അയ്യോ പോയേ, ഞങ്ങടെ പോൺസൈറ്റ് പോയേ...

‘ഹലോ, ഇത് –––––– ബ്രോഡ് ബാൻഡ് കണക്‌ഷന്റെ ഓഫിസല്ലേ...?’

അതിരാവിലെത്തന്നെ ശ്വാസവായു കിട്ടാതെ പിടയുന്ന ആസ്ത്‌മാ രോഗിയുടെ ശബ്ദത്തിൽ വന്ന ആ കോളെടുത്ത റിസപ്ഷനിസ്റ്റ് പെൺകുട്ടി ഒന്നു പകച്ചു, എന്നിട്ട് ചോദിച്ചു: ‘അതെ, ––––– ന്റെ ഓഫിസാണല്ലോ...എന്താണു സാർ പ്രശ്നം? താങ്കളുടെ നെറ്റ് കണക്‌ഷന് എന്തെങ്കിലും പ്രോബ്‌ളം...’

ഒരുവിധത്തിലുള്ള പൂവാലന്മാരൊക്കെ പെൺകുട്ടിയുടെ ആ മധുരമനോജ്ഞ ശബ്ദത്തിൽ മയങ്ങി അന്നേരം ശബ്ദവും ഒന്നു മയപ്പെടുത്തേണ്ടതാണ്. പക്ഷേ ഫോണിന്റെ അങ്ങേത്തലയ്ക്കലെ കിതപ്പ് നിലയ്ക്കുന്നില്ല:

‘അതേ, കൊച്ചേ...ഞങ്ങടെ വീട്ടിലെ നെറ്റിന് ചില പ്രശ്നം...’

‘യെസ് സർ, പറയൂ സർ..’–റിസപ്ഷനിസ്റ്റ് പരാതിയെഴുതാൻ പേനയെടുത്ത് റെഡിയായി.

‘അതേയ്, ഇവിടെ ഇന്നലെ രാത്രി മുതൽ ചില സൈറ്റുകളൊന്നും കിട്ടുന്നില്ല...’

‘ഏത് സൈറ്റാണ് സാർ കിട്ടാത്തത്...?’

‘ഹയ്, ഞാൻ പറഞ്ഞില്ലേ, ചില സൈറ്റുകൾ...’

‘അതെ സർ, ഏത് സൈറ്റുകളാണെന്നു പറയാമോ?’

‘ഞാൻ പറഞ്ഞില്ലേ കൊച്ചേ, ചില സൈറ്റുകൾ. അതും വളരെ അത്യാവശ്യമുള്ളവ..’

‘ദയവു ചെയ്ത് അവയുടെ പേരു പറയാമോ സർ..ഞങ്ങളുടെ വിഗദ്ധർ ഉടൻ അങ്ങോട്ടു വരുന്നതായിരിക്കും...’

‘ഏയ് ഇങ്ങോട്ടാരും വരേണ്ട...ഇന്റർനെറ്റല്ലേ അവിടിരുന്ന് നന്നാക്കിയാ മതി...’ ‘എന്നാപ്പിന്നെ സൈറ്റുകളുടെ പേരു പറയൂ സാർ...’

‘അത് പിന്നെ...ഞാനൊക്കെ സ്ഥിരം നോക്കുന്ന ചില സൈറ്റുകളാണ്...’

‘എന്നാലും പേരു പറയാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല സാർ..’

രാവിലെത്തന്നെ ഓരോരുത്തന്മാര് ഫോണും ചെവിയിലൊട്ടിച്ചോണ്ട് ഇറങ്ങുമെന്നും ദേഷ്യപ്പെട്ട് ഫോൺ വയ്ക്കാനൊരുങ്ങിയതായിരുന്നു പെൺകുട്ടി. അപ്പോഴേക്കും അങ്ങേത്തലയ്ക്കൽ നിന്ന് ദാ വരുന്നു, ഇംഗ്ലിഷ് അക്ഷരമാലയിൽ എക്സ് എന്ന അക്ഷരം മാത്രമേ ഉള്ളൂ എന്നു തോന്നിപ്പിക്കും വിധത്തിൽ ചറപറ ചില വെബ്സൈറ്റുകളുടെ പേരുകൾ. എല്ലാ സൈറ്റുകളുടെയും പേരുപറഞ്ഞ് നമ്മുടെ ‘ആസ്ത്‌മാകോളർ’ കിതപ്പാറ്റുമ്പോഴേക്കും റിസപ്ഷനിസ്റ്റ് എന്തോ കണ്ട് പേടിച്ച ആരെയോ പോലെ ഫോൺ വച്ചുകഴിഞ്ഞിരുന്നു.

നാട്ടിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക്(ഐഎസ്പി) ഇത്തരമൊരു അനുഭവമുണ്ടായാലും ഇല്ലെങ്കിലും ഫോൺ ചെയ്ത വ്യക്തി പറഞ്ഞ പരാതി സത്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക പോൺ സൈറ്റുകളും (അശ്ലീല വെബ്സൈറ്റുകളെന്നും പറയും) ഒരൊറ്റ രാത്രി കൊണ്ട് അണഞ്ഞു പോയിരിക്കുന്നു. പക്ഷേ ഈ പ്രശ്നം എല്ലാവർക്കുമില്ല. ചില ഐഎസ്പി, അതും കേന്ദ്രസർക്കാരിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്നവയുടെ കണക്‌ഷനെടുത്തവർക്കേയുള്ളൂ. ഓഗസ്റ്റ് ഒന്ന് സന്ധ്യ മയങ്ങിയതോടെയായിരുന്നു അശ്ലീല സൈറ്റുകളിലെ ഈ അപ്രതീക്ഷിത ‘പവർകട്ട്’ ആരംഭിച്ചത്. അതോടെ പോൺ സൈറ്റുകൾക്ക് ഇതെന്തു പറ്റി എന്ന മട്ടിലായി കാര്യങ്ങൾ. ചിലയിടത്ത് വെറും വെള്ളനിറം, ചിലയിടത്ത് ഈ സൈറ്റ് തുറക്കാനാകില്ലെന്ന അറിയിപ്പ്.

മറ്റു ചിലയിടത്താകട്ടെ ഈ ഡയറക്ടറി എക്സിസ്റ്റ് ചെയ്യുന്നില്ലെന്ന അറിയിപ്പും. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ‘റീഫ്രഷ്’ ചെയ്യൽ തുടർന്നവരുടെ മുന്നിലാകട്ടെ, വൈദ്യുതലൈനിൽ ഷോക്കടിച്ചുകിടക്കുന്ന കാക്കയുടെ അതേ അവസ്ഥയിലായിരുന്നു ഓരോ സൈറ്റും പ്രത്യക്ഷപ്പെട്ടത്‌, ഒരനക്കവുമില്ല. ലോകപ്രശസ്ത പോൺ വെബ്സൈറ്റുകൾ ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ച ചിലർക്കൊക്കെ ഒരറിയിപ്പു വന്നു– ‘അധികാരമുള്ള ഒരു അതോറിറ്റിയുടെ നിർദേശ പ്രകാരം ഞങ്ങൾ ഈ സൈറ്റ് ബ്ലോക്ക് ചെയ്യുകയാണ്...’ പക്ഷേ ആരാണീ അധികാര അതോറിറ്റിയെന്നു മാത്രം ഒരു വിവരവുമില്ല. സംഗതി ‘അശ്ലീലമായതുകൊണ്ട്’ ഉത്തരം കണ്ടെത്താനാകാതെ പലരും പകച്ചു പോയി. ചിലരാകട്ടെ സർവീസ് പ്രൊവൈഡർമാരുടെ ഓഫിസിൽ വിളിച്ച് ചീത്ത വിളി തുടങ്ങി. മറ്റുചിലർ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പോസ്റ്റിട്ട് സങ്കടം തീർത്തു. പക്ഷേ ആരെ ചീത്ത പറയും?

‘തലയിൽ മുണ്ടിട്ടു വന്ന് ബ്ലോക്ക് ചെയ്യാതെ ധൈര്യമുണ്ടെങ്കിൽ നേരിട്ടു വാടാ’ എന്ന മട്ടിൽ അതോടെ വെല്ലുവിളികളുമുയർന്നു. എന്നിട്ടും ആ അജ്‍ഞാത അതോറിറ്റിയുടെ വക ഒരു മറുപടിയുമില്ല. പക്ഷേ ചില യൂസർമാർക്കു മുന്നിൽ പ്രതി കേന്ദ്രസർക്കാരാണ് എന്നതിന്റെ തെളിവുകൾ പ്രത്യക്ഷപ്പെട്ടതായി പറയുന്നു–ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ നിർദേശ പ്രകാരം നിങ്ങൾക്ക് ഈ യുആർഎൽ ആക്സസ് ചെയ്യാൻ അനുമതിയില്ല എന്നായിരുന്നു അവരുടെ കംപ്യൂട്ടറുകളിൽ വന്ന സന്ദേശം. പക്ഷേ എന്നിട്ടും കേന്ദ്രത്തിന് ങേ..ഹേ..

ബിഎസ്എൻഎൽ കണക്‌ഷനെടുത്തവർ പോൺ സൈറ്റുകൾ ആക്സസ് ചെയ്യുന്ന കാര്യത്തിൽ ഏകദേശം പട്ടിണിയായിരുന്നു. എയർടെൽ, വൊഡാഫോൺ, റിലയൻസ്, എംടിഎൻഎൽ, എസിടി തുടങ്ങിയ സ്വകാര്യ സർവീസ് പ്രൊവൈഡർമാർ എല്ലാം നിരോധിച്ചില്ലെങ്കിലും പലരുടെയും ഇഷ്ടസൈറ്റുകൾ ഒറ്റരാത്രി കൊണ്ട് മാഞ്ഞുപോയിരുന്നു. എന്നാൽ ഡൽഹിയിലും മുംബൈയിലുമൊക്കെ ചില സർവീസ് പ്രൊവഡർമാർ പോൺ സൈറ്റുകളിൽ ഒരു വിലക്കുമേർപ്പെടുത്തിയില്ല. കേരളത്തിലാകട്ടെ ബിഎസ്എൻഎൽ കണക്‌ഷനുള്ളവർ നക്ഷത്രമെണ്ണിയപ്പോൾ മറ്റ് കമ്പനികൾ നിർലോഭം സൈറ്റുകളും കാഴ്ചകളും എത്തിച്ചു കൊണ്ടേയിരുന്നു. ചിലയിടത്ത് കിട്ടും ചിലയിടത്തില്ല എന്ന മട്ടിലായതോടെ പോണാരാധാകരുടെ ആക്രമണം പിന്നെയും കടുത്തു.

‘അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിക്കില്ല എന്ന വാഗ്ദാനം പ്രകടനപട്ടികയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ കോൺഗ്രസ് ജയിക്കൂവെന്ന മട്ടിൽ ട്വീറ്റുകൾ വരെ വന്നു. പാർലമെന്റിലെ ബോറൻ സെഷനുകൾക്കിടെ ഇനി എംപിമാർ എങ്ങനെ സമയം കളയുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

കഴിഞ്ഞ മാസം അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്ന ഒരു ഹർജി പരിഗണിക്കവേ അതിനൊന്നും സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതായിരുന്നു.ഒരാളുടെ വീട്ടിലെ നാലുചുവരുകൾക്കുള്ളിലിരുന്ന് പോൺ സൈറ്റ് കാണുന്നത് വിലക്കിയാൽ അതയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാണ്. സുപ്രീം കോടതിക്ക് എന്തായാലും ആർട്ടിക്കിൾ 21നെ ഹനിക്കാനാകില്ല, വേണമെങ്കിൽ സർക്കാർ എന്തെങ്കിലും ചെയ്തോ എന്ന മട്ടിലായിരുന്നു കാര്യങ്ങൾ. പോൺ സൈറ്റുകൾക്കെതിരെ തങ്ങളെക്കൊണ്ടാവുന്ന വിധം പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ മറുപടി. അതിന്റെ തുടർച്ചയായിട്ടാണോ ഈ അജ്‍ഞാത ആക്രമണമെന്ന് കരുതുന്നവരാണ് ഏറെയും.

‘‘ഇന്ത്യൻ സംസ്കാരത്തിന് ചേരുന്നതല്ലെന്നും പറഞ്ഞ് ബീഫ് നിരോധിച്ചു, ഗോവധം നിരോധിച്ചു, കേരളത്തിൽ ബാറുകളും നിരോധിച്ചു, ഇനി പോൺ സൈറ്റുകളും കൂടി ഇല്ലാതാവുന്നതോടെ ‌‘കേന്ദ്രത്തിന്റെ താലിബാനിസം’ പൂർണം. പക്ഷേ ശരിക്കും ഈ രാഷ്ട്രീയക്കാരെയല്ലേ നിരോധിക്കേണ്ടത്? കാരണം ജനജീവിതത്തിന് ഇപ്പോൾ ഏറ്റവും ദോഷം അവരല്ലേ...’’

വാട്ട്സാപ്പിലൂടെ പറക്കുന്ന ഈ അജ്‍ഞാത പോസ്റ്റിലുണ്ട് തങ്ങളുടെ രാത്രികളെ നിരാശാപൂർണമാക്കിയവരോടുള്ള ഒരു ശരാശരി ഇന്ത്യൻ ബാച്ചിലറിന്റെ സകലദേഷ്യവും. പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രധാന നേതാവും ബാച്ചിലർമാരായ ഒരു രാജ്യത്തിനു തന്നെ ഈ ഗതി വന്നല്ലോ എന്ന ട്വീറ്റ് കൂടി ഇതിനോട് ചേർക്കുന്നതോടെ എല്ലാം പൂര്‍ണം.