Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബഭാരം തോളിലേറ്റുന്ന ഒരു ഉദ്യോഗസ്ഥയുടെ ആകുലതകൾ

How to solve the economic problems

ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് എന്‍റേത്. അദ്ദേഹത്തിനു 48 വയസ്സും എനിക്ക് 44 വയസും. മകൾ പ്ലസ്ടുവിനും മകൻ യുകെജിയിലും പഠിക്കുന്നു. മുംബൈയിൽ സീനിയർ ലെവലിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് അതു വിട്ട് സംരംഭം തുടങ്ങി 20 ലക്ഷം രൂപയുടെ ബാധ്യതയായി. ഇപ്പോൾ വീണ്ടും ജോലിക്കു ശ്രമിക്കുന്നുണ്ട്. എനിക്കു സ്വകാര്യസ്ഥാപനത്തിൽ ജോലിയുണ്ട്. മാസം 35,000 രൂപയാണ് ശമ്പളം. അതിൽ 1,800 രൂപ പിഎഫിലേക്കും 6,200 രൂപയോളം എൽഐസിയിലേക്കും അടവു വരുന്നു. 27,000 രൂപയാണു ബാക്കിയുള്ളത്. കൂടാതെ സ്വന്തമായുള്ള കടമുറിയുടെ വാടക 11,000 രൂപയും കിട്ടുന്നു. ഇതിനു 40 ലക്ഷം വിലമതിക്കും. മുംബൈയിൽ ചെറിയൊരു ഫ്ലാറ്റ് ഉള്ളത് വാടകയ്ക്കു നൽകി കിട്ടുന്ന 15,000 രൂപ ഭർത്താവാണു കൈകാര്യം ചെയ്യുന്നത്.

ബാങ്ക് ബാലൻസ് ഒന്നുമില്ല

നിലവിൽ ബാങ്ക് ബാലൻസ് ഒന്നുമില്ല. ഇരുപത്തിയഞ്ച് പവൻ സ്വർണം ഉള്ളതാകട്ടെ പണയത്തിലാണ്. നാലു ലക്ഷം രൂപയോളം വരും. ഇതിൽ മൂന്നു ലക്ഷം കാർഷിക വായ്പയാണ്. ഓഹരിയായി ഒൻപതു സെന്റ് സ്ഥലമുണ്ടായിരുന്നു. അതിൽ മൂന്നു സെന്റ് ഭർത്തൃസഹോദരനു കൊടുത്തു വാങ്ങിയ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടു പണിതത്. ഭവനവായ്പ ഇല്ല. സ്വന്തമായി വാഹനവും ഇല്ല. മകൾക്കു പ്ലസ്ടു കഴിഞ്ഞ് വിദ്യാഭ്യാസ വായ്പ വേണമല്ലോയെന്നു കരുതിയാണ് വണ്ടിയൊന്നും വാങ്ങാത്തത്. പഠിക്കാൻ മിടുക്കിയായ മോൾക്കു സമ്മാനം കിട്ടിയ 25,000 രൂപ അഞ്ചു കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഭർത്താവിനും എനിക്കുമായി എട്ട് എൽഐസി പോളിസികളുണ്ട്. 2011ൽ തുടങ്ങിയതാണ് ഇവയെല്ലാം. ആകെ സം അഷ്വേഡ് ഒൻപതു ലക്ഷം വരും. ഇതിൽ എന്റെ ശമ്പളത്തിൽനിന്നു പിടിക്കുന്നതും പ്രതിമാസം അടവു വരുന്നതും അർധ– വാർഷിക പ്രീമിയം വരുന്നവയും ഉണ്ട്. ചിലതൊക്കെ ഒന്നോ രണ്ടോ തവണ മാത്രം അടച്ച് മുടങ്ങിക്കിടക്കുന്നു. വിളിച്ചെടുത്ത ചിട്ടിക്ക് മാസം 10,000 രൂപ വീതം 2018 ഡിസംബർ വരെ അടയ്ക്കണം. വീട്ടുചെലവ് മാസം 8,000 രൂപയോളം വരും. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനു മാസം 10,000 രൂപ

വേണം. കമ്പനി ഹെൽത്ത് പോളിസിയിൽ (മൂന്നു ലക്ഷം രൂപ) കുടുംബാംഗങ്ങൾക്കു കൂടി കവറേജ് കിട്ടുന്നുണ്ട്.

