സ്വപ്ന പദ്ധതികളുമായി പ്രവാസി ചിട്ടി, വിശദാംശങ്ങൾ കെഎസ്എഫ്ഇ ചെയർമാൻ വെളിപ്പെടുത്തുന്നു

"ഇൻഷുറൻസ് കവറേജും പെൻഷൻ പ്ലാനും സമന്വയിപ്പിച്ചുകൊണ്ട് പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്നതാണ് പുതിയ പ്രവാസി ചിട്ടി. ലോകത്തിന്റെ ഏതു കോണിലിരുന്നും ഇതിൽ ചേരാം, വരിസംഖ്യ അടയ്ക്കാം, ലേലവും വിളിക്കാം. ചിട്ടിപ്പണം കൈപ്പറ്റാനുള്ള നടപടിക്രമങ്ങളാകട്ടെ സുഗമവും. വിദേശവാസികളായ മലയാളികൾക്ക് പ്രയോജനപ്പെടുംവിധമുള്ള രൂപകൽപനയാണ് പ്രവാസി ചിട്ടിയുടേത്." കെഎസ്എഫ് ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പറയുന്നു.

കേരളാ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുകയും ദശകങ്ങളായി പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞ സാന്നിധ്യമായി തുടരുകയും ചെയ്യുന്ന അഡ്വ. പീലിപ്പോസ് തോമസ് ഇൗയിടെയാണ് കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽനിന്നും.

പ്രവാസി ചിട്ടി എന്നു തുടങ്ങും?

കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. പ്രവാസികൾ അവധിക്കു നാട്ടിലെത്തുന്ന സമയമാണ് ഇപ്പോൾ. അവർ തിരിച്ചു ചെല്ലുമ്പോഴേക്കും, അടുത്ത മാസം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്എഫ്ഇക്ക് നിലവിൽ വിദേശത്തു ശാഖകളില്ല. അതിനാൽ എല്ലാം ഓൺലൈനായാണ്. വരിക്കാരെ ചേർക്കുന്നതും ലേലം വിളിക്കുന്നതും പണമടയ്ക്കലും, അങ്ങനെ എല്ലാം. അതിനായി മികച്ച സോഫ്റ്റ് വെയർ തയാറാക്കി വരുന്നു.

ചിട്ടി ലേലം എങ്ങനെ?

ഓരോ ചിട്ടിയുടെയും ലേലസമയം നേരത്തേതന്നെ കൃത്യമായി അറിയിച്ചിരിക്കും. അതനുസരിച്ച് ലോകത്തിന്റെ ഏതു കോണിൽനിന്നും വരിക്കാർക്ക് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം, ചിട്ടി വിളിച്ചെടുക്കാം. കെഎസ്എഫ്ഇ ശാഖയിൽ പോയി ലേലം വിളിക്കുന്ന പോലെ തന്നെ ഓൺലൈനായി പങ്കെടുക്കാനുള്ള സംവിധാനമാണ് ഒരുക്കുക. കയ്യിലൊരു സ്മാർട് ഫോൺ മാത്രം ഉണ്ടായാൽ മതി.

വരിസംഖ്യ എങ്ങനെയാണ് അടയ്ക്കുന്നത്?

അതും ഓൺലൈനായി ചെയ്യാം. ഫോൺ ഉപയോഗിച്ചോ അല്ലാതെയോ ഫിനാൻഷ്യൽ ആപ്പുകൾ വഴിയും പണം സ്വീകരിക്കും. ഒപ്പം, കെഎസ്എഫ്ഇ സ്വന്തമായി ഒരു മൊബൈൽ ആപ് വികസിപ്പിക്കുന്നുണ്ട്. അത് ഡ‍ൗൺലോഡ് ചെയ്ത് അതുവഴിയും പണം അടയ്ക്കാം.

പരാതികൾ എവിടെ പറയണം?

വിദേശത്തു ശാഖകളില്ലെന്നു പറഞ്ഞല്ലോ. എന്നാൽ പ്രവാസി ചിട്ടിക്കായി മാത്രം കേരളത്തിൽ ഒരു വെർച്വൽ ബ്രാഞ്ച് ആരംഭിക്കും. ഇൻഫോ പാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസ്. ഏതു സമയത്തും എവിടെ നിന്നും വിളിക്കാം. പരാതിയോ ആവശ്യങ്ങളോ പറയാം. പരിഹാരം തേടാം.

