കിം കര്‍ദാശിയനെ ബാത്‌റൂമില്‍ പൂട്ടിയിട്ട് വൻകൊള്ള! കോടികൾ മോഷ്ടിച്ചു

ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന വന്‍കൊള്ളയ്ക്ക് വിധേയമായിരിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരം കിം കര്‍ദാശിയന്‍. തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷം കിമ്മിനെ ബാത്‌റൂമില്‍ പൂട്ടിയിട്ടു. അതിനു ശേഷമായിരുന്നു ഹോളിവുഡ് സിനിമാ സ്‌റ്റൈലിലെ വന്‍മോഷണം. പൊലീസുകാരുടെ വേഷത്തിലെത്തിയാണ് മോഷണം നടത്തിയതെന്നതാണ് അമ്പരപ്പിച്ചത്. പാരിസിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സിനിമാക്കഥയെ വെല്ലുന്ന മോഷണം അരങ്ങേറിയത്. ഏകദേശം 73 കോടിയോളം രൂപയുടെ (8.5 മില്ല്യണ്‍ പൗണ്ട്) ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കിമ്മിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

അഞ്ച് പേരാണ് പൊലീസുകാരുടെ വേഷത്തിലെത്തി മോഷണം നടത്തിയതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ നടുങ്ങി വിറച്ചിരിക്കുകയാണ് കിം എന്നാണ് വാര്‍ത്ത. 6.7 മില്ല്യണ്‍ ഡോളര്‍ വരുന്ന ജൂവല്‍റി ബോക്‌സ് 4.5 മില്ല്യണ്‍ ഡോളര്‍ വില വരുന്ന മോതിരം തുടങ്ങിയവ മോഷ്ടിക്കപ്പെട്ടവയില്‍ പെടുന്നു. ലക്ഷ്വറി നിലയിലുള്ള രണ്ട് സ്മാര്‍ട്ട് ഫോണുകളും കള്ളന്‍മാര്‍ കൊണ്ടുപോയി. ഒന്നില്‍ കിമ്മിനെ സംബന്ധിക്കുന്ന നിരവധി വ്യക്തിഗത വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന. 

സംഭവം നടന്നതിങ്ങനെ.

പുലര്‍ച്ചെ 2.30 ആയപ്പോള്‍ മോഷ്ടാക്കള്‍ കിമ്മിന്റെ പാരിസിലെ ആഡംബര ഫ്‌ളാറ്റിനുള്ളില്‍ കയറി. കിമ്മിന്റെ റൂമില്‍ കയറി അവര്‍ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, കൈകള്‍ കെട്ടിയിട്ടു. അതിനു ശേഷം ബാത്‌റൂമിനകത്താക്കി പൂട്ടിയിട്ടു.

രണ്ട് കുട്ടികളുടെ അമ്മയായ 35 കാരിയായ കിം പാരിസ് ഫാഷന്‍  വീക്കില്‍ പങ്കെടുക്കാനാണ് നഗരത്തിലെത്തിയത്. ഏറെ രസകരമായ കാര്യം തന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡായ പാസ്‌കല്‍ ഡൈവറെ വാനോളം  പുകഴ്ത്തിയതിന് തൊട്ടുപിന്നാലെയാണ് മോഷണം നടന്നതെന്നതാണ്. നഗരത്തിലെ ഏറ്റവും മികച്ച ബോഡി ഗാര്‍ഡ് എന്നാണ് പാസ്‌കലിനെ കിം വിശേഷിപ്പിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ തന്റെ ബോഡിഗാര്‍ഡ് സൂപ്പര്‍ ആണെന്നായിരുന്നു കിമ്മിന്റെ വീരവാദം. തൊട്ടുപിന്നാലെ തന്നെ കിം മോഷണത്തിന് ഇരയായാത് ബോഡിഗാര്‍ഡിന്റെ പണി തെറിപ്പിക്കുമോയെന്നാണ് ട്വിറ്റര്‍ ചര്‍ച്ചകള്‍. 

മോഷണസമയത്ത് കിമ്മിന്റെ കുട്ടികള്‍ കൂടെയുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷണശൈലി സൂചിപ്പിക്കുന്നത് കുപ്രസിദ്ധമായ പിങ്ക് പാന്തര്‍ ഗ്രൂപ്പിനെയാണ്. 1999 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 280 മില്ല്യണ്‍ പൗണ്ടിന്റെ ആഭരണങ്ങളാണ് ആയുധങ്ങളുടെ മുള്‍മുനയില്‍ നിരവധി പേരെ നിര്‍ത്തി ഈ ഗ്യാങ് മോഷ്ടിച്ച് സ്വന്തമാക്കിയത്.