അടക്കി നിർത്തൂ, ഇല്ലെങ്കിൽ തിരിച്ചടിക്കും!

‘അവരുതമ്മിൽ മുള്ളിയാൽ തെറിയ്ക്കുന്ന ബന്ധമേയുള്ളൂ, അത് പോണെങ്കിൽ പോട്ടേ...’എന്നൊരു ചൊല്ലുതന്നെയുണ്ട് മലയാളത്തിൽ. പക്ഷേ ഇനി മുള്ളിയാൽ തെറിക്കുക ബന്ധമായിരിക്കില്ല മാനമായിരിക്കും. അതും തിരിച്ചടിയുടെ രൂപത്തിൽ. കൊച്ചുകേരളത്തിൽ മാത്രമല്ല അങ്ങമേരിക്കയിലുമുണ്ട് പൊതുസ്ഥലത്ത് ആ‘ശങ്ക’ തീർക്കുന്ന വിരുതന്മാർ. എത്രയെത്ര പബ്ലിക് ടോയ്‌ലറ്റുകളുണ്ടെങ്കിലും അവർക്ക് എവിടെയെങ്കിലും ചേർന്നു നിന്നാലേ കാര്യങ്ങളൊക്കെ ശരിയാകൂ. (കാറ്റടിച്ച് തണുക്കുമ്പോൾ രണ്ട് തുള്ളി വന്നാലായി...എന്ന മീശമാധവൻ പിടലി ഡയലോഗ് ഇവിടെ വെറുതെയൊന്നോർക്കാം)

ഇങ്ങനെ മതിലുകളിലെ ആശങ്ക തീർക്കൽ കൂടിയതോടെ സാൻ ഫ്രാൻസിസ്കോ സിറ്റി അധികൃതരാണ് പുതിയ തന്ത്രവുമായെത്തിയിരിക്കുന്നത്. നഗരത്തിൽ മൂത്രശല്യം കൂടുതലുള്ള മതിലുകളെല്ലാം സിറ്റി പബ്ലിക് വർക്സ് ഏജൻസിയുടെ നേതൃത്വത്തിൽ പെയിന്റടിച്ച് ഭംഗിയാക്കിയിരിക്കുകയാണിപ്പോൾ. ഈ പെയിന്റുകൾ നിസ്സാരക്കാരല്ല. മതിലിന്മേൽ ആരെങ്കിലും ‘കാര്യം സാധിച്ചാൽ’ ഉടനടി പെയിന്റിൽത്തട്ടി യൂറിൻ മൊത്തമായി തിരിച്ചടിക്കും. അതായത് ഒരു റബർ പന്ത് നിലത്ത് തട്ടിത്തെറിക്കുന്നതു പോലെ ഒഴിച്ച സംഗതികൾ അതേ പടി ഒഴിച്ചവരുടെ ദേഹത്തുതന്നെ വന്നുവീണു ചിതറുമെന്നു ചുരുക്കം. അതോടെ സംഗതി പാന്റ്സിലും കാലിലും ഷൂസിലുമൊക്കെയായി ആകെ നാറ്റക്കേസുമാകും. പീ–റിപ്പലന്റ് പെയിന്റെന്നാണ് ഈ സൂത്രത്തിന്റെ പേര്.

സമൂഹമാധ്യമങ്ങളിൽ നിന്നാണ് അധികൃതർക്ക് ഇങ്ങനെയൊരു ഐഡിയ കിട്ടിയതത്രേ. രാത്രിപ്പാർട്ടികൾക്കു പേരുകേട്ടയിടമാണ് ജർമനിയിലെ ഹാംബർഗ്. അവിടെ ബിയറുമടിച്ച് രാത്രി കറങ്ങുന്നവർ കാര്യം സാധിക്കുന്നത് നടുറോഡിലും മതിലുകളിന്മേലുമൊക്കെയാണ്. അതിനെ പ്രതിരോധിക്കാൻ അൾട്രാടെക് ഇന്റർനാഷനൽ എന്ന കമ്പനിയാണ് അൾട്രാ–എവർ ഡ്രൈ എന്ന പേരിൽ ഈ പെയിന്റ് പുറത്തിറക്കിയത്. സൂപ്പർ ഹൈഡ്രോഫോബിക് കോട്ടിങ്ങാണ് ഇവയുടേത്. ഹൈഡ്രോഫോബിയ എന്നാൽ വെള്ളത്തെ പേടിയെന്നാണ്. അതിന്റെ കൂടെ സൂപ്പറും കൂടി ചേരുന്നതോടെ ഒരുവിധത്തിൽപ്പെട്ട ദ്രാവകങ്ങളെയെല്ലാം ഈ പെയിന്റ് പ്രതിരോധിച്ച് തിരിച്ചയക്കും. അതും സാധാരണ പെയിന്റുകളേക്കാൾ ഇരട്ടിയിലേറെ കരുത്തോടെ. ഹാംബർഗിൽ എന്തായാലും സംഗതി ഹിറ്റായി.

ആദ്യഘട്ടമെന്ന നിലയിൽ സാൻഫ്രാൻസിസ്കോയിലെ ബാറുകളുടെ പരിസരത്തും ഭവനരഹിതർ തിങ്ങിപ്പാർക്കുന്നയിടങ്ങളിലുമുള്ള ഒൻപത് മതിലുകളിലാണ് പെയിന്റ് പ്രയോഗിച്ചിരിക്കുന്നത്. ഇവിടെ വന്ന് ഒരിക്കൽ ആ‘ശങ്ക’ തീർക്കുന്നവർ അടുത്തതവണ വരുമ്പോൾ ഒന്നുകൂടി ചിന്തിക്കുമെന്നുറപ്പാണെന്ന് അധികൃതർ പറയുന്നു. ‘അടക്കി നിർത്തൂ, ഇല്ലെങ്കിൽ തിരിച്ചടിക്കും’ എന്ന മട്ടിൽ മതിലുകളിലെല്ലാം ഇംഗ്ലിഷ്, ചൈനീസ്, സ്പാനിഷ് ഭാഷകളിൽ മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പരിസരത്ത് പബ്ലിക് ടോയ്‌ലറ്റുകളും സ്ഥാപിച്ചു.

സിറ്റിയുടെ ഒരു ഭാഗത്തേ ഇത് തുടങ്ങിയിട്ടുള്ളൂ. പക്ഷേ വാർത്ത വന്നതോടെ പലയിടത്തു നിന്നായി പബ്ലിക് വർക്സിലേക്ക് ഫോൺകോളുകളുടെ ബഹളമാണ്. സിറ്റിയിൽ ‘കാര്യസാധ്യത്തിന്റെ’ ദുർഗന്ധം മാറ്റി വൃത്തിയാക്കാനായി ഒട്ടേറെ പേരെ നിയോഗിക്കേണ്ടി വരുന്നുണ്ട്. അതിലും ഏറെ ചെലവു കുറവാണ് ഈ പെയിന്റ് പദ്ധതി. എന്തായാലും സംഗതി ക്ലച്ചു പിടിക്കുമെന്നുതന്നെയാണ് അധികൃതരുടെ പ്രതീക്ഷ.