കടം വാങ്ങിയ തുക അക്കൗണ്ട് വഴി മാത്രം കൊടുക്കുക, ഇല്ലെങ്കിൽ...!

269ss പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി സ്വീകരിക്കുമ്പോൾ പണമായി വാങ്ങാൻ പാടില്ല.

സുഹൃത്തിന്റെ പക്കൽനിന്ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴി കടം വാങ്ങി. അതിപ്പോൾ തിരിച്ചു കൊടുക്കണം. അദ്ദേഹം പണമായാണ് ആവശ്യപ്പെടുന്നത്. അങ്ങനെ നൽകാമോ? കൃത്യമായി ഇൻകംടാക്സ് റിട്ടേൺ നൽകുന്ന ആളാണു ഞാൻ. മറുപടി പ്രതീക്ഷിക്കുന്നു.

 - ശ്രീനിവാസ പൈ, ഉപ്പള, കാസർകോട്

കാഷ് മുഖാന്തരമുള്ള പണമിടപാടുകൾക്കു നിയന്ത്രണം കൊണ്ടുവരുന്നതിനു മുൻപു തന്നെ 20,000 രൂപയോ  അതിൽ കൂടുതലോ കടം വാങ്ങുന്നതും തിരിച്ചു നൽകുന്നതും നിയന്ത്രിക്കുന്ന 269SS, 269T വകുപ്പുകൾ  നിയമത്തിൽ ഉണ്ട്. മുതൽമുടക്ക് അടക്കമുള്ള സ്രോതസ്സുകൾ തെളിയിക്കാൻ മുൻകാലങ്ങളിൽ പലയിടത്തുനിന്നും കടം വാങ്ങിയെന്ന വിശദീകരണത്തിനു  കടിഞ്ഞാണിടാനായിരുന്നു ഇവ  നിയമത്തിൽ ഉൾപ്പെടുത്തിയത്.

269ss പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി സ്വീകരിക്കുമ്പോൾ പണമായി വാങ്ങാൻ പാടില്ല.  ഉദാഹരണത്തിന്, A എന്നയാൾ   B എന്ന വ്യക്തിയിൽ നിന്നു കടംവാങ്ങുന്നു എന്നുവയ്ക്കുക.19,999 രൂപയിൽ കൂടുതൽ പണമായി കടമെടുത്താൽ വകുപ്പിന്റെ ലംഘനമാണ്. തത്തുല്യ തുക പിഴയായി നൽകേണ്ടി വരാം.

സ്ഥാവരവസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കും 2015 ജൂൺ ഒന്നു മുതൽ വകുപ്പ് 269SS ബാധകമാണ്. വസ്തുവിൽപന കരാർ മുഖാന്തരം 20,000 രൂപയോ അതിൽ കൂടുതലോ അഡ്വാൻസായി വാങ്ങിയാലും  വകുപ്പ് ബാധകമാണ്.    വ്യക്തിഗതമായ ക്രയവിക്രയങ്ങൾ നടത്തുന്നവർക്കുപോലും  ഇതു ബാധകമാണ്. താങ്കളെ സംബന്ധിച്ചിടത്തോളം സുഹൃത്തിൽനിന്നു  വാങ്ങിയ ഒരു ലക്ഷം രൂപ ബാങ്ക് വഴിയായതിനാൽ വകുപ്പ്

269SS ന്റെ ലംഘനമില്ല.

എന്നാൽ പണമായി തിരിച്ചു നൽകിയാൽ വകുപ്പ് 269Tയുടെ ലംഘനമായി പരിഗണിക്കപ്പെടാം.   എന്തുകൊണ്ടാണ് സുഹൃത്ത് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്നു മനസ്സിലാകുന്നില്ല.  അക്കൗണ്ട് വഴി താങ്കൾക്കു കടം നൽകിയപ്പോൾത്തന്നെ ഈ ഇടപാട് അദ്ദേഹത്തിന്റെ രേഖകളിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. അതു തിരികെ വാങ്ങുമ്പോഴും ബാങ്ക് വഴി തന്നെ വാങ്ങുന്നതാണ് വിവേകപരം.

താങ്കളുടെ പക്ഷത്തുനിന്ന് ആലോചിക്കുമ്പോൾ ബാങ്ക് മുഖേന തിരിച്ചുനൽകുന്നതാണ് അഭികാമ്യം. അങ്ങനെയേ ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം. മറിച്ച്, വകുപ്പ് 269T ലംഘിച്ചാൽ  തത്തുല്യ തുകയുടെ പിഴബാധ്യത വന്നേക്കാം.

Read more : Lifestyle Magazine