Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ മാഗി!!!ഭാര്യമാരും ബാച്ചിലർമാരും എന്തു ചെയ്യും!!!

Maggi

‘മോൾക്ക് പാചകമൊക്കെ അറിയ്വോ...?’ പെണ്ണുകാണാൻ വന്ന കാരണവന്മാരുടെ ചോദ്യത്തിനു മുന്നിൽ അഭിമാനത്തോടെ ആ അമ്മ പറഞ്ഞു: ‘പിന്നേയ്, എന്റെ മോളുണ്ടാക്കുന്ന ഫുഡല്ലേ ഞങ്ങള് രാവിലേം വൈന്നേരോം രാത്രിയുമൊക്കെ കഴിക്കുന്നത്...’ കാരണവന്മാർക്ക് അതു കേട്ടതും ഒരു സദ്യ കഴിച്ച സംതൃപ്തി. പിന്നെ മോതിരംമാറലായി, കല്യാണം വിളിക്കലയി, കല്യാണമായി. ഒടുവിൽ വലതുകാൽ വച്ച് പെൺകുട്ടി ഭർതൃവീട്ടിലെത്തി. ആദ്യരാത്രി കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിയോട് പിറ്റേന്ന് രാവിലെ വീട്ടിലെ കാരണവരിലൊരാൾ പറഞ്ഞു: ‘എന്നാപ്പിന്നെ ഇന്ന് കുട്ടീടെ വകയായിക്കോട്ടെ ഇവിടത്തെ ഭക്ഷണം. സദ്യയൊരുക്കുന്നതിൽ കുട്ടി കേമത്ത്യാന്നാ അമ്മ പറഞ്ഞിരിക്കുന്നത്...’

പെൺകുട്ടി അഭിമാനത്തോടെയൊന്നു ഭർത്താവിനെ നോക്കി നേരെ അടുക്കളയിലേക്ക് കയറി. അതിനിടെ പുറത്തേക്കു നോക്കി വിളിച്ചു പറഞ്ഞു–‘എല്ലാവരും കൈ കഴുകിക്കോ ഫുഡ് റെഡി...’ ഇത്ര പെട്ടെന്നോ...!!! കുട്ടി മിടുമിടുക്കിയാണല്ലോ... എല്ലാവരും പാത്രവും വെടുപ്പാക്കി കാത്തിരുന്നു. അതാ വരുന്നു ആവി പറക്കുന്ന പാത്രവുമായി അവൾ. എല്ലാവരും പാത്രം നീട്ടി. അവളതാ എന്തോ പാത്രത്തിലേക്കു വിളമ്പുന്നു. ദൈവമേ എന്തായിത്!!! അരിയിൽ പുഴു കയറിയോ? അതും ഇത്രേം നീളമുള്ള പുഴുവോ..ഈശ്വരാ ഈ പെണ്ണിനു വട്ടാണോ? പുഴുവിനെപ്പുഴുങ്ങിയാണോ തരുന്നത്!!

‘കഴിക്ക് അങ്കിളേ...’എന്നു പെൺകുട്ടി പറഞ്ഞതു മാത്രം ഓർമയുണ്ട്, കാരണവർ ജീവനും കൊണ്ട് ഒരോട്ടമായിരുന്നു. പുഴുവിനെയും തിന്നുകൊണ്ട് ജീവിക്കേണ്ട ഗതികേടൊന്നും തനിക്കില്ലെന്നും പറഞ്ഞായിരുന്നു ഓട്ടം. അന്തംവിട്ടു നിന്ന പെൺകുട്ടിയോട് ഭർത്താവ് പതിയെ ചോദിച്ചു. ‘അല്ലാ, നിനക്ക് പാചകമൊക്കെ അറിയാമെന്നു പറഞ്ഞിട്ട്...’ ‘ഉവ്വ ചേട്ടാ, ഇതാ ഞങ്ങളുടെ വീട്ടിൽ എല്ലാവരും മൂന്നുനേരവും കഴിക്കുന്നത്...’ ഭാര്യയുടെ ആ ഡയലോഗിനു മുകളിലേക്ക് തൊട്ടടുത്തു നിന്ന് കുടുംബത്തിലെ എല്ലാവരിൽ നിന്നും ഒരേ സ്വരത്തിലാണ് കോറസുയർന്നത്– ഈശരാ...

അതെ, ഈശ്വരനെ വിളിക്കേണ്ട അവസ്ഥയാണിപ്പോൾ. ഞെട്ടിക്കുന്ന വാർത്തയാണാശാനേ എന്ന് പറയുന്ന പോലെയായി കാര്യങ്ങൾ. ലക്ഷക്കണക്കിന് ബാച്ചിലർമാരുടെ വയറ്റത്തടിച്ചാണ് ആ വാർത്ത വന്നത്–മാഗി നൂഡിൽസിൽ ആരോഗ്യത്തിനു ഹാനികരമായ ലെഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ വിപണിയിൽ നിന്ന് മുഴുവൻ മാഗി നൂഡിൽസും പിൻവലിക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ടും എത്തിയിട്ടുണ്ട്. എന്നാല്‍ മാഗിയിൽ ഒരു രാസവസ്തുവും ഇല്ലെന്ന് അവകാശപ്പെട്ട് നിർമാതാക്കളായ നെസ് ലെയും രംഗത്തു വന്നിട്ടുണ്ട്. എന്തായാലും കൂടുതൽ അന്വേഷണത്തിന് നിർദേശം വന്നിരിക്കുകയാണ്. പരിശോധനാറിപ്പോർട്ട് പ്രതികൂലമായാൽ തീൻമേശകളിൽ നിന്ന് മാഗി മറയുമെന്നുറപ്പ്.

ലോകത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക്ക് ആകെക്കൂടി കുക്ക് ചെയ്യാനറിയാവുന്നതെന്ന ‘നല്ല പേരുള്ള’ സംഗതിയാണ് നൂഡിൽസ്. അവിവാഹിതരായ ചെറുപ്പക്കാരെ പട്ടിണി കിടക്കാതെ സഹായിക്കുന്ന, നിമിഷങ്ങൾക്കുള്ളിൽ തയാറാക്കിക്കഴിക്കാവുന്ന നൂഡിൽസ് നിർത്തിയാൽ എന്താവുമെന്ന ചർച്ച ഇപ്പോഴേ സമൂഹമാധ്യമങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. മാഗി പോയാലും പല പല ബ്രാൻഡുകളിൽ കാക്കത്തൊള്ളായിരം നൂഡിൽസ് ബ്രാൻഡുകൾ ഇന്ത്യയിൽ വേറെയുണ്ടെന്ന ആശ്വാസമുണ്ട്. പക്ഷേ തലവേദന വന്നാൽ വിക്സ്, വിശപ്പു വന്നാൽ മാഗി എന്ന അപ്രഖ്യാപിത മുദ്രാവാക്യം നിലവിലുള്ള രാജ്യങ്ങളിലൊന്നാണല്ലോ നമ്മുടേത്. 1982 മുതൽ മാഗി ഇന്ത്യയിലുണ്ട്. (1872ൽ സ്വിറ്റ്സർലൻഡിൽ ജൂലിയസ് മാഗി എന്ന വ്യവസായിയാണ് ഈ ബ്രാൻഡ് ആരംഭിച്ചത്) ഇന്ത്യൻ നൂഡിൽസ് വിപണിയിൽ ഭൂരിഭാഗവും മാഗിയുടെ കയ്യിലുമാണ്. ബ്രാൻഡഡ് നൂഡിൽസ് മാത്രമേ കഴിക്കൂ എന്നു വാശി പിടിക്കുന്നവർക്ക് മാഗി നിരോധനം പണി തരുമെന്നുറപ്പ്.

2000 ബിസി മുതൽ ലോകത്തുണ്ടായിരുന്നു നൂഡിൽസ് എന്നാണ് ചരിത്രം പറയുന്നത്. ഞൊടിയിടയിൽ വിശപ്പുമാറ്റുന്ന ഇൻസ്റ്റന്റ് നൂഡിൽസിന്റെ നിർമാണത്തിനു കാരണമായത് പക്ഷേ രണ്ടാം ലോകമഹായുദ്ധമായിരുന്നു. യുദ്ധത്തിൽ തകർന്നു പോയ ജപ്പാനിൽ ക്ഷാമമേറി. അതോടെ മൂന്നു ചോദ്യങ്ങളാണ് ജനങ്ങളുടെ മനസ്സിൽ വന്നത്. കുറഞ്ഞ ചെലവിൽ എന്തു ഭക്ഷണം ലഭിക്കും? പെട്ടെന്ന് എങ്ങനെ തയാറാക്കാനാകും? പാചകത്തിന് ഇന്ധനത്തിന്റെ ഉപയോഗം എത്രത്തോളം കുറയ്ക്കാനാകും? ഇതിനെല്ലാം ഉത്തരവുമായി മോമോഫുകു ആൻഡോ എന്ന വ്യവസായിയാണ് ആദ്യമായി ഇൻസ്റ്റന്റ് നൂഡിൽസ് തയാറാക്കിയത്. ഇന്നും ജപ്പാന്റെ ‘ദേശീയ ഭക്ഷണ’മാണ് നൂഡിൽസ് എന്നു പറയേണ്ടി വരും. ചൈനയിലും സംഗതി ഹിറ്റാണ്. അവിടെ പിറന്നാളിനു പോലും ചോക്കലേറ്റ് കേക്കിനു പകരം മുറിക്കുന്നത് നൂഡിൽസ് കേക്കാണ്. ദീർഘായുസ്സിന്റെ പര്യായമാണത്രേ അവിടെ നൂഡിൽസ്. പക്ഷേ ലെഡുള്ള നൂഡിൽസ് കഴിച്ചാൽ ദീർഘായുസ്സിന്റെ കാര്യം സംശയമാണ്!!!

ഇന്ത്യയിൽ മാഗി ഇതാദ്യമായല്ല വിവാദത്തിൽപ്പെടുന്നതും– നൂഡിൽസ് കഴിക്കൂ, മസിലുകളും എല്ലുകളും ശക്തിപ്പെടുത്തൂ, ഇടതൂർന്ന മുടിയ്ക്കുടമയാകൂ..എന്നെല്ലാം നേരത്തേ പരസ്യം ചെയ്തും കമ്പനി പ്രശ്നത്തിൽപ്പെട്ടിരുന്നു. മസിൽ വളർച്ചയ്ക്കോ മുടി നീട്ടാനോ സഹായിക്കുന്ന ഒന്നും ഈ നൂഡിൽസിൽ ഇല്ല എന്നതുതന്നെ അതിനു കാരണം.