പതിനൊന്നുകാരിയെ കാമുകൻ ചതിച്ചപ്പോൾ സംഭവിച്ചത്...

‘ഒരു കാര്യം സംസാരിക്കാനുണ്ട്...’

‘ഓക്കെ...’

(പറഞ്ഞോളൂ എന്നു വ്യംഗ്യം)

_‘നീയാ നതാലിയുടെ കൂടെ പാർക്കിൽ പോയെന്നു കേട്ടല്ലോ...എന്തിനാ ജോയ്

നീയെന്നെ_ ചതിച്ചത്? ഇഷ്ടമാണെന്നു നീ പറഞ്ഞപ്പോൾ അത് ആത്മാർഥമാണെന്നാണു ഞാൻ കരുതിയത്. പക്ഷേ എനിക്കു തെറ്റി...’

ഏതോ പൈങ്കിളി സീരിയലിന്റെ തിരക്കഥയുടെ ഭാഗമാണിതെന്നൊന്നും വിചാരിക്കേണ്ട. ഇത്തിരിക്കോളം പോന്ന പിള്ളേർ അങ്ങോട്ടുമിങ്ങോട്ടും മെസേജയച്ചു കളിച്ചതാണ്. 11 വയസ്സുള്ള കാത്തിയെ അയൽവാസിയും സഹപാഠിയുമായ ജോയ് ‘വഞ്ചിച്ച’ കഥ പക്ഷേ ഇപ്പോൾ ലോകം മുഴുവനും പാട്ടാണ്. ടെക്സസിലാണു സംഭവം. അനിയത്തിയുടെ ഫോണെടുത്തു നോക്കിയതാണ് മാഡി നിക്കൻസ് എന്ന പതിനേഴുകാരി. ചുമ്മാതെ മെസേജുകൾ നോക്കിയപ്പോഴുണ്ട് അതിൽ അയൽവാസിയായ ജോയെ പൂരച്ചീത്ത വിളിച്ചിരിക്കുന്നു. എന്താണു സംഗതിയെന്നു നോക്കിയ മാഡി ചിരിച്ചുമറിഞ്ഞു പോയി. അനിയത്തിക്കുട്ടിയുടെ ‘ലവ് ബ്രേക്കപ്പിന്റെ’ ചരിത്രമാണ് മെസേജ് രൂപത്തിൽ കിടക്കുന്നത്.

എല്ലാ പ്രണയപരാജയ ചർച്ചകളും ആരംഭിക്കുന്നതുപോലെത്തന്നെ ‘എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്..’ എന്ന ആമുഖത്തോടെയാണു തുടക്കം. പിന്നെ നതാലിയോടൊപ്പം ജോയ് കറങ്ങാൻ പോയതിന്റെ സങ്കടംപറച്ചിൽ. പക്ഷേ കാത്തിയോട് ജോയ് പറഞ്ഞു നോക്കി–

‘ഞാൻ അവളുടെ കൂടെ വെറുതെയൊന്ന് ചുറ്റാൻ പോയതാ...’

അതിക്രൂരമായിരുന്നു അതിനു മറുപടി–

‘മേലാൽ സ്കൂളിൽ വച്ച് എന്നോട് മിണ്ടാൻ വന്നേക്കരുത്. എനിക്കു നിന്നെ ഇഷ്ടമല്ല..’

_പക്ഷേ ‘എന്നാലും പെണ്ണേ പണ്ട് നീ എനിക്ക് അതുമിതുമൊക്കെ

വാങ്ങിത്തന്നിട്ടില്ലേ..അപ്പോ നിനക്ക് എന്നോട് ഇഷ്ടമൊക്കെയുണ്ട്...’ എന്ന ലൈനിലായിരുന്നു ജോയുടെ മറുപടി. അതോടെയായിരുന്നു കാത്തിയുടെ ഹിറ്റ് ഡയലോഗെത്തിയത്._

‘പോടാ #$^%^^

Ding ding ding! Oh what was that, oh yeah the elevator, cause your not on my level!!!’

കൃത്യമായിപ്പറഞ്ഞാൽ ‘നീ വെറും അശുവാണെടാ ചെക്കാ...’എന്ന മട്ടിലുള്ളതായിരുന്നു ഈ വരികൾ. ഈ ബന്ധം ഇവിടെ തീരുകയാണ് എന്ന അതികഠിനമായ മെസേജിലൂടെ കാത്തി ആ ‘യുദ്ധം’ അവസാനിപ്പിക്കുകയും ചെയ്തു.

പക്ഷേ ഈ മെസേജൊക്കെ കണ്ട മാഡിയ്ക്ക് ഒരു കുസൃതി തോന്നി. അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ചുമ്മാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതങ്ങനെ കഴിഞ്ഞു. പിറ്റേന്നു രാവിലെ ട്വിറ്റർ തുറന്ന മാഡി ഞെട്ടിപ്പോയി–അതിൽ നിറയെ നോട്ടിഫിക്കേഷനുകൾ. സംഗതി കൈവിട്ടുപോയെന്ന് അപ്പോഴാണു പിടികിട്ടിയത്. ട്വീറ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്കകം പതിനായിരത്തോളം റീട്വീറ്റ്, അതിലേറെ ഫേവറിറ്റ്സ്. അതുംപോരാതെ കാത്തിയുടെ ‘ഡിങ് ഡിങ് ഡിങ്..’വരികൾ വൈറലാവുകയും ചെയ്തു. അതേ മോഡലിൽ പല തമാശപ്പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയാനും തുടങ്ങി.

കാത്തിയുടെ മെസേജിൽ മുതിർന്നവർ ഉപയോഗിക്കുന്ന ഒരു പദപ്രയോഗവും കയറിപ്പറ്റിയിരുന്നു. അത് അച്ഛനെ കേട്ടുപഠിച്ചതാണെന്നാണ് മാഡി പറഞ്ഞത്. മാത്രവുമല്ല ഡിങ് ഡിങ് ഡിങ് വരികൾ കാത്തി കൂട്ടുകാരോടും കുടുംബക്കാരോടുമെല്ലാം സ്ഥിരം പറയുന്നതാണ്. അത് ജോയ്ക്കെതിരെ പ്രയോഗിച്ചപ്പോൾ പക്ഷേ സംഗതി ഹിറ്റായിപ്പോവുകയായിരുന്നു.

സംഭവത്തെപ്പറ്റി കാത്തിയുടെ കുടുംബത്തിന്റെ പ്രതികണം ഇങ്ങനെ: ‘ഇത് ഞങ്ങളുടെ രണ്ട് മക്കൾക്കു തന്നെ ഒരു പാഠമായിരിക്കട്ടെ. ഇന്റർനെറ്റിൽ എന്തെങ്കിലും ഒപ്പിച്ചുവച്ചാൽ ലോകം മുഴുവൻ അറിയാൻ ദേ ഇത്രേം നേരം മതി എന്ന പാഠം...’

എന്തൊക്കെയാണെങ്കിലും ഒറ്റ രാത്രി കൊണ്ട് കാത്തിയങ്ങു താരമായി. ജോയെന്ന ‘ചതിയൻ