സ്വർണസാരി, വജ്രാഭരണങ്ങൾ, വമ്പൻ സിനിമകളെ വെല്ലും സെറ്റ്, ബ്രഹ്മാണ്ഡകല്യാണത്തിന് കോടികൾ ഒഴുകിയത് ഇങ്ങനെ...

കര്‍ണാ‌ടകയിലെ ഖനിരാജാവ് ഗാലി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ കഴുത്തിൽ വ്യവസായ പ്രമുഖൻ രാജീവ് റെഡ്ഡി മിന്നുചാർത്തി.

കര്‍ണാ‌ടകയിലെ ഖനിരാജാവ് ഗാലി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ കഴുത്തിൽ വ്യവസായ പ്രമുഖൻ രാജീവ് റെഡ്ഡി മിന്നുചാർത്തി. പാലസ് ഗ്രൗണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ സെറ്റിലാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. 500 കോടിയുടെ വിവാഹമാമാങ്കത്തിന്റെ തുടർച്ച ഇനി ബെള്ളാരിയിൽ. ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ വേദിയിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയായതോടെ, റെഡ്ഡിയുടെ ജന്മനാട്ടിലാണിനി ആഘോഷം. രാജവിവാഹത്തിലേതെന്ന പോലെ വധൂവരന്മാരെ ഇന്നലെ വൈകിട്ടു ബെള്ളാരിയിൽ ഘോഷയാത്രയായാണു ജനം സ്വീകരിച്ചത്.

കൊട്ടാര സദൃശമായ വേദിയിൽ ഏഴുവാതിലുകൾ കടന്നാണു വധൂവരന്മാർ പാലസ് ഗ്രൗണ്ട് വിവാഹമണ്ഡപത്തിലെത്തിയത്. തിരുപ്പതി ബാലാജിയുടെ പത്തടി ഉയരമുള്ള വിഗ്രഹത്തിനു മുന്നിൽ പ്രാർഥിച്ച ശേഷം ചടങ്ങുകൾ തുടങ്ങി. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ 36 ഏക്കറിലാണ് വമ്പൻ വിവാഹവേദി പ‌ടുത്തുയർത്തിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേദി തയ്യാറാക്കിയതിനു പിന്നിലും ബോളിവുഡിലെ പ്രമുഖരായ കലാസംവിധായകരാണ്. വിജയനഗര സാമ്രാജ്യത്തിലെ സുവർണ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്യാണ വേദി ഒരുക്കിയിരിക്കുന്നത്.

എല്‍സിഡി സിക്രീനോടുകൂടിയ വിവാഹക്ഷണക്കത്തു പുറത്തിറങ്ങിയതു മുതൽ വിവാഹം വാർത്തകളിൽ ഇടം നേടിയിരുന്നു. രാജ്യം നോട്ടുപിൻവലിക്കലിനെത്തുടർന്ന് പ്രതിസന്ധിയിലായപ്പോഴും ജനാർദന റെഡ്ഡി കോടികൾ മുടക്കി നടത്തുന്ന കല്ല്യാണം വിവാദങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഒന്നുംരണ്ടുമല്ല അഞ്ഞൂറു കോടി രൂപയാണ് വിവാഹത്തിനു വേണ്ടി ജനാർദന റെഡ്ഡി ചിലവഴിച്ചത്.

വി.വി.ഐ.പികളായ അതിഥികൾക്ക് വന്നിറങ്ങാൻ പതിനഞ്ചു ഹെലിപാഡുകളാണ് ജനാർദന റെഡ്ഡി തയ്യാറാക്കിയിരുന്നത്. തിരുപ്പതി തിരുമല ക്ഷേത്രത്തിൽ നിന്നുള്ള എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കാർമികത്വം വഹിച്ചത്. ഹമ്പി സ്മാരകവും ബെല്ലാരിയിലെ ഗ്രാമമായ കൗൾ ബസാറും റെഡ്ഡി പഠിച്ച സ്കൂളുമെല്ലാം വേദിയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ബെല്ലാരിയിലെ പരമ്പരാഗത ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഭക്ഷണശാല ഒരുക്കിയത്.

വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞത് പതിനേഴു കോടിയുടെ സ്വർണം അടങ്ങിയ കാഞ്ചീവരം സാരിയും 98 കോടിയുടെ ആഭരണവുമാണ്. ഹംപിയിലെ വിജയവിട്ടാല ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിവാഹ മണ്ഡപം ഒരുക്കിയത്. ആനകളും കുതിരകളും രഥങ്ങളുമൊക്കെ അണിനിരക്കുന്ന വമ്പിച്ച വിവാഹത്തിനാണ് ഇന്ന് ബംഗളൂരു സാക്ഷ്യം വഹിച്ചത്. പതിനായിരം അതിഥികൾക്ക് ഇരിക്കാവുന്ന വിധത്തിലാണ് വേദി തയ്യാറാക്കിയിട്ടുള്ളത്.

10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിരുന്ന വേദിയിലേക്ക് എത്തിയതു രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളുമടക്കം 30000 പേർ. വിവാഹത്തിനെത്തിയവർക്ക് പാരിതോഷികമായി തുളസി, ചന്ദനമരത്തൈകളാണ് മധുരപ്പെട്ടിയോടൊപ്പം നൽകിയത്. ഞായറാഴ്ച ഹൈദരാബാദിൽ നടക്കുന്ന സൽക്കാരത്തോടെയാണു വിവാഹാഘോഷങ്ങൾ സമാപിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ് ആഘോഷങ്ങൾ. അനധികൃത ഖനനത്തിന് ശിക്ഷിക്കപ്പെട്ട ജനാർദന റെഡി ജാമ്യത്തിലിറങ്ങിയാണ് വിവാഹം നടത്തുന്നത്.