വിലപിടിച്ചവ ലോക്കറിലാക്കിയാലും സുരക്ഷ നിങ്ങളുടെ കൈയിൽ!!

ബാങ്ക് പറയുന്ന ഫീസും ഡിപ്പോസിറ്റും നൽകിയാണ് നിങ്ങൾ ലോക്കർ എടുക്കുന്നതെങ്കിലും അതിലെ വസ്തുക്കളുടെ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമാണ്, ബാങ്കിനല്ല. റിസർവ് ബാങ്ക് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.

മോഷണം, പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം നഷ്ടം സംഭവിച്ചാൽ ബാങ്ക് നഷ്ടപരിഹാരം നൽകില്ല. വിവരാവകാശ നിയമപ്രകാരം ആർബിഐയും 19 പ്രമുഖ ബാങ്കുകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കും ലോക്കറുടമയും തമ്മിൽ ഉടമയും പാട്ടക്കാരനും തമ്മിലുള്ള ബന്ധമാണ്. കരാർ അനുസരിച്ച്  കസ്റ്റമർ സ്വന്തം റിസ്കിൽ തന്നെയാണ് വസ്തുക്കൾ ലോക്കറിൽ സൂക്ഷിക്കേണ്ടത്.

ലോക്കറിലെ വസ്തുക്കളെ സംബന്ധിച്ചോ അവയുടെ മൂല്യത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ബാങ്കിനറിയില്ല. അതിനാൽ നഷ്ടം വന്നാൽ അത് കണക്കാക്കാനും കഴിയില്ല. 1872 ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്‌ഷൻ 152 ലും ഇതു വ്യക്തമാക്കുന്നുണ്ട്. ബാങ്കിന്റെ വീഴ്ചകൊണ്ട് കസ്റ്റമറുടെ വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിനു സാധ്യതയുണ്ട്. പക്ഷേ, അതു തെളിയിക്കാൻ കഴിയണം. ലോക്കറിലുള്ളവ നഷ്ടപ്പെട്ടാൽ 1986 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കൺസ്യൂമർ ഫോറത്തിൽ പരാതി സമർപ്പിക്കാം.

ലോക്കറുകൾ എങ്ങനെ സ്വന്തമാക്കാം?

∙  ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികൾ ചേർന്നോ ലോക്കർ എടുക്കാം. സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ, സൊസൈറ്റികൾ തുടങ്ങിയവർക്കും  ആരംഭിക്കാം.

∙  ബാങ്ക് അക്കൗണ്ട് േവണം. ലോക്കറിന്റെ വാർഷികഫീസ് അഡ്വാൻ‌സായി നൽകണം. ലോക്കറിന്റെ വലുപ്പം, ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍ എന്നീ കാര്യങ്ങൾ വിലയിരുത്തിയാണ് ഫീസ് നിശ്ചയിക്കുക.

∙ അതിനു പുറമേ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. കുറഞ്ഞത് മൂന്നുവർഷത്തെ വാർഷിക ഫീസ്, അടിയന്തരഘട്ടത്തിൽ ബലം പ്രയോഗിച്ച് ലോക്കർ തുറക്കുന്നതിനു പകരം കീയ്ക്കുള്ള ചെലവും ഉൾപ്പെടെ ബാങ്ക് നിശ്ചയിക്കുന്നതാണ് ഡിപ്പോസിറ്റ്.

∙ രണ്ടു താക്കോലുകളിൽ ഒന്ന് ഉപഭോക്താവിന്റെ പക്കലും ഒരെണ്ണം ബാങ്കിന്റെ പക്കലുമായിരിക്കും. രണ്ടും ഒന്നിച്ചുണ്ടെങ്കിലേ ലോക്കർ തുറക്കാനാകൂ.

∙ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ലോക്കർ അനുവദിക്കുക. ഒഴിവില്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റിൽ പേരു ചേർക്കും.

ലോക്കർ കീ നഷ്ടപ്പെട്ടാൽ

∙  ഉടൻ ബാങ്കിൽ അറിയിക്കണം. ലോക്ക് മാറ്റാനും പുതിയ താക്കോലിനുമുള്ള െചലവ് നിങ്ങൾ തന്നെ വഹിക്കണം.

∙ ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ടെക്നീഷൻ പൂട്ടു തകർത്ത് ലോക്കറിലുള്ളവ നിങ്ങളെ ബോധ്യപ്പെടുത്തും.

∙ കീ നഷ്ടപ്പെട്ടാൽ വലിയ സാമ്പത്തികച്ചെലവും ലോക്കറിനുള്ളിലുള്ളവ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടാകും. അതിനാൽ കീ ഭദ്രമായി സൂക്ഷിക്കുക.

∙ നിശ്ചിത ഇടവേളകളിൽ ലോക്കർ തുറന്നില്ലെ

ങ്കിൽ നോട്ടിസ് നൽകി ബലം പ്രയോഗിച്ച് തുറക്കും.

∙ റിസ്ക് ഉള്ള കസ്റ്റമറാണെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ തുറക്കാതിരുന്നാൽ നോട്ടിസ് നൽകും. മറുപടിയില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകി തുറക്കും.

∙ മീഡിയം റിസ്ക് കസ്റ്റമേഴ്സിന് മൂന്നു വർഷമാണ് കാലാവധി.

നിയമങ്ങൾ

ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 (Section 45 ZC to 45 ZF),2. ബാങ്കിങ് കമ്പനീസ് (Nomination) Rules 1985  (Rule 4),. ഇന്ത്യൻ കോൺട്രാക്ട് ആക്ട് 1872 (Section 152), ഇന്ത്യൻ സസെഷൻ‌ ആക്ട് 1925. കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്ട് 1986 Section 2 (1) d എന്നിവ ബാധകമാണ്

∙ എസ്ബിഐയിൽ ഒരു വർഷം 12 സന്ദർശനം സൗജന്യം. പിന്നീടുള്ള ഓരോ വിസിറ്റിനും 100 രൂപയും സർവീസ് ചാർജും.

∙ േകരള ഗ്രാമീൺ ബാങ്കിൽ 24 സന്ദർശനം സൗജന്യം. പിന്നീടുള്ള ഓരോന്നിനും $ 20 + ST.

Read more: FinanceSampadyam