ജീവിതലക്ഷ്യങ്ങൾ 

1.  വീടു പണിയാൻ വാങ്ങിയ 20 ലക്ഷം തിരിച്ചു കൊടുത്ത് സ്ഥലം തിരികെ വാങ്ങുക.

2.  മകളുടെ പ്ലസ്ടു പഠനത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്തുക.

3.  സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് കാർ എങ്കിലും വാങ്ങുക.

4.  ഭർത്താവിനു മികച്ചൊരു വരുമാനമാർഗം കണ്ടെത്തുക.

5.  മകന്റെ ഉന്നത വിദ്യാഭ്യാസവും റിട്ടയർമെന്റ് ലൈഫും  പ്ലാൻ ചെയ്യുക.

ഇതോടൊപ്പം കുടുംബവുമൊന്നിച്ച് ഇടയ്ക്കിടെ വിനോദയാത്ര പോകണമെന്നും ആഗ്രഹമുണ്ട്. ദയവായി പേരു വിവരങ്ങൾ വെളിപ്പെടുത്താതെ മേൽപറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ സാധിക്കുന്നതിനു ഉചിതമായ വഴികൾ നിർദേശിക്കണമെന്നു അഭ്യർഥിക്കുന്നു.

ഉത്തരവാദിത്തങ്ങൾ സ്‌ത്രീ എന്ന നിലയിൽ സ്വന്തം ചുമലിലേറ്റാൻ തയാറായ താങ്കളെ അഭിനന്ദിക്കട്ടെ. സാധാരണ പുരുഷന്മാരാണ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാറുള്ളത്. ജീവിത ലക്ഷ്യങ്ങളെല്ലാം പ്രധാനപ്പെട്ടവ തന്നെ. പക്ഷേ മകളുടെ വിവാഹം, എമർജൻസി ഫണ്ട്, വിനോദയാത്ര തുടങ്ങിയ കാര്യങ്ങൾ വിട്ടുപോയി. കാർ വാങ്ങണമെന്ന സ്വപ്‌നവും സഫലമാക്കാം. പുതിയ കാർ തന്നെ വാങ്ങാൻ പറ്റും.

ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി

നമുക്ക് ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കാം. ആദ്യത്തെ മൂന്നു ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉടനെ 40 ലക്ഷം രൂപ കണ്ടെത്തണം. ഇതിനായി പ്രതിമാസം 11,000 രൂപ വാടകയ്‌ക്കു നൽകിയിരിക്കുന്ന കടമുറി വിൽക്കുക. ഇതിനു 40 ലക്ഷം രൂപ വില ഉണ്ടെങ്കിലും 3.3% വരുമാനമല്ലേ ഇപ്പോൾ കിട്ടുന്നുള്ളൂ.

കടമുറി വിറ്റുകിട്ടുന്ന പണം കൊണ്ട് ആദ്യത്തെ മൂന്നു ലക്ഷ്യങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നിറവേറ്റാൻ കഴിയും. ഇതോടെ ബന്ധുവിന്റെ കൈയിൽ നിന്നു വാങ്ങിയ കടം വീട്ടി മൂന്നു സെന്റ് സ്ഥലം തിരിച്ചുവാങ്ങാം. കാർ വാങ്ങാം. എമർജൻസി ഫണ്ട് ഉണ്ടാക്കാം (എമർജൻസി ഫണ്ട് സേവിങ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ലിക്വിഡ് മ്യൂച്വൽ ഫണ്ട്, സ്വർണം എന്നിവയിലായി നിക്ഷേപിക്കുക).

ഇനി മറ്റു ലക്ഷ്യങ്ങൾ നോക്കാം. ഓരോ ലക്ഷ്യത്തിനുമായി ഇപ്പോഴേ നിക്ഷേപം ആരംഭിക്കണം. വേണ്ടിവന്നാൽ വായ്‌പയെയും ആശ്രയിക്കാം. നാണ്യപ്പെരുപ്പത്തിന്റെ പ്രത്യാഘാതം ഓരോ ലക്ഷ്യത്തെയും ബാധിക്കും എന്നതു മറക്കരുത്. അതുകൊണ്ട് ഓരോ വർഷം കഴിയുമ്പോഴും ലക്ഷ്യസാക്ഷാത്കാരത്തിനായി കൂടുതൽ പണം മുടക്കേണ്ടിവരും.

നിങ്ങളുടെ ആഗ്രഹം പോലെ മൂന്നു വർഷത്തിനുള്ളിൽ വിദേശത്തേക്ക് ഉല്ലാസയാത്ര നടത്താൻ കഴിയും. ഇതിനായി ഇനി പറയുന്ന കാര്യങ്ങൾ ചെയ്യണം. ഒരു സ്‌മോൾ ആൻഡ് മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ടിൽ 10,000 രൂപ വീതം പ്രതിമാസം നിക്ഷേപിക്കുക. പ്രതിവർഷം നിക്ഷേപത്തുക 10% വീതം കൂട്ടിക്കൊണ്ടുവരണം.  കൈവശമുള്ള എല്ലാ ഇൻഷുറൻസ് പോളിസികളും സറണ്ടർ ചെയ്യണം. അവ നിങ്ങൾക്കു യോജിക്കുന്നവയല്ല. സറണ്ടർ ചെയ്‌തു കിട്ടുന്ന പണവും വിനോദയാത്രയ്‌ക്കു പ്രയോജനപ്പെടുത്താം.

മകളുടെ വിവാഹത്തിനും പുതിയ കാർ വാങ്ങാനും

മകളുടെ  വിവാഹാവശ്യത്തിന് ഒരു മൾട്ടിക്യാപ് മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിക്കുക. നിക്ഷേപത്തുക 10% വീതം പ്രതിവർഷം വർധിപ്പിക്കണം. വിദേശയാത്ര എന്ന ലക്ഷ്യം നിറവേറ്റിയാൽ അതിനു മാസാമാസം നടത്തിയിരുന്ന നിക്ഷേപം കൂടി ഈ ലക്ഷ്യത്തിനായി മൾട്ടിക്യാപ് മ്യൂച്വൽ ഫണ്ടിലേക്കു മാറ്റുക. വാഹനവായ്പ എടുത്ത് ഇപ്പോൾ കാർ വാങ്ങാം.

പന്ത്രണ്ടു വർഷത്തിനുശേഷം മകന്റെ ഉന്നത വിദ്യാഭ്യാസത്തിനും പുതിയ കാർ വാങ്ങാനും ഇനി പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കണം. പ്രതിമാസം 5,000 രൂപ വീതം ഒരു ടാസ്‌ക് സേവിങ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. പ്രതിവർഷം നിക്ഷേപതുക 10% വീതം വർധിപ്പിച്ചുകൊണ്ടുവരിക. അഞ്ചാമത്തെ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അതിനായി നീക്കിവച്ചിരുന്നതിന്റെ 50% ഈ ലക്ഷ്യ

ത്തിനായി വിനിയോഗിക്കാം. ഇതിനായി ഏതാനും ബ്ലൂചിപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക. ആ സമയത്ത് ആവശ്യമെങ്കിൽ വിദ്യാഭ്യാസ വായ്‌പയും വാഹന വായ്‌പയും എടുക്കാം.

റിട്ടയർമെന്റിനായുള്ള ഫണ്ട് ഇനി പറയുന്ന വിധം സ്വരൂപിക്കുക. ആറുവർഷം കഴിഞ്ഞ് അഞ്ചാമത്തെ ലക്ഷ്യത്തിനായി നീക്കിവച്ചിരുന്ന തുകയുടെ ബാക്കിയുള്ള 50% ഈ ലക്ഷ്യത്തിനായി പ്രതിമാസം ബാലൻസ്‌ഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. ബാക്കി തുക പ്രോവിഡന്റ് ഫണ്ട്, ബാങ്ക് നിക്ഷേപം, സ്വർണം എന്നിവയിൽ നിക്ഷേപിക്കുക. ഇതിലൂടെ റിട്ടയർമെന്റിനുള്ള പണം ലഭിക്കും. മക്കളിൽനിന്ന് ഈ സമയത്ത് സഹായം ലഭിച്ചേക്കാം. എന്നാൽ അതു പ്രതീക്ഷിച്ചു മാത്രം മുന്നോട്ടു പോകേണ്ട.

നിക്ഷേപത്തിനുള്ള പണം കണ്ടെത്താൻ

മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്ഥിരമായി വിവിധ മാർഗങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്. അതിനു വരുമാനം വർധിപ്പിക്കണം. പ്രതിവർഷം 70,000 രൂപവീതം മിച്ചം ഉണ്ടാകും. ഇത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കോ മറ്റെന്തിനെങ്കിലുമോ ചെലവഴിക്കാം. ഭാവിയിൽ റിട്ടയർമെന്റ് ജീവിതത്തിനായി രണ്ടാമതൊരു വീടുകൂടി പണിയാം. മകൾ ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുകയാണല്ലോ. 5–7 വർഷത്തിനുള്ളിൽ വിവാഹം കഴിപ്പിക്കണമെന്നാണല്ലോ നിങ്ങൾ ആഗ്രഹിക്കുന്നത്.

മുംബൈയിലെ ഫ്ലാറ്റിൽ നിന്നുള്ള വാടകവരുമാനവും കുടുംബത്തിലേക്കു വരണം. വീടിന്റെ മുകളിലെ നിലയിൽ അടുക്കള ഉണ്ടാക്കി അതുകൂടി വാടകയ്‌ക്കു നൽകാവുന്നതാണ്. പ്രതിമാസം 5,000 രൂപ ഈ ഇനത്തിൽ വരുമാനം ലഭിക്കും. വരുമാനം നൽകാത്ത ആസ്‌തികളെ യഥാർഥ ആസ്‌തി എന്നു കരുതാൻ കഴിയില്ലെന്ന് ഓർക്കുക.

സാമ്പത്തിക പ്ലാനിന് സംരക്ഷണം വേണം

സ്ഥാപനം തരുന്നതിനു പുറമേ മറ്റൊരു മെഡിക്കൽ ഇൻഷുറൻസ് കൂടി എടുക്കണം. അഞ്ച് ലക്ഷം രൂപ സംഅഷ്വേഡ് ഉള്ള ഫാമിലി ഫ്ലോട്ടർ പോളിസി ആണ് വേണ്ടത്. പ്രതിവർഷം 9,000 രൂപ പ്രീമിയം വരും. 25 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസും എടുക്കണം. പ്രീമിയം പ്രതിവർഷം ഏകദേശം 15,000 രൂപ വരും. ഭർത്താവിനു സ്ഥിരവരുമാനം ആയിക്കഴിഞ്ഞാൽ തത്തുല്യമായ കവറേജിനുള്ള ഇൻഷുറൻസ് എടുക്കണം.

ആസ്‌തികളുടെ പുനഃക്രമീകരണം

മുകളിൽ പറഞ്ഞവ ചെയ്‌താൽ അഞ്ചുവർഷത്തിനുള്ളിൽ മിക്ക നിക്ഷേപങ്ങളിൽനിന്നും നിങ്ങൾക്കു വരുമാനം ലഭിക്കും. സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിച്ചാൽ സ്വർണത്തിനു പലിശ വരുമാനവും ലഭിക്കും.  ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നു ഡിവിഡൻഡും ലഭിക്കും. റിയൽ എസ്റ്റേറ്റിൽ നിന്നു വാടകവരുമാനവും ഡെറ്റ് സ്‌കീമിൽനിന്നു പലിശവരുമാനവും ലഭിക്കും.

നടത്തുന്ന ഓരോ നിക്ഷേപവും ഇടയ്‌ക്കിടയ്ക്കു നിരീക്ഷണവിധേയമാക്കണം. ഇതിനായി ആവശ്യമെങ്കിൽ വിദഗ്‌ധസഹായം തേടാം. നിക്ഷേപങ്ങളിൽ നോമിനേഷൻ സൗകര്യവും പ്രയോജനപ്പെടുത്താവുന്നതാണ്. താങ്കളെപ്പോലെ ഒട്ടേറെ ആളുകൾ സമ്പത്തിനു മുകളിൽ കയറിയിരുന്നുകൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ആധി കൊള്ളുന്നുണ്ട്. സാമ്പത്തിക സാക്ഷരത ഇല്ലാത്തതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. താങ്കളുടെ പ്രശ്നവും പ്രതിവിധിയും അത്തരക്കാർക്കു കൂടി സമർപ്പിക്കുന്നു.

Read more on : Life style magazine, Sampadyam