Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുറോഡിൽ പെൺകുട്ടികളെ 'തൊട്ടുതലോടൽ'; ഹോംഗാർഡ് പൊലീസ് കസ്റ്റഡിയിൽ

sivakumar

ട്രാഫിക് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി‌‌‌‌ പെരുമാറിയ ഹോം ഗാർഡ് ശിവകുമാർ പൊലീസ് കസ്റ്റഡിയിലായി. വഴിയിലൂടെ നടന്നു പോകുന്ന വിദ്യാർഥിനികളെയും യുവതികളെയും ഇയാൾ ദുരുദ്ദേശപരമായി സ്പർശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. തേവര ലൂർദ് പള്ളിക്കു മുന്നിലുള്ള കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ പെൺകുട്ടികളെ ലൈംഗിക താൽപര്യത്തോടെ സ്പർശിക്കുന്നതു കണ്ട നാട്ടുകാരിൽ ഒരാൾ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

ഇയാൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വാട്സാപ്പിലും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും വിഡിയോയും കമന്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് നടപടി. ഇയാളെ തേവര സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. നാട്ടുകാരിൽ നിന്നും മറ്റും മൊഴിയെടുത്തതായും കുറ്റക്കാരനെന്നു വ്യക്തമായാൽ നടപടിയെടുക്കുമെന്നും  പൊലീസ് പറഞ്ഞു. 

വിദ്യാർഥിനികളും സ്ത്രീകളും സമീപത്തു കൂടി പോകുമ്പോൾ അറിയാതെ എന്നതു പോലെ കൈകൊണ്ട് തൊട്ടുരുമ്മുന്നത് വിഡിയോയിൽ വ്യക്തമാണ്. പുരുഷൻമാർ അടുത്തു വരുമ്പോൾ മാറി നിൽക്കുന്നതും വിഡിയോയിൽ കാണാം. ഇയാളുടെ സ്പർശനത്തോട് അതൃപ്തി പ്രകടിപ്പിച്ച് യുവതികൾ കടന്നു പോകുന്നതും ഒന്നും അറിയാത്തതു പോലെ പെരുമാറുന്നതും കാണാം. നാലുമിനിറ്റിലധികം വരുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.