ഒരു മാസംകൊണ്ടു നേടിയത് 11 ലക്ഷം; ചേക്കുട്ടി പറയും കേരളത്തിന്റെ കരുത്ത്

ചേറും ചെളിയും പിടിച്ച ‘ചേക്കുട്ടി’യെ മലയാളികൾ നെഞ്ചേറ്റിയിട്ട് ഒരുമാസം. ചേന്ദമംഗലത്ത് പ്രളയം നനച്ചു പോയ, കത്തിക്കാൻ കൂട്ടിയിട്ട കൈത്തറി സാരികളിൽ നിന്നു പിറവിയെടുത്ത  ഓമനച്ചേക്കുട്ടികൾ ഇതുവരെ നെയ്ത്തുകാർക്കു തിരികെക്കൊടുത്തത് 11 ലക്ഷം രൂപ. 25 ലക്ഷം രൂപയുടെ ചേക്കുട്ടിക്കുള്ള ഓർഡറുകൾ എത്തിക്കഴിഞ്ഞു. 

ഒപ്പം ഒരുമാസമെത്തിയ ചേക്കുട്ടിയെ  കൂടുതൽ സ്നേഹലാളനങ്ങൾ കാത്തിരിക്കുന്നു. ഒന്നിന് 25 രൂപ നിരക്കിൽ വിൽക്കുന്ന ചേക്കുട്ടിയുടെ മൂല്യമേറ്റാൻ ഫെഡറൽ ബാങ്ക് രംഗത്തെത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും വിൽക്കുന്ന ചേക്കുട്ടിയുടെ കണക്കനുസരിച്ച് ഓരോ ചേക്കുട്ടിക്കും 10 രൂപ ഫെഡറൽ ബാങ്കിന്റേതായി അക്കൗണ്ടിലെത്തും. ഇതിനുള്ള കരാറായതായി ചേക്കുട്ടി സംരംഭത്തിനു തുടക്കമിട്ട നാഷനൽ ഇന്നവേഷൻ കൗൺസിൽ അംഗം ലക്ഷ്മി മേനോനും സംരംഭകൻ ഗോപിനാഥും പറഞ്ഞു.

പ്രളയത്തിന്റെ ഓർമ പേറുന്ന ചേറും ചെളിയും പറ്റിയ ചേക്കൂട്ടിയെ  ഓരോ വീട്ടിലും സൂക്ഷിക്കാമെന്ന ആശയത്തിന് ഗംഭീര സ്വീകരണമാണ് മലയാളികൾ നൽകിയതെന്ന് ലക്ഷ്മി മേനോൻ പറയുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഓർഡറുകളുണ്ടെങ്കിലും കൂടുതലും മലയാളികളാണ് ആവശ്യക്കാർ. വ്യക്തികളും സംരംഭകരായുമുള്ളവർ ചേക്കുട്ടികൾക്കുള്ള വലിയ ഓർഡർ നൽകിയിട്ടുണ്ട്. 12,000 ചേക്കുട്ടികൾക്കുള്ള ഓർഡർ നൽകിയവരുണ്ട്, വില നൽകിയശേഷം ചേക്കുട്ടികളെ ഇവർക്കു തന്നെ തിരികെ നൽകാനാണ് ലക്ഷ്യം. ഇതുവഴിയുള്ള ചേക്കുട്ടിവരുമാനം ഇരട്ടിയാകുകയും ചെയ്യും. ഇത്തരത്തിലുള്ള ഓർഡറുകൾ സ്ഥീരികരിച്ചതാണെങ്കിലും സൊസൈറ്റിയുടെ ബാങ്കിലേക്ക് പണം എത്തിയതായി രേഖ ലഭിച്ചാൽ മാത്രമേ ഔദ്യോഗികമായി  പറയാനാകൂ.

വരുമാനം നേരിട്ട് സൊസൈറ്റിയിലേക്ക്

േചക്കുട്ടിയുടെ പണം നേരിട്ട് ചേന്ദമംഗലത്തെ കരിമ്പാടം കോഓപ്പറേറ്റിവ് വീവേഴ്സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. എച്ച്191 എന്ന സൊസൈറ്റിയിൽ നിന്നാണ് ഞങ്ങൾ ആദ്യമെത്തി തുണികൾ വാങ്ങിയത്. അവർ സ്റ്റേറ്റ്മെന്റ് എടുത്തു നൽകുന്നതിനനുസരിച്ചുള്ള ഓർഡറുകളാണ് ഞങ്ങൾ തയാറാക്കി അയക്കുന്നത്. അതനുസരിച്ചുള്ള ചില താമസവും ഉണ്ട്. 

