വിവാഹമോചനം ഒഴിവാക്കണോ? ഭാര്യയ്ക്കു സാരി സമ്മാനിക്കൂ!

Representative Image

പളുങ്കുപാത്രം പോലെയാണു ജീവിതം, അത്രത്തോളം ചേർത്തു കരുതലോടെ പിടിച്ചില്ലെങ്കിൽ ഒരുനിമിഷത്തെ അശ്രദ്ധ മതി തകർന്നു തരിപ്പണമാകാൻ. അഡ്ജസ്റ്റ്മെന്റുകളും പരസ്പരം മനസിലാക്കലുകളും കുറയുമ്പോഴാണ് ജീവിതത്തിൽ പ്രശ്നങ്ങൾ വന്നു തുടങ്ങുന്നത്. ഒടുവിൽ അതു വലുതായി കോടതി മുറികളിൽ ചെന്നാണ് അവസാനിക്കുന്നത്. ചിലർ വീണ്ടുെമാന്നാലോചിച്ച് പിരിയേണ്ടെന്നു തീരുമാനമെടുക്കുമ്പോൾ, മറ്റുചിലർ യാതൊരു വിട്ടുവീഴ്ച്ചകൾക്കും തയ്യാറാകാതെ പിരിയാൻ തീരുമാനിക്കുന്നു.

കോ‌ടതി മുറികളിലെ വിവാഹ മോചന കാഴ്ച്ചകളൊന്നും അത്രത്തോളം രസകരമായിരിക്കില്ല, പരസ്പരം പഴിചാരലുകളും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും അകത്തളം നിറയെ. എന്നാൽ മധ്യപ്രദേശിലെ കാർഗോൺ ജില്ലയിലെ കോടതിമുറി അൽപ നിമിഷത്തേക്കെങ്കിലും ഹാസ്യത്തിനുള്ള വേദിയുമൊരുക്കി. കാരണക്കാരനോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗംഗാചരൺ ദുബെയും.

ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ഭർത്താവു സഞ്ജുവിൽ നിന്നു നിയമപരമായി പിരിയാനുള്ള അനുമതിയ്ക്കായി എത്തിയതായിരുന്നു ഭാര്യ റാണു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവിടെ കണ്ട കാഴ്ച്ച തീർത്തും വ്യത്യസ്തമായിരുന്നു. മറ്റൊന്നുമല്ല വിവാഹമോചനം നേടാൻ വന്ന ഭർത്താവ് അതാ കോടതിമുറിയിൽ വച്ചു ഭാര്യയ്ക്കു സാരി വാങ്ങിക്കൊടുക്കുന്നു ഭാര്യ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു, ഇരുവരും പിരിയാനുള്ള തീരുമാനം പിന്‍വലിക്കുന്നു. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ?

വിവാഹമോചനത്തിനെത്തിയ ദമ്പതിമാരെ പിന്തിരിപ്പിക്കാൻ അവസാന വഴിയെന്ന നിലയ്ക്ക് ഗംഗാചരൺ ദുബെ ഭർത്താവിനോടു സാരി സമ്മാനിക്കാൻ ആവശ്യപ്പെട്ടത്. പിന്നെയൊന്നും നോക്കിയില്ല സഞ്ജു തന്റെ ഭാര്യയ്ക്കു സാരി സമ്മാനിച്ചുവെന്നു മാത്രമല്ല അവളെ പുകഴ്ത്തുകയും ചെയ്തു, അതും കോടതി മുറിയിൽ വച്ചു തന്നെ. നീ ഈ സാരി ധരിച്ചാൽ വളരെ സുന്ദരിയായിരിക്കും എന്നു പറഞ്ഞാണ് സഞ്ജു സാരി നൽകിയത്. അതോടെ റാണു ഡബിൾ ഹാപ്പിയായെന്നു മാത്രമല്ല വിവാഹമോചനത്തിനു ഗുഡ്ബൈ പറഞ്ഞു സ്നേഹത്തോടെ തന്റെ ഭർത്താവിനൊപ്പം ചേർന്നു നിന്നു.

ഭർത്താവു തന്നെ അവഗണിക്കുകയാണെന്നും താൻ വീട്ടിൽ ഒറ്റപ്പെടുകയാണെന്നുമായിരുന്നു ഭാര്യ റാണുവിന്റെ പരാതി. അതോടെയാണു ഭാര്യയ്ക്കു സാരി നൽകി പിണക്കം മാറ്റാൻ ജഡ്ജി ഉപദേശിച്ചത്. മാത്രമല്ല ഭാര്യയെ ഷോപ്പിങിനു പുറത്തേക്കു കൊണ്ടുപോകാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ദിവസത്തിലേറെയും വീടിനകത്തും പുറത്തുമായി ധാരാളം ജോലികൾ ചെയ്യുന്ന സ്ത്രീകൾക്കു പരിചരണവും പ്രശംസയും നൽകാൻ ഭർത്താക്കന്മാർ തയ്യാറാകണമെന്നും ദുബെ പറഞ്ഞു.