ബ്രൂക്ക്, ലോകത്ത് ഏറ്റവും ദയയുള്ളവൾ!

ഒറ്റപ്പെ‌ടൽ വല്ലാത്ത ഒരു അവസ്ഥയാണ്. ഒന്നു മനസു തുറന്നു ചിരിക്കാനോ സുഖദു:ഖങ്ങൾ പങ്കുവെക്കാനോ അരികിൽ ഒരാൾ ഇല്ലാത്തയാൾക്ക് ആ വേദന എന്താണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഒറ്റപ്പെ‌ടല്‍ അനുഭവിക്കുന്നവർക്കൊരു കൂട്ടു നൽകാനും മനസുള്ളവര്‍ ഇന്നു വളരെ കുറവാണ്. സുഖങ്ങൾ നോക്കി സ്വന്തം ലോകത്തു ജീവിക്കാനാണ് പലർക്കും ഇഷ്ടം. പക്ഷേ അവരിൽ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് ടെക്സാസ് സ്വദേശിയായ ബ്രൂക് ഒഷോവാ എന്ന മുപ്പതുകാരി. തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച അനുഭവമാണ് ബ്രൂക്കിന് സമൂഹമാധ്യമങ്ങളിൽ വച്ച് ഏറ്റവും ദയയുള്ള പെൺകുട്ടി എന്ന വിശേഷണം ചാർത്തിക്കൊടുത്തത്. ഇതിനകം 2.2 മില്യൺ ലൈക്കുകളും രണ്ടുലക്ഷത്തിൽപ്പരം ഷെയറുകളുമായി ബ്രൂക്കിന്റെ പോസ്റ്റ് വൈറലാവുകയാണ്.

കാരണം ഇതാ :

ഒരു ദിവസം ഉച്ചഭക്ഷണത്തിനായി ആ റെസ്റ്റോറന്റിൽ പോകുമ്പോൾ ബ്രൂക് ഒരിക്കലും കരുതിയില്ല അതു പുതിയൊരു സൗഹൃദത്തിലേക്കുള്ള വഴി കൂടിയാണെന്ന്. റെസ്റ്റോറന്റിൽ പ്രവേശിക്കാനായി വാതിൽ തുറന്ന് അടയ്ക്കുന്നതിനിടെയാണ് പ്രായമായ ഒരു സ്ത്രീ നടന്നടുക്കുന്നതു കണ്ടത്. അവർ ക‌ടന്നുവരുന്നതുവരെ ബ്രൂക്ക് വാതിൽ തുറന്നുപിടിച്ചുകൊണ്ടേിരുന്നു. ഒറ്റയ്ക്കു ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ത്രീയുടെ അടുത്തേയ്ക്ക് ബ്രൂക് തെല്ലുമടിയോടെ ചെന്നു ചോദിച്ചു, ഞാനും ഒറ്റയ്ക്കിരുന്നാണ് ഭക്ഷണം കഴിക്കുന്നത്, ഇന്നു നമുക്കൊന്നിച്ചു ഭക്ഷണം കഴിച്ചാലോ? അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ലായിരുന്നത്രേ.

ഡെലോറസ് എന്നു പേരുള്ള ആ വൃദ്ധ കഴിഞ്ഞ പത്തുകൊല്ലമായി അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അവരുടെ അമ്മ മരണമടഞ്ഞത്. ബന്ധുക്കൾ നഴ്സിങ് ഹോമിൽ ഉപേക്ഷിച്ചതോടെ തീർത്തും ഒറ്റപ്പെ‌ട്ടിരുന്നു ഡലോറസും. ഇന്നോളം ജീവിതത്തിൽ തിരഞ്ഞെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തന്റേന്നാണ് ബ്രൂക് കുറിച്ചത്. ഒറ്റപ്പെട്ട അവർക്ക് ഒരു കൂട്ടു നൽകുക മാത്രമല്ല ഇനിയുള്ള എല്ലാ വ്യാഴാഴ്ചകളും തന്റെ ലഞ്ച് ഡെലോറസിന് ഒപ്പമായിരിക്കുമെന്നും ബ്രൂക് ഉറപ്പു നൽകി.

ഊൺമേശയിൽ ഒറ്റയ്ക്കായാൽ പുസ്തകങ്ങളിലും സ്മാർട്ഫോണിലും സമയം കളയുന്ന യുവതലമുറ കണ്ടുപഠിക്കേണ്ടതു കൂടിയാണ് മാനുഷിക പരിഗണന വച്ച് ബ്രൂക് ചെയ്ത നല്ല കാര്യം. ചെറുതെങ്കിലും ഇത്തരത്തിലുള്ള ചില ചെറിയ കാര്യങ്ങൾ മതി ഒറ്റപ്പെടുന്ന ചില മനസുകൾക്ക് ആശ്വാസമാവാൻ.