ഈ മഴവില്ലിന് ഏഴഴകില്ല !

സ്വവർഗവിവാഹം നിയമവിധേയമാക്കിയ കോടതിവിധിയിൽ സന്തോഷിച്ച് ഫെയ്സ്ബുക്കുൾപ്പെടെ ലോകം മുഴുവന്‍ മഴവിൽവർണത്തിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ‘സ്വവർഗ വാർത്ത’ അറിഞ്ഞും അറിയാതെയും എഫ്ബി പ്രൊഫൈലിനെ മഴവില്ലിൽ കുളിപ്പിച്ചവരേറെ. സാധാരണ മഴവില്ലിന് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിങ്ങനെ ഏഴുനിറങ്ങളുണ്ട്. പക്ഷേ ഫെയ്സ്ബുക്കിന്റെ മഴവില്ലിൽ ഏഴുനിറങ്ങളുണ്ടായിരുന്നോ? സംശയമുള്ളവർക്ക് ഒന്നുകൂടി നോക്കിയാൽ മനസിലാകും–ലോകമെമ്പാടുമുള്ള സ്വർഗസ്നേഹികളുടെ അഭിമാനത്തിന്റെ പ്രതീകമായ റെയിൻബോ പ്രൈഡ് ഫ്ലാഗിൽ ഏഴുനിറങ്ങളില്ല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, വയലറ്റ് എന്നിങ്ങനെ ആറെണ്ണമേയുള്ളൂ. ഇതെന്താണിങ്ങനെ?

പതാക ഡിസൈൻ ചെയ്തയാൾക്ക് തെറ്റുപറ്റിയതാണോ എന്നു സംശയിക്കേണ്ട. സ്വവർഗ സ്നേഹികളുടെ(എൽജിബിടി–ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ) പ്രൈഡ് റെയിൻബോ ഫ്ലാഗിന് ആറു വർണങ്ങളേയുള്ളൂ. പലപ്പോഴായി ആറും ഏഴും എട്ടുമൊക്കെ നിറങ്ങളിലൂടെ കടന്നു പോയാണ് ഒടുവിൽ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഈ ആറുവർണ മഴവിൽപ്പതാകയിലേക്ക് പ്രൈഡ് ഫ്ലാഗ് എത്തിപ്പെട്ടതെന്നത് മറ്റൊരു യാഥാർഥ്യം. സാൻഫ്രാൻസിസ്കോയിലെ ആർടിസ്റ്റായ ഗിൽബെർട് ബേക്കറാണ് ആദ്യമായി എൽജിബിടി പ്രൈഡ് ഫ്ലാഗിന് മഴവില്ലിന്റെ നിറം ചാർത്തുന്നത്. അന്ന് അമേരിക്കയിലുണ്ടായിരുന്ന സമാധാനത്തിന്റെ പ്രതീകമായ ‘ഫ്ലാഗ് ഓഫ് ദ് റേസ്’ എന്ന അഞ്ചുവർണ പതാകയാണ് ഇതിന് ബേക്കറിന് പ്രചോദനമായത്. പക്ഷേ ബേക്കറിന്റെ ആദ്യപതാകയിൽ എട്ടുനിറങ്ങളുണ്ടായിരുന്നു. പിങ്ക് (ലിംഗഭേദം), ഇൻഡിഗോ(ഐക്യം), ചുവപ്പ് (ജീവിതം), ഓറഞ്ച് (ആശ്വാസം പകരൽ), മഞ്ഞ (സൂര്യൻ), പച്ച (പ്രകൃതി), നീല (കലാഭിരുചി), വയലറ്റ് (ജീവചൈതന്യം) എന്നിങ്ങനെ ഓരോ നിറത്തിനും ഓരോ അർഥങ്ങളും ചാർത്തിക്കൊടുത്തു ബേക്കർ.

സ്വവർഗസ്നേഹികൾക്ക് ആദ്യമായി പരസ്യപിന്തുണയുമായെത്തിയ ഹാർവി മിൽക് എന്ന സാൻഫ്രാൻസിസ്കോ സിറ്റി സൂപ്പർവൈസറെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ നടന്ന റാലിക്കു വേണ്ടിയായിരുന്നു ഈ പതാക നിർമിച്ചത്. പക്ഷേ റാലിക്കുള്ള പതാകകൾ നിർമിക്കാനായി ഒരു കമ്പനിയെ സമീപിച്ചപ്പോഴാണ് ‘ഹോട്ട് പിങ്ക്’ എന്ന നിറം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നറിഞ്ഞത്. അതോടെ പിങ്ക് പതാകയിൽ നിന്നു പോയി. റാലിയുടെ ഇരുവശങ്ങളിലുമായി മൂന്നു നിറങ്ങളിൽ വേഷം ധരിച്ച് നടക്കുന്നതിന്റെ സൗകര്യത്തിനായി ഇൻഡിഗോ നിറവും പിന്നീട് എടുത്തുമാറ്റി.

1978 ജൂൺ 25നു നടന്ന ‘ഗേ ഫ്രീഡം ഡേ’ പരേഡിൽ ബേക്കറിന്റെ ആറുവർണ മഴവിൽ പതാകകൾ സാൻഫ്രാൻ‍സിസ്കോ തെരുവുകളിൽ പാറിപ്പറക്കുകയായിരുന്നു. അതിനുശേഷവും പലപ്പോഴായി പ്രൈഡ് പതാകയിലെ നിറങ്ങൾ കൂടിയും കുറഞ്ഞുമെല്ലാമിരുന്നു. പക്ഷേ ബേക്കർ ഡിസൈന്‍ ചെയ്ത പതാകയാണ് പതാക നിർമാതാക്കളുടെ ഇന്റർനാഷനൽ കോൺഗ്രസ് പിന്നീട് അംഗീകരിച്ചത്. അതോടെ മുകളിൽ ചുവപ്പും താഴെ വയലറ്റുമായുള്ള ഈ റെയിൻബോ പതാക ലോകമെമ്പാടും സ്വവർഗസ്നേഹികളുടെ അഭിമാനത്തിന്റെ പ്രതീകമായും മാറി.