പ്രവാസി ചിട്ടി തുടങ്ങാൻ കാരണം?

പ്രവാസികളെ ചിട്ടികളിൽ ചേർക്കാൻ ആർബിഐ അനുമതി നൽകിയതോടെയാണ് ഇത്തരം ഒരു പദ്ധതിയെക്കുറിച്ചു ചിന്തിച്ചത്. നിലവിൽ ധാരാളം പ്രവാസി മലയാളികൾ കെഎസ്എഫ്ഇയ്ക്കൊപ്പമുണ്ട്. അവർക്കും അവരോടൊപ്പം ചിട്ടിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന അനേകർക്കും ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയും.

ചിട്ടി പിടിച്ചാൽ പണം എങ്ങനെ കൈപ്പറ്റും? എന്താണ് ഈട് ?

അതിനും ഓൺലൈനായി തന്നെ സംവിധാനമുണ്ട്. ഈടായി നാട്ടിലെ ഭൂമിയോ സ്വർണമോ സ്വീകരിക്കും. പക്ഷേ, ജാമ്യനടപടികളിൽ നിലവിലെ സംവിധാനത്തിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. പ്രവാസി ചിട്ടിയാണെങ്കിലും നാട്ടിൽത്തന്നെയാണ് റജിസ്റ്റർ ചെയ്യുന്നത്. അതിനാൽ ഡോക്യുമെന്റേഷൻ പാർട്ട് സംസ്ഥാനത്തു നടത്തണം.

വിദേശത്തുനിന്നു നാട്ടിലേക്കു വരാതെ തന്നെ ഇതു ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആവശ്യമായ ജാമ്യം നൽകാനുള്ള അധികാരം വരിക്കാരൻ പവർ ഓഫ് അറ്റോണി വഴി അടുത്ത ബന്ധുക്കൾക്കാർക്കെങ്കിലും നൽകണം. പിന്നെ ആ ബന്ധുവിനു കെഎസ്എഫ്ഇയുെട ഏതു ശാഖയിലും ചെന്ന് നടപടികൾ പൂർത്തിയാക്കാം. ഇപ്പോൾ ഭൂമി റജിസ്റ്റർ ചെയ്യുന്നതിനുള്ള കാലതാമസം പരിഹരിക്കാൻ റജിസ്ട്രേഷൻ വകുപ്പുമായി ചർച്ചകൾ നടക്കുന്നു.

ഈടിനു ഭൂമി തന്നെ വേണമെന്നില്ല.

പ്രവാസികളുടെ  കൈയിൽ കാര്യമായി സ്വർണം കാണും. മിക്കതും ഡെഡ് ഇൻവെസ്റ്റ്മെന്റായി ഇരിക്കുകയായിരിക്കും. അത് ഈടു വച്ചും ചിട്ടിതുക കൈപ്പറ്റാം. നാട്ടിൽ ആരുടെയെങ്കിലും സാലറി സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമെങ്കിൽ അതും ഈടായി സ്വീകരിക്കും.

എത്ര തുകയ്ക്കുള്ള ചിട്ടികളാണ് ആരംഭിക്കുന്നത്?

അങ്ങനെ നിശ്ചിത തുകയില്ല. ഇടപാടുകാർക്ക് സ്വീകാര്യമായ ഏതു തുകയ്ക്കും ചിട്ടി ചേരാം. 2,000 രൂപ മുതൽ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും ചേരാവുന്ന തരത്തിൽ ചിട്ടികളുണ്ടാകും.

ചിട്ടിയുടെ കാലാവധി?

24 മാസം മുതൽ പരമാവധി 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് പ്ലാൻ ചെയ്യുന്നത്. കാരണം, ഗൾഫ് രാജ്യങ്ങളിൽ ലേബർ കോൺട്രാക്ട് 24–30 മാസം വരെയാണ്. അതിനാൽ അതിനുള്ളിൽ തീരുന്ന ചിട്ടികളോടാണ് പ്രവാസികൾക്കു താൽപര്യം എന്ന് അവർ തന്നെ പറയുന്നു. ഇല്ലെങ്കിൽ ചിട്ടി മുടങ്ങിപ്പോകാൻ സാധ്യതയുണ്ടത്രെ.

