തിരക്കു വീര്‍പ്പു മുട്ടിക്കുന്നോ? 5 മിനിറ്റിനുള്ളില്‍ റിലാക്സാകാം

Representative Image

തിരക്കുകളുടെ ലോകത്താണ് നമ്മുടെ ജീവിതം. ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന തോന്നലാണു പ്രധാനമായും തിരക്കെന്ന പ്രതീതി മനസ്സില്‍ സൃഷ്ടിക്കുന്നത്. ഇതിനെക്കുറിച്ചു ചിന്തിക്കും തോറും മനസ്സിന്‍റെ തിരക്കും പിരിമുറുക്കവും കൂടുകയാണു ചെയ്യുക. എങ്ങനെ മനസിന്‍റെ ഈ തിരക്കുകൂട്ടല്‍ ഒഴിവാക്കാനാകും. അഞ്ചു മിനിറ്റിനുള്ളിൽ റിലാക്സാകുവാനുള്ള ചില  മാര്‍ഗങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്.

1. മനസ്സിന്‍റെ ഏകാഗ്രത തകര്‍ക്കുന്ന ഫോണ്‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് 5 മിനിറ്റ് അകന്നിരിക്കാം. ഇഷ്ടമുള്ളതിനെക്കുറിച്ചു ചിന്തിക്കാം. പകല്‍സ്വപ്നം കാണാം. വൈകീട്ട് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. അങ്ങനെ മനസ്സിനെ അലയാന്‍ വിടുക. 

2. മനസ്സിനെ സര്‍ഗാത്മകമാക്കാം. പാടാന്‍ ഇഷ്ടമാണെങ്കില്‍ ഒരു പാട്ട് പാടാം. അല്‍പ്പനേരം പെയിന്‍റിംഗ് ചെയ്യാം. പെയിന്‍റിംഗ് എന്നു പറഞ്ഞാല്‍ ചിത്രകാരന്റേതുപോലെ മനോഹരമായതു തന്നെ ആകണം എന്നില്ല, വീട്ടിലെ എന്തെങ്കിലും വസ്തുക്കള്‍ക്കു നിറം നല്‍കുന്നതാകാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലെ ലഘുവാക്കും.

3. ഒന്നോ രണ്ടോ പാട്ടുകള്‍ കേള്‍ക്കാം. വലിയ ഉച്ചത്തില്‍ വേണ്ട. ശാന്തമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കാം. ഗാനങ്ങള്‍ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്‍റല്‍ മ്യൂസിക് ആയാലും മതി. ഇതു നിങ്ങളിലെ പിരിമുറുക്കം കുറയ്ക്കും. മനസിനെ നല്ല ചിന്തകളിലേക്കും ഓര്‍മ്മകളിലേക്കും നയിക്കാനും ഇവ സഹായിക്കും. 

4. ചെറിയ വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഗൂഗിളിന്‍റെയും ഫേസ്ബുക്കിന്‍റെയും ഉള്‍പ്പടെ പല ഓഫീസുകളിലും വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. പക്ഷെ എല്ലാ ഓഫീസിലും ഇതു പ്രതീക്ഷിക്കാനാകില്ലല്ലോ. അതുകൊണ്ട് സഹപ്രവര്‍ത്തകനൊത്തുള്ള സംഭാഷണം മുതല്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വരെ ഇടവേളകളില്‍ വിനോദഗണത്തില്‍ ഉള്‍പ്പെടുത്താം. പക്ഷെ ഏറെ നേരം നീണ്ടുപോകാതെ ശ്രദ്ധിക്കുക.

5. നിങ്ങളുടെ പ്രിയസുഹൃത്തുമായി നര്‍മ സംഭാഷണത്തില്‍ ഏര്‍പ്പെടാം. സംസാരത്തില്‍ പണ്ടു പങ്കുവച്ച നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാം. ഉച്ച നേരത്തെ ഇടവേളയോ ചായകുടിക്കാനിരിക്കുന്ന സമയമോ ഒക്കെ ഇതിനായി മാറ്റിവയ്ക്കാം. തിരക്കില്‍ നഷ്ടപെട്ടുപോകുന്ന ബന്ധങ്ങളിലെ ഊഷ്മളത ഇതിലൂടെ വീണ്ടെടുക്കുകയുമാവാം.