കൊഞ്ചലുകൾ പറയും കുഞ്ഞിന്റെ ഭാവി

കുഞ്ഞുവാവ കലപില സംസാരിക്കുമ്പോൾ ഇതെന്തൊരു ബഹളം എന്നു വിചാരിക്കാറുണ്ടോ? എങ്കിൽ അതവസാനിപ്പിച്ചോളൂ. കുഞ്ഞു തോന്നുംപോലെയെല്ലാം ശബ്ദം വച്ചോട്ടെ. എന്താണെന്നല്ലേ? അവന്റെ ഭാവിയെ നിശ്ചയിക്കുന്നത് ഈ കൊഞ്ചലുകൾ തന്നെയാണ്. രണ്ടുവയസുള്ളപ്പോൾ കുട്ടിയുടെ പദസമ്പത്ത് എത്രയാണോ അതിനനുസരിച്ചിരിക്കും അവന്റെ ജീവിതവിജയം. 8650 കുട്ടികളെ ആധാരമാക്കി പെൻസില്‍വാനിയ സ്റ്റേറ്റ് സർവകലാശാല, കാലിഫോർണിയ സർവകലാശാല, കൊളംബിയ സർവകലാശാല, ഇർവിന്‍ സർവകലാശാല തുടങ്ങിയവയിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

രണ്ടു വയസാകുമ്പോഴേയ്ക്കും പരമാവധി പദസമ്പത്ത് ആർജിക്കുന്ന കുട്ടികൾ കിന്റർഗാർഡനിൽ എത്തുമ്പോൾ സമപ്രായക്കാരായ മറ്റു കുട്ടികളെ അപേക്ഷിച്ച് പഠനത്തിലും മറ്റു പ്രവർത്തികളിലും മുന്നിലായിരിക്കും. കിന്റർ ഗാർഡനിലേക്കു കണക്കിലും വായനയിലും മിടുക്കുമായി പോകുന്ന കുട്ടികൾ ഭാവിയിൽ കോളേജ് വിദ്യാഭ്യാസം നേടുകയും സ്വന്തമായി വീടുവക്കുന്നവരും ഉയർന്ന വരുമാനം സ്വന്തമാക്കുന്നവരും ആയിരിക്കുമെന്നും പഠനം പറയുന്നു.

കുട്ടികളുടെ സംസാരശേഷിയെ വിലയിരുത്താൻ രക്ഷിതാക്കളെയാണ് പഠനത്തിന് വിധേയരാക്കിയത്. കുട്ടികളുടെ പഠന-പാഠ്യേതര വിഷയങ്ങളിലെ പെരുമാറ്റത്തെ കിന്റർഗാർട്ടനിലെ അധ്യാപകരും വിലയിരുത്തി. അതേസമയം ജനിക്കുമ്പോൾ തൂക്കക്കുറവുള്ളവരോ രോഗികളായ അമ്മമാരുടെ മക്കളോ ആയവർക്ക് സംസാര ചാതുര്യം കുറവായിരിക്കുമെന്നും ഗവേഷകർ കണ്ടെത്തി.