ഇൻഷുൻസ് കവറേജ് ഹൈലൈറ്റായി പറയുന്നുണ്ട്.എന്താണത്?

വരിക്കാർ മരിച്ചാൽ, അല്ലെങ്കിൽ മാരകരോഗം വന്നാൽ, തുടർന്ന് ചിട്ടി അടയ്ക്കാൻ കുടുംബത്തിനു കഴിയാതെ വരാം. അത് ഒഴിവാക്കാനായി ഇൻഷുറൻസ് സംരക്ഷണം കെഎസ്എഫ്ഇ തന്നെ നൽകും. 10 ശതമാനം വരിക്കാരിലെങ്കിലും മരണം മൂലം ചിട്ടി മുടങ്ങാനുള്ള സാധ്യതുണ്ടെന്നാണ് കണക്ക്. അത്തരം ഒരു സ്ഥിതിയുണ്ടായാൽ ബാക്കി ചിട്ടി തുക ഇൻഷുറൻസ് കമ്പനി അടയ്ക്കും. കുടുംബത്തിനു ഭാരമുണ്ടാകില്ല. ഇതിനുള്ള ചർച്ചകൾ എൽഐസിയും കിഫ്ബിയുമായി പുരോഗമിക്കുകയാണ്.

ഇൻഷുറൻസ് പ്രീമിയം?

വരിക്കാരിൽനിന്നു 0.4 ശതമാനം അധികം തുക ഈടാക്കിയാണ് ഈ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പ്രവാസി ചിട്ടി വഴി പെൻഷൻ ലഭിക്കുമോ?

ചിട്ടിപ്പണം പെൻഷൻ പദ്ധതിയുമായി ബന്ധിപ്പിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കും. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ മാസം പെൻഷൻ ലഭ്യമാക്കുംവിധമായിരിക്കും സംവിധാനം. പെൻഷൻ പദ്ധതി ലഭ്യമാക്കുന്ന സ്ഥാപനവുമായി സഹകരിച്ചാവും ഇതൊരുക്കുക. കൃത്യമായ പദ്ധതിയായിട്ടില്ല. ചർച്ചകൾ നടക്കുന്നു.പെൻഷൻ പദ്ധതിയിൽ താൽപര്യമില്ലാത്തവർക്ക് കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ച് ന്യായമായ പലിശ നേടാനും അവസരമുണ്ടാകും.

വരിക്കാരെ എങ്ങനെ ചേർക്കും?

സെപ്റ്റംബർ മാസം ഗൾഫിൽ വച്ച് തന്നെ ചിട്ടി അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. ഒപ്പം, പ്രവാസി കൂട്ടായ്മകൾ വഴി മാർക്കറ്റിങും നടത്തും. നോർക്കയുടെ കൈയിൽ പ്രവാസികളുടെ ഡേറ്റാ ബേയ്സ് ഉണ്ട്. അതുവഴി വരിക്കാരെ കണ്ടെത്താനാകും. നല്ല പ്രതികരണമാണ് പ്രവാസികൾക്കിടയിൽനിന്നു കിട്ടുന്നത്.

ഞങ്ങൾ പ്രവാസികൾക്കിടയിൽ സർവേ നടത്തിയിരുന്നു. അതിൽ 70 ശതമാനം പേരും ചിട്ടിയിൽ ചേരാൻ തയാറാണ്. സർക്കാരിന്റെ സ്ഥാപനം, 47 വർഷത്തെ മികച്ച ട്രാക് റെക്കോർഡ്, വിശ്വാസ്യത എന്നിവയെല്ലാം കെഎസ്എഫ്ഇയുടെ കരുത്തു തന്നെയാണ്.

ഏതു സമയത്തും ചേരാം, പിടിക്കാം ?

ആദ്യ വർഷം ഒരു ലക്ഷം വരിക്കാരെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ വർഷം തുക നിശ്ചയിച്ചിട്ടില്ല. എപ്പോഴും ചേരാവുന്ന വിധം ആയിരിക്കും ചിട്ടി. അതായത്, നിങ്ങൾ ചേരാ‍ൻ ആഗ്രഹിക്കുന്ന സമയത്ത് ചിട്ടി ലഭ്യമായിരിക്കും. ഒരു ചിട്ടി തീരുന്നതനുസരിച്ച് പുതിയതു തുടങ്ങും. എല്ലാ ആഴ്ചയിലും നറുക്കെടുപ്പും ഉണ്ടായിരിക്കും.

നേട്ടം പ്രവാസിക്ക്, വികസനം നാടിന്

കിഫ്ബിക്ക് ആവശ്യമായ പണം കണ്ടെത്തുക എന്ന ദൗത്യം ഇവിടെ കെഎസ്എഫ്ഇക്കാണ്. അതിന്റെ ഭാഗമായി കൂടിയാണ് പ്രവാസി ചിട്ടികൾ ആരംഭിക്കുന്നത്. നിക്ഷേപത്തിന്റെ ഗുണം മികച്ച രീതിയിൽ വ്യക്തിക്കു കിട്ടും. ഒപ്പം, നാടിന്റെ വികസനത്തിനു പണം ഉറപ്പാക്കുകയും ചെയ്യാം. തുടക്കത്തിൽ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ രണ്ടു പദ്ധതികൾക്ക് ആവശ്യമായ തുക കണ്ടെത്താനാണ് ഉദ്ദേശ്യം. 12,000 കോടി രൂപ ആദ്യ വർഷം സമാഹരിക്കാനായാൽ അതിൽ 10,000 കോടി രൂപ ഇതിനായി വിനിയോഗിക്കും.

സ്വപ്ന പദ്ധതികളിൽ പങ്കാളികളാവാം

 സ്വന്തം നാട്ടിൽ നിങ്ങൾ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു വികസന പദ്ധതി നടപ്പിലായി കാണാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഭാവിയിൽ പ്രവാസി ചിട്ടി വഴി കെഎസ്എഫ്ഇ ആ ആഗ്രഹം സാധിച്ചുതരും. അതിനായി നിങ്ങളടങ്ങുന്ന ഒരു പ്രവാസി കൂട്ടായ്മയ്ക്കു ചിട്ടിയിൽ ചേരാം. അതിലെ പണം നിങ്ങളാഗ്രഹിക്കുന്ന പദ്ധതിക്കായി നൽകാം.

ഈ പണം തിരിച്ചു കിട്ടുമോ?

ചിട്ടിപ്പണത്തിൽ ഫ്ളോട്ടിങ് ഫണ്ടായി കൈയിലുള്ള തുക കെസ്എഫ്ഇ കിഫ്ബി ബോണ്ടിലാണ് നിക്ഷേപിക്കുക. അത് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. അതിനാൽ വരിക്കാരന് സ്വന്തം പണം ആവശ്യാനുസരണം ലഭിക്കും. നിലവിൽ ട്രഷറിയിലാണ് കെഎസ്എഫ്ഇ നിക്ഷേപം. ഇവിടെ സർക്കാർ ആരിൽനിന്നും സംഭാവന വാങ്ങുന്നില്ല.

പ്രവാസിക്ക് യാതൊരുവിധ അധിക ബാധ്യതയും ഇല്ല. പക്ഷേ, നിങ്ങളുടെ പണം നാടിനും കൂടി വേണ്ടി വിനിയോഗിക്കുമെന്ന് നിങ്ങൾക്ക് അഭിമാനിക്കാം.

പുതിയ യുഗത്തിലേക്ക് കെഎസ്എഫ്ഇ

പ്രവാസി ചിട്ടി യാഥാർഥ്യമാകുന്നതോടെ കെഎസ്എഫ്ഇ ചിട്ടി ഒരു പുതിയ യുഗത്തിലേക്കു കടക്കും. ചിട്ടിയെന്ന സങ്കൽപം തന്നെ മാറുകയായി. പൊന്നോണ ചിട്ടി ഓരോ ശാഖയിലും പതിവുപോലെ ഉണ്ടാകും. കഴിയുന്നത്ര പുതുമകൾ കൊണ്ടുവന്ന് ആളുകളെ ആകർഷിക്കാനാണു ശ്രമം. ഏറ്റവും നല്ല ഒരു സാമ്പത്തിക ഉൽപന്നമായി പ്രവാസി ചിട്ടിയെ മാറ്റും. അതനുസരിച്ച് നാട്ടിലെ ചിട്ടികളും മെച്ചപ്പെടുത്തും.

നിലവിൽ 33 ലക്ഷം ഉപഭോക്താക്കളുണ്ട്. ഇതിൽ 17 ലക്ഷവും സജീവ ചിട്ടി വരിക്കാരാണ്. പക്ഷേ, 40 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇന്ന് ചിട്ടി ചേരുന്നത്. ഈ പ്രായം 30–40 ഗ്രൂപ്പിലേക്ക് കൊണ്ടുവന്ന് പുതുതലമുറയ്ക്ക് ഇഷ്ട സാമ്പത്തിക ഉപകരണമാക്കി മാറ്റും. ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ് കെഎസ്എഫ്ഇ. വരിക്കാർക്ക് ഭവനവായ്പ ലഭ്യമാക്കാൻ പദ്ധതിയുണ്ട്. അതുപോലെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഏതാവശ്യത്തിനും കൃത്യമായ ആസൂത്രണത്തിലൂടെ വിനിയോഗിക്കാവുന്ന ചിട്ടികളുണ്ട്.

നാട്ടിൽ പുതിയ ചിട്ടികൾ ആരംഭിക്കുന്നുണ്ടോ?

ഓരോ ശാഖയിലും ഉണ്ട്. കൂടാതെ ഓരോ ജില്ലയിലും ഓരോരോ ശാഖകളിൽ 120 മാസത്തെ ചിട്ടി തുടങ്ങാനും ആലോചനയുണ്ട്. ഇത്തരം ചിട്ടി 40 ശതമാനം വരെ താഴ്ത്തി വിളിക്കാൻ കഴിയും. ഒരു സാമ്പത്തിക ഉപകരണമെന്ന നിലയിൽ ചിട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും വിധമുള്ള പുതിയ ചിട്ടികളാണ് ലക്ഷ്യം. ഒരിക്കൽ ചേർന്ന് പ്രയോജനവും മികവും മനസ്സിലാക്കിയവർ വീണ്ടും ചിട്ടിയിൽ ചേർന്നിരിക്കും.

മികച്ച നിക്ഷേപം, വായ്പ 

പ്രവാസികൾക്കു മറ്റു പല നിക്ഷേപാവസരങ്ങളും ഉണ്ടെന്നത് ശരിയാണ്. പക്ഷേ, ശരാശരി പ്രവാസികൾക്കിടയിൽ ഓഹരിയോ മ്യൂച്വൽ ഫണ്ടോ പോലുള്ളവ ഉപയോഗപ്പെടുത്തുന്നവർ കുറവാണ്. അറിവില്ലാത്തതും സമയമില്ലാത്തതും ഒക്കെ ഇതിനു കാരണമാകും. ഇവിടെയാണ് ചിട്ടി പ്രസക്തമാകുന്നത്.

നിക്ഷേപം എന്ന നിലയിൽ ചിട്ടി ഗുണകരമാണ്. പ്രത്യേകിച്ച് ബാങ്ക് പലിശ കുറയുന്ന സാഹചര്യത്തിൽ. ബാങ്കിലാണെങ്കിൽ കിട്ടുന്ന പലിശയ്ക്കു നികുതിയും നൽകണം. ലേലക്കിഴിവ് ഇനത്തിൽ മാസഗഡുവിൽ കിട്ടുന്ന കുറവ് ഫലത്തിൽ വലിയ ആദായമാണ്. അത്യാവശ്യത്തിനു വിളിച്ചെടുക്കാമെന്നതിനാൽ വായ്പയ്ക്കു പകരക്കാരനായും ചിട്ടിയെ ഉപയോഗപ്പെടുത്താം. അതുപോലെ മുടക്കച്ചിട്ടികളിൽ ചേരുക വഴി കൂടുതൽ ആദായം ഉണ്ടാക്കാനുള്ള അവസരവും കെഎസ്എഫ്ഇ നൽകുന്നു.  

Read more: Finance, Sampadyam, KSFE