Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയെ തലപ്പാവഴിച്ച് രക്ഷിച്ച സിഖ് യുവാവിനൊരു സമ്മാനം

Harman Singh

പരസ്യമായി ഒരു കാരണവശാലും തലപ്പാവ് അഴിക്കില്ല സിഖുകാർ, അത്രമാത്രമുണ്ട് അതിനോടുള്ള മതപരമായ ബഹുമാനം. പക്ഷേ സിഖ് ലോകത്തിനാകെ തലയുയർത്തിപ്പിടിച്ചു നടക്കാനുള്ള വക നൽകിയാണ് ഹർമൻ സിങ് എന്ന യുവാവ് ഈയടുത്ത് തന്റെ തലപ്പാവ് ഊരിമാറ്റിയത്. ന്യൂസിലൻഡിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ ഹർമൻ അവിടെ ബിസിനസ് വിദ്യാർഥിയാണ്. ഒരു ചെറിയ ഫ്ളാറ്റിൽ കൂട്ടുകാരൻ രവിക്കൊപ്പമാണ് താമസം. മേയ് മധ്യത്തിൽ ഒരു ദിവസം രാവിലെ ഓക്ക്‌ലൻഡിലെ തന്റെ ഫ്ലാറ്റിലിരിക്കുമ്പോഴാണ് റോഡിൽ ഒരു വാഹനം പെട്ടെന്നു ബ്രേക്കിട്ടതു പോലെ ശബ്ദം ഹർമൻ കേട്ടത്. ഒപ്പം കുട്ടികളുടെ കരച്ചിലും. എന്തോ അപകടമാണെന്നുറപ്പായതോടെ ഹർമൻ സിങ് ശബ്ദം കേട്ടിടത്തേക്കു പാഞ്ഞു. അവിടെ ഒരു ആറു വയസ്സുകാരൻ നിലത്തുകിടക്കുന്നു. തൊട്ടടുത്ത് ബ്രേക്കിട്ട നിലയിൽ ഒരു കാർ. ആൾക്കാരെല്ലാം ചുറ്റിലും കൂടിയിട്ടുണ്ട്. അനിയത്തിക്കൊപ്പം സ്കൂളിൽ പോകുന്ന വഴിയായിരുന്നു ആ കുട്ടി. അപകടത്തിൽ അവന്റെ തല പൊട്ടി ചോര വാർന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഹർമൻ സിങ് ഒന്നുമാലോചിച്ചില്ല. തലപ്പാവഴിച്ച് അതുകൊണ്ട് ചോരയുടെ ഒഴുക്ക് തടഞ്ഞു. ആശുപത്രിയിലേക്കും അങ്ങിനെത്തന്നെ കൊണ്ടുപോയി. അതിനിടെ ആ വഴി വന്ന ഒരാളാണ് ഹർമൻ സിങ് തലപ്പാവ് ഊരി കുട്ടിയുടെ തലയ്ക്കടിയിൽ വയ്ക്കുന്ന ഫോട്ടോയെടുത്തത്. ഹർമന്റെ പരിചയക്കാരനായിരുന്ന അദ്ദേഹം ആ ചിത്രം സിങ്ങിന്റെ പ്രൊഫൈൽ അഡ്രസടക്കം ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു. നിമിഷങ്ങൾക്കകം സംഗതി വൈറലാവുകയായിരുന്നു.

കേരളത്തിൽ വരെ വാട്ട്സാപ്പിലൂടെയും മറ്റും സിഖുകാരന്റെ ആ നന്മക്കാഴ്ച പ്രചരിച്ചു. ഫെയ്സ്ബുക്ക് പേജിൽ അഭിനന്ദന പ്രവാഹമായി. പ്രദേശത്തെ വൺ ന്യസ് എന്ന ടിവി ചാനൽസംഘം ഹർമന്റെ വീട്ടിലെത്തി ഇന്റർവ്യൂവെടുത്ത് സ്റ്റോറിയാക്കിയതോടെ വാർത്ത രാജ്യാന്തരതലത്തിലുമെത്തി. അവിടെക്കൊണ്ടും തീർന്നില്ല. ആ ന്യൂസ് സ്റ്റോറി ചാനലിൽ വന്നതോടെ കണ്ടവർക്കെല്ലാം ഒരു സംശയം. ഹർമന്റെ അപാർട്മെന്റിൽ ആവശ്യത്തിന് ഫർണിച്ചറില്ല. ആകെയുള്ളത് ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേര മാത്രം. ഹർമൻ ഉറങ്ങുന്നതാകട്ടെ നിലത്ത് പായ വിരിച്ചും. ആദ്യ ന്യൂസ് സ്റ്റോറി വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വൺ ന്യൂസ് സംഘം വീണ്ടും ഹർമനെ കാണാനെത്തി. പെട്ടെന്നുണ്ടായ പ്രശസ്തി ഹർമന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. പക്ഷേ അത്തരമൊരു നിമിഷത്തിൽ ആരും ചെയ്യുന്നതേ താനും ചെയ്തുള്ളൂ എന്നായിരുന്നു ഹർമന്റെ മറുപടി. റിപ്പോർട്ടറാകട്ടെ വീടൊക്കെ ചുറ്റിനടന്ന് ‘ഇനി പുതിയ ഫർണിച്ചറൊക്കെ വാങ്ങണ്ടേ? ആരെങ്കിലുമൊക്കെ കാണാൻ വന്നാലോ..?’ എന്നെല്ലാം അന്വേഷണം നടത്തി. താമസിയാതെ ഓരോന്നായി വാങ്ങണമെന്ന് ഹർമന്റെ മറുപടി. റിപ്പോർട്ടർ ആ ചെറുപ്പക്കാരനെയും കൂട്ടി പുറത്തിറങ്ങി. അവിടെ ഒരു വലിയ ട്രക്ക് നിർത്തിയിട്ടിരിക്കുന്നു. അതിൽ നിന്ന് ഹർമനുള്ള സമ്മാനങ്ങൾ ഓരോന്നായെത്തി–വീട്ടിലേക്ക് ഒരു വലിയ സോഫ, ഉഗ്രനൊരു കിടക്ക, പിന്നെയൊരു വമ്പൻ കോഫി ടേബിളും. സന്തോഷം കൊണ്ട് കരച്ചിലടക്കാനായില്ല ഹർമന്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് എന്നായിരുന്നു ഇതിനോടുള്ള ഹർമന്റെ മറുപടി. അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിൽപ്പോയും കണ്ടിരുന്നു ഈ സിങ്. കുട്ടിയുടെ മാതാപിതാക്കൾക്കാകട്ടെ ഹർമനോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല. അതിനിടെ സിഖ് മതനേതാക്കളോട് ഇതിനെപ്പറ്റി ചിലർ അന്വേഷിച്ചു–തലപ്പാവ് ഊരിമാറ്റിയതിൽ അവർക്ക് തെല്ലുമില്ല പരിഭവം. അപരിചിതനായ ഒരാളെ യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ സഹായിക്കുക എന്നതിൽക്കവിഞ്ഞ് വേറെന്തു നന്മയുണ്ട് ലോകlത്തിൽ എന്നായിരുന്നു അവരുടെ ചോദ്യം. എന്തായാലും ഈ സിങ് ഇപ്പോൾ ശരിക്കും ആളൊരു കിങ് ആയിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.