പെണ്ണുയരാൻ പുരുഷൻ കൂട്ടെന്തിന്?

ഹ്യുമൻസ് ഒഫ് ബോംബെ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പതിനഞ്ചാം വയസിൽ വിവാഹിതയാകണമെന്ന വീട്ടുകാരുടെ നിർദ്ദേശത്തെ സധൈര്യം തള്ളിയ പെൺകുട്ടിയുടെ കഥ. 50,000 ത്തോളം ലൈക്കുകളും 4000 ഷെയറുകളും ഒപ്പം സഹായിക്കാൻ ഒരുപാട് കരങ്ങളും അവൾക്കൊപ്പം ചേർന്നപ്പോൾ ആ പെൺകുട്ടിയും അവളുടെ ജീവിതകഥയും ഹിറ്റ്.

പതിനഞ്ചാം വയസിൽ കല്യാണക്കാര്യവുമായി ഒരുകൂട്ടർ എത്തിയപ്പോൾ അവൾ അവരുടെ മുഖത്തു നോക്കി തുറന്നു പറഞ്ഞു, തനിക്കിപ്പോൾ കല്യാണം വേണ്ടെന്ന്. വന്ന കല്യാണം മുടക്കിയതിന് അവളുട വീട്ടുകാരും വന്നവരും അവളെ ഒരുപാട് കുറ്റപ്പെടുത്തി. എന്നാൽ വിവാഹപ്രായമാകാത്ത തന്നോട് ഇനി വിവാഹക്കാര്യം പറഞ്ഞുവന്നാൽ വീടുവിട്ടു പോവുമെന്നും പോലീസിൽ അറിയിക്കുമെന്നും അവൾ ഭീഷണിപ്പെടുത്തി. പക്ഷേ അത് വീട്ടുകാർക്ക് ഒരു വാശിയായി മാറുകയായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ അവൾക്കായി വീട്ടുകാർ വീണ്ടും ഒരുവരനെ കണ്ടുപിടിച്ചു, രണ്ടുകുട്ടികളുടെ അച്ഛനായ ഒരുവൻ. താൻ തന്നെ കുട്ടിയായിരിക്കെ തനിക്കെങ്ങനെ രണ്ടു കുട്ടികളുടെ അമ്മയാകാനാവുമെന്ന് അവൾ അയാളോട് ചോദിച്ചു. പഠിക്കാനുള്ള ആ പെൺകുട്ടിയുടെ ആഗ്രഹത്തെ വീട്ടുകാർ ഓരോ നിമിഷവും തള്ളിക്കളയുകയാണ്.

ഒരു ഐപിഎസ് ഓഫീസർ ആവുകയാണ് തന്റെ സ്വപ്നമന്നും ഒരു പെൺകുട്ടിയെ ഉയർത്തിക്കൊണ്ടു വരാൻ ഒരു പുരുഷന്റെ ആവശ്യമില്ലെന്നു താൻ തെളിയിക്കുമെന്നും അവൾ പറയുന്നു. പേരുപറയാത്ത ഈ മിടുക്കിയുടെ സ്വപ്ന സാഫല്യത്തിനായി ഇതിനോടകംതന്നെ നിരവധി പ്രമുഖർ സഹായ ഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്.