കുപ്പിക്കുള്ളില്‍ കണ്ടെത്തി ലോകത്തിലെ പഴക്കമുള്ള സന്ദേശം

ലോകത്തിൽ ഏറ്റവും പഴക്കമുള്ള സന്ദേശം അടങ്ങിയ കുപ്പി കണ്ടെത്തി. ജർമനിയിലെ ആംറമിലുള്ള ബീച്ചിനു സമീപത്തു നിന്നാണ് കുപ്പി കണ്ടെത്തിയത്. കുപ്പിയിലെ സന്ദേശത്തിന് 108 വർഷത്തെ പഴക്കമുണ്ട്. 1900ത്തിൽ പ്രശസ്ത ഗവേഷകനായ ജോർജ് പാർക്കർ ബിഡ്ഡർ ആണ് ഗവേഷണത്തിന്റെ ​ഭാഗമായി സന്ദേശമടങ്ങിയ കുപ്പി നോർത്ത് കടലിൽ ഉപേക്ഷിച്ചതെന്നാണ് കണ്ടെത്തൽ. കുപ്പി കണ്ടെത്തുന്നവർ യുകെയിലെ മറൈൻ ബയോളജിക്കൽ അസോസിയേഷനിലേക്ക് കുപ്പി അയക്കണമെന്നായിരുന്നു പോസ്റ്റ്കാർഡിലെ സന്ദേശം.

കുപ്പിക്കുള്ളിൽ നിന്നും കണ്ടെടുത്ത സന്ദേശം

ബീച്ചിനു സമീപത്തുനിന്ന് മറിയാൻ വിങ്ക്ലർ എന്ന യുവതിയ്ക്കാണ് കുപ്പി ലഭിച്ചത്. വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കുപ്പിയ്ക്കുള്ളിലുണ്ടായിരുന്ന േപാസ്റ്റ് കാർഡിലെ സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. ബ്രിട്ടീഷ് മറൈൻ ബയോളജിക്കൽ അസോസിയേഷന് കുപ്പി തിരിച്ചേൽപ്പിക്കണമെന്നും തിരിച്ചേൽപ്പിക്കുന്നവർക്ക് ഒരു ഷില്ലിങ് പാരിതോഷികം നൽകുമെന്നുമായിരുന്നു സന്ദേശം. കടൽ ജലത്തിന്റെ ഒഴുക്കും തീവ്രതയും പരീക്ഷിക്കാനായിരുന്നു ബിഡ്ഡർ ആയിരത്തി ഇരുപതിൽപ്പരം കുപ്പികള്‍ കടലിൽ ഉപേക്ഷിച്ചതെന്ന് എംബിഎ വ്യക്തമാക്കി. ഒാരോ കുപ്പികളിലും ഇത്തരത്തിൽ തിരിച്ചേൽപ്പിക്കണമെന്ന സന്ദേശങ്ങളും പാരിതോഷിക പ്രഖ്യാപനവും ഉണ്ടായിരുന്നു.

കടലിനു മുകളിൽ പൊങ്ങിക്കിടക്കും വിധത്തിലായിരുന്നു കുപ്പിയുടെ നിർമാണം. പരീക്ഷണത്തിലൂ‌ടെ നോർത്ത് കടലിനു കിഴക്കു നിന്നും പടിഞ്ഞാറോട്ടുള്ള ഒഴുക്കിന്റെ ഗതിയെയാണ് ബിഡർ പഠന വിധേയമാക്കിയത്. മത്സ്യബന്ധകർക്കു സഹായമാകുന്ന കണ്ടുപിടുത്തമാണ് ഇത്. കുപ്പിയെ ഗിന്നസ് റെക്കോർഡിനു അയക്കാനുള്ള ഒരുക്കത്തിലാണ് എംബിഎ. അതേസമയം വിങ്ക്ലർക്ക് ഒരു ഷില്ലിങ് നൽകി കുപ്പി തിരിച്ചു നൽകുന്ന ആൾക്കു പാരിതോഷികം നൽകുമെന്ന വാഗ്ദാനവും എംബിഎ പാലിച്ചിട്ടുണ്ട്.