സ്വാതിയും അമ്മയും മറക്കില്ല ആ ദിവസം

ദേ അക്കാണുന്നതാണ് ദുഫായ്...എന്നും പറഞ്ഞ് ഗഫൂർക്ക കടലിലേക്കു തള്ളിയിട്ടപ്പോൾ ദാസനും വിജയനും ചെന്നുകയറിയത് ചെന്നൈയിലായിരുന്നു. അന്നവിടെ പക്ഷേ അവരെ ആദ്യം സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അറബിവേഷവും കെട്ടി ‘കൊള്ളക്കാരുടെ’ കയ്യിൽപ്പെടാതെ രക്ഷപ്പെട്ടതു തന്നെ ഭാഗ്യം. പക്ഷേ ആ ചെന്നൈ ആകെ മാറിയിരിക്കുന്നു. ആർ.സ്വാതിയ്ക്കും അമ്മ തങ്കപ്പൊണ്ണിനും ഇന്ന് ചെന്നൈക്കാർ തങ്കത്തിൽ പൊതിഞ്ഞ മനസ്സുള്ളവരാണ്. വഴി തെറ്റി വന്നിട്ടും അവരെ കൈവിടാതെ ജീവിതത്തിലേക്ക് ഒരു മികച്ച വഴി തുറന്നിട്ടു കൊടുത്തവരാണ് ആ നഗരത്തിലെ ഒരു കൂട്ടം ആൾക്കാർ. കൃത്യമായി പറഞ്ഞാൽ രാവിലെ നടക്കാനിറങ്ങുന്ന ‘ട്വാക്കേഴ്സ്’ എന്ന കൂട്ടായ്മയിലെ അംഗങ്ങൾ.

ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. കോയമ്പത്തൂരിലെ അണ്ണാ അരങ്ങം തമിഴ്നാട് അഗ്രികൾചർ സർവകലാശാല (ടിഎൻഎയു) യിൽ അഡ്മിഷനു വേണ്ടിയായിരുന്നു തിരുച്ചിറപ്പള്ളി സ്വദേശിയായ സ്വാതി അമ്മയെയും കൂട്ടി എത്തിയത്. അഡ്മിഷനു മുന്നോടിയായുള്ള കൗൺസലിങ് ആയിരുന്നു അന്ന്. അറിയാത്ത സ്ഥലമാണ്. അതിരാവിലെത്തന്നെ എത്തുകയും ചെയ്തു. റോഡിലൂടെ പോകുന്ന ചിലരോടൊക്കെ സ്വാതിയും അമ്മയും യൂണിവേഴ്സിറ്റിയിലേക്കുള്ള വഴി ചോദിച്ചു. പക്ഷേ അങ്ങനെയൊരിടത്തെപ്പറ്റി ആരും കേട്ടിട്ടില്ല. അതിനിടെയാണ് പ്രഭാതസവാരിക്കാരായ ചിലരുടെ കണ്ണിൽ ഈ അമ്മയും മകളും പെട്ടത്. എന്താ കാര്യമെന്നന്വേഷിച്ചപ്പോൾ സംഗതി ഗുരുതരമാണ്. വഴി തെറ്റി സ്വാതിയും അമ്മയും എത്തിയിരിക്കുന്നത് ചെന്നൈയിലെ അണ്ണാ സർവകലാശാലയുടെ പരിസരത്ത്. അപ്പോൾ സമയം രാവിലെ 6.30. എട്ടരയ്ക്ക് കൗൺസലിങ് തുടങ്ങും. ഇനി രക്ഷയില്ല, ടിഎൻഎയുവിലെ അഡ്മിഷനെന്ന സ്വപ്നം പൊലിയാൻ പോകുന്നു.

1017 മാർക്ക് നേടി പ്ലസ്ടു പാസായതാണ് സ്വാതി. അതും വളരെ പാവപ്പെട്ട ജീവിതസാഹചര്യങ്ങളോട് പോരാടി. ഇതെല്ലാം കേട്ടതോടെ പ്രഭാതസവാരിക്കാരിൽ ചിലർ ഒരു തീരുമാനമെടുത്തു. ആദ്യം അവർ ആ അമ്മയ്ക്കും മകൾക്കും ഭക്ഷണം വാങ്ങിക്കൊടുത്തു. അതിനിടെ ഒരാൾ കോയമ്പത്തൂരിലേക്കുള്ള വിമാനടിക്കറ്റ് അന്വേഷിക്കാൻ പോയി. 10.05ന് പുറപ്പെടുന്ന ഒരു വിമാനത്തിൽ ടിക്കറ്റുണ്ട്. രണ്ടു പേർക്കും കൂടി 10,500 രൂപ മുടക്കി അവർ ടിക്കറ്റുമെടുത്തു. പ്രഭാതസവാരിസംഘത്തിലെ എല്ലാവരും കൂടി പിരിവിട്ടായിരുന്നു തുക സംഘടിപ്പിച്ചത്. ഒരാൾ അവർക്കൊപ്പം വിമാനത്താവളത്തിലേക്കും പോയി, എങ്ങനെയാണ് യാത്രയെന്നും മറ്റുമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. വിമാനം കൃത്യസമയത്തുതന്നെ പറന്നുയർന്നു.

11.40ന് അത് കോയമ്പത്തൂരെത്തി. അവിടെയതാ സ്വാതിയെയും അമ്മയെയും കാത്ത് ഒരു കാർ. നേരെ അണ്ണാ അരങ്ങം സർവകലാശാലയിലേക്ക്. 12.15ന് അവിടെയെത്തുമ്പോൾ കൗൺസലിങ് സമയം സ്വാതിക്കു വേണ്ടി നീട്ടിയിരുന്നു. ട്വാക്കേഴ്സ് സംഘത്തിലെ ചിലർ ചെന്നൈ അണ്ണാസർവകലാശാലയിലെ അധ്യാപകരായിരുന്നു. അവർ പരിചയമുപയോഗിച്ച് ടിഎൻഎയു റജിസ്ട്രാറെ വിളിച്ചാണ് സ്വാതിക്കു വേണ്ടി കൗൺസലിങ് സമയം നീട്ടിക്കൊടുത്തത്. അവിടെയും തീർന്നില്ല അദ്ഭുതങ്ങൾ. സ്വാതിക്ക് സർവകലാശാലയിൽ അഡ്മിഷനും ശരിയായി, അതും ബിടെക് ബയോടെക്നോളജിയ്ക്ക്. സ്വപ്നത്തെക്കാൾ സുന്ദരമായ ഒരു ദിനം സമ്മാനിച്ചത് ട്വാക്കേഴ്സ് സംഘത്തെ വിളിച്ച് നന്ദി പറയും മുൻപേ അവർ തങ്കപ്പൊണ്ണിനെ വിളിച്ചു, സ്വാതിക്ക് അഡ്മിഷൻ കിട്ടിയെന്നറിഞ്ഞപ്പോൾ അവർക്കും ഇരട്ടി സന്തോഷം. എന്തായാലും സ്വാതിയും അമ്മയും കൂടെ ഒരിക്കൽക്കൂടി ചെന്നൈയിലേക്കു പോകാനൊരുങ്ങുകയാണ്. നേരിട്ടുകണ്ട് നന്ദി പറയാതിരിക്കാനാകില്ലല്ലോ നന്മ നിറഞ്ഞ ആ നല്ല ചെന്നൈ സംഘത്തിന്...