. ഉൽപന്നത്തിന്റെ ഒരു വീതമായിരുന്നു. ഉൽപാദന സ്‌പോട്ടില്‍നിന്ന് ഉപഭോക്തൃസ്‌പോട്ടിലേക്കുള്ള ദൂരം വളരെ കുറച്ചായിരുന്നു. റോട്ടി, കപ്ഡാ, മകാന്‍ മാത്രമല്ല, വിദ്യാഭ്യാസത്തിലെ പ്രധാന ഐറ്റമായ കളരിയാശാന്റെ ഫീസുപോലും നെല്ലും തോര്‍ത്തും പുര കെട്ടാനുള്ള ഉരുപ്പടികളിലും അളക്കപ്പെട്ടിരുന്ന കാലം. ഉൽപാദനമൂല്യത്തിനല്ല, ഉപയോഗമൂല്യത്തിനായിരുന്നു പ്രാധാന്യം.

തിരുവിതാംകൂറില്‍ പദ്മനാഭന്റെ നാലു ചക്രം എന്ന ഭക്തിനിര്‍ഭരമായ മാസശമ്പളം സമൂഹത്തിലെ മാന്യതയുടെ അളവുകോലായതു മുതലാണ് രൂപ സാധാരണക്കാരനെ അലട്ടാന്‍ തുടങ്ങിയത്. ആദ്യകാലത്ത് ശമ്പളം കിട്ടുന്ന സ്വർണരാശിയും വെള്ളിപ്പണവും ചെമ്പുചക്രവും ഒരിക്കലും  വിനിമയത്തിന് ഉപയോഗിച്ചിരുന്നില്ല. വിലപിടിച്ച വസ്തു. ഒരിക്കലും അത് കളയാന്‍ പാടില്ലെന്ന ചിന്ത സ്വാഭാവികമായിരുന്നു.

എത്ര െപട്ടെന്നാണ് പണം നമ്മെ കീഴടക്കിയത്! ഇപ്പോൾ പണവുമായി ബന്ധപ്പെട്ടല്ലാതെ നമുക്കു ഒന്നിനെയും, ഭൗതികതയെയും വൈകാരികതയെയും, എന്തിന്, ആത്മീയതയെയും പോലും കാണാന്‍ പറ്റുന്നില്ല.

തകഴിച്ചേട്ടന്‍ പറയുമായിരുന്നത് ഓര്‍ക്കുന്നു. ‘വര്‍മാ, എറണാകുളത്ത് വീട്ടില്‍ പറമ്പും തെങ്ങുമൊന്നുമില്ലല്ലോ. തേങ്ങാ കാശുകൊടുത്ത് വാങ്ങേണ്ടേ? ദേ, വണ്ടീല് സ്ഥലമുണ്ടല്ലോ. പത്തു തേങ്ങാ കൂടി എടുത്ത് ഇട്ടോളൂ. നല്ല വാളന്‍ പുളിയുണ്ട്. കുരു കുത്തിയതല്ല. അതും കുറച്ച് കൊണ്ടുപൊയ്‌ക്കൊള്ളൂ.’

ഇതേ സമയം ഞാന്‍ ചോദിച്ചുവെന്നിരിക്കട്ടെ. ‘ചേട്ടാ, ഒരു പത്തു രൂപാ വേണമാരുന്നു. ഉണ്ടാകുമോ കൈയില്?’ ഒരു സംശയവുമില്ല, ഉത്തരം വരും.

‘ഇല്ലല്ലോ.’

ഇന്ന് അനുദിനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുന്നു. ആള്‍ക്കാരുടെ വരുമാനവും വർധിക്കുന്നുണ്ടെങ്കിലും വില കൂടുന്ന അനുപാതത്തിലല്ല. പണ്ട് ഒഴിവാക്കിയിരുന്ന ആഡംബരങ്ങള്‍ മിക്കതും ഇന്ന് നമ്മുടെയെല്ലാം അത്യാവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

2007 മുതല്‍ 2010 വരെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ ആയിരുന്നു. പല ഇനങ്ങളിലും ആള്‍ക്കാര്‍ ഉപഭോഗം കുറച്ചു. വരുമാനം കുറഞ്ഞിട്ടും വില കൂടിയിട്ടും ഒട്ടും കുറയാത്തത് സ്ത്രീകളുടെ ആടയാഭരണച്ചെലവായിരുന്നത്രെ. അതുപോലെ നിക്കോട്ടിന്‍ വില 46% കൂടിയിട്ടും പുകവലി 23%  മാത്രമേ കുറഞ്ഞുള്ളൂ. പച്ചക്കറിയും പഴവർഗങ്ങളും വാങ്ങുന്നത് 9% കൂടിയപ്പോള്‍ മധുരപലഹാരവും പഞ്ചസാരയും 6.5% കുറഞ്ഞു.

2003 മുതല്‍ 2006 വരെ നിലനിന്ന നല്ലകാലത്ത് അമേരിക്കക്കാരുടെ മദ്യപാനം 19% കൂടി. വീട്ടിലെ കസേരയും മെത്തയും കര്‍ട്ടനും വേണ്ടിയുള്ള ചെലവ് 13% കൂടി. 2007-2010 ല്‍ മാന്ദ്യം വന്നപ്പോള്‍ ഇവയ്ക്കുവേണ്ടി ചെലവാക്കുന്നത് 16% കുറഞ്ഞു. പക്ഷേ, ആപ്പിള്‍ ഐഫോണും, കിന്‍ഡില്‍ ഫയര്‍ നോട്ട് ബുക്കും, കിന്‍ഡില്‍ റീഡറും, സോണി പ്ലേ സ്റ്റേഷന്‍ വൈറ്റയും, പുതിയ ഫോമാറ്റിലെ  ഹൈ റെസല്യൂഷന്‍ ക്യാമറയും എല്ലാം ഇക്കാലത്ത് ആഗ്രഹങ്ങളില്‍നിന്ന് ആവശ്യങ്ങളായി മാറുന്നതില്‍ സ്പീഡ് കുറച്ചതേയില്ല. ഈ വിലക്കയറ്റത്തിനെ നേരിടാന്‍  ഇക്കണോമിക്‌സ് തിയറികള്‍ക്ക് പ്രവേശനമില്ലാത്ത മനസ്സുകളായിരുന്നു പിശുക്കിന്റേത്.

പക്ഷേ, ഇനി പിശുക്കിന് രക്ഷയില്ല. കാരണം പിശുക്കിനെ നിലനിര്‍ത്തിയിരുന്ന ബാങ്കിങ് സിസ്റ്റം ഇന്ന് ഇല്ലാതായി. ബാങ്ക് എന്നാല്‍ സാധാരണക്കാരന് അവന്റെ പിശുക്കിനെ വളര്‍ത്തുന്ന നിക്ഷേപസൗഹൃദ സൂക്ഷിപ്പു കേന്ദ്രമായിരുന്നു. ആരും മോഷ്ടിക്കാത്ത, ഒരിക്കലും നഷ്ടപ്പെടാത്ത രീതിയില്‍ തന്റെ പണം ധൈര്യമായി വയ്ക്കാം. മുറയ്ക്കു പലിശയും.

ബാങ്കിനു കടം നല്‍കുന്ന പണി കൂടി ഉണ്ടെങ്കിലും ഇന്ത്യന്‍ ബാങ്കുകള്‍ വലിയ അക്കൗണ്ടുകള്‍ വയ്ക്കുന്ന കമ്പനികള്‍ക്കോ പണക്കാര്‍ക്കോ അല്ലാതെ കടം കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ല. സാധാരണക്കാരന്‍ അത്യാവശ്യം വന്നാല്‍പോലും കടം വാങ്ങാനായി ബാങ്കിനെ സമീപിക്കുന്നത് അവനും ബാങ്കും ഇഷ്ടപ്പെട്ടിരുന്നില്ല.

പക്ഷേ, ആഗോള ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡും കാറും ബൈക്കും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തി ഇന്ത്യന്‍ പിശുക്കുമനസ്സിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ യാഥാസ്ഥിതിക ബാങ്കുകള്‍ക്കും നിലനില്‍പ്പിന് തങ്ങളുടെ പ്രവര്‍ത്തനശൈലി മാറ്റേണ്ടി വന്നു. ഇനി പിശുക്കിന് പിടിച്ചു നില്‍ക്കാന്‍ ഉറച്ച മണ്ണില്ല.

ഞാന്‍ ഓഹരി എന്ന നോവല്‍ എഴുതുന്നതിനെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ അതു തറവാട് വീതം വച്ച് കുടുംബാംഗങ്ങള്‍ക്ക് ഓഹരി നല്‍കുന്ന കഥയായിരി

ക്കുമെന്നാണ് തകഴിച്ചേട്ടന്‍ കരുതിയിയിരുന്നത്. പിശുക്ക് എന്ന സ്വഭാവവിശേഷത്തെ ഇല്ലാതാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കാന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സാമ്പത്തികശക്തിക്കു കഴിയും എന്ന് അദ്ദേഹത്തിലെ പ്രവാചകനായ കഥാകാരന്‍ പിന്നീട് നോവല്‍ വായിച്ചതിനുശേഷം പറയുകയുണ്ടായി.

പിശുക്ക് എന്ന വികാരം ഇന്നു കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുന്നു. അങ്ങനെ സാമ്പത്തികരംഗത്തെ ഒരു മനോഹരമായ കലയ്ക്കു വംശനാശം വരികയാണ്. ഒന്നാലോചിച്ചു നോക്കൂ. അത് നല്ലതോ ചീത്തയോ? 

Read more: Finance, Sampadyam, Sampadyam tips in Malayalam