കഴിഞ്ഞദിവസം ഞങ്ങൾ കുരിയാപ്പിള്ളി യൂണിറ്റിൽ പോയിരുന്നു. സ്ത്രീകൾ മാത്രം നെയ്തുകാരായുള്ള യൂണിറ്റാണിത്. അവരുടെ അഞ്ചു ലക്ഷം രൂപയുടെ സാരികൾ നശിച്ചതായും അതു ചേക്കുട്ടിക്കു തരട്ടെയെന്നും അവർ ചോദിച്ചിട്ടുണ്ട്.. കുറച്ചു സാരികൾ ഞങ്ങളെടുത്തിട്ടുണ്ട്.  പക്ഷേ ഇപ്പോഴുള്ള കരിമ്പാടം യൂണിറ്റിന്റെ ജോലികള്‍ കഴിഞ്ഞിട്ടേ ചേക്കുട്ടിയുടെ അക്കൗണ്ട് മാറ്റുകയുള്ളു– ഗോപിനാഥ് പറഞ്ഞു

കോപ്പിറൈറ്റ് ഉണ്ട് ചേക്കുട്ടിക്ക്

ഓരോ ചേക്കുട്ടിപ്പാവയിലും  വെബ്സൈറ്റിലേക്കുള്ള ലിങ്ക് ഉൾക്കൊള്ളുന്ന ക്യൂആർ കോഡ്,  ചേക്കുട്ടിയുടെ കോപ്പിറൈറ്റഡ് ലോഗോ, ചേക്കുട്ടി എന്താണെന്നുള്ള ഒരു വരി മലയാളത്തിൽ, പിന്നീട് ഇംഗ്ലീഷിൽ ഇതിന്റെ ആശയവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ഫെഡറൽ ബാങ്കിന്റെ ലോഗോയും ടാഗിൽ ഉൾക്കൊള്ളിക്കും.

ഓണവിപണിയിൽ വിറ്റിരുന്നെങ്കിൽ 1200 രൂപ വിലകിട്ടുന്ന സാരികളിൽ നിന്നാണ് ചേക്കുട്ടിയെ ഒരുക്കുന്നത്. ഒരു സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകള്‍ ഉണ്ടാക്കാം. ഒരു പാവയ്ക്ക് 25 രൂപയാണു വില.  20 ചേക്കുട്ടികളുടെ ഒരു സെറ്റായാണ് ഓൺലൈൻ വിൽപന. 

ചേക്കുട്ടി വീട്ടുകാരൻ

സ്വന്തം വീട്ടിലെ അംഗം എന്ന നിലയിലാണ് ചേക്കുട്ടിയെ ഒരുക്കാൻ ആളെത്തുന്നത്. പൂർണമായും വൊളന്റിയർമാരുടെ നേതൃത്വത്തിലാണ് ചേക്കുട്ടി നിർമാണം. സ്കൂളുകളിലും കോളജുകളിലും ശിൽപശാലകൾ നടത്തുന്നു.  അടുത്തിടെ ജെഎൻയുവിലും ചേക്കുട്ടി നിർമാണ സെഷൻ നടത്തിയിരുന്നു. നാട്ടിലുള്ള ചില വിദ്യാർഥികളാണ് തുണി കൊണ്ടുപോയി അവിടെ കൂട്ടായ്മയുണ്ടാക്കി ചേക്കുട്ടികളെ ഒരുക്കിയത്. ക്രിയാത്മകമായി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അൽപം പോലും തുണി വേസ്റ്റ് ആകരുതെന്നും അതു വഴി നെയ്ത്തുകാർക്കുള്ള പണമാണ് നഷ്ടമാകുന്നതെന്നും മുൻകൂട്ടി പറയുന്നതിനാൽ കരുതലോടെയാണ് പാവയൊരുക്കുന്നത്. 

www.chekutty.in എന്ന വെബ്സൈറ്റ് വഴിയാണ് പ്രവർത്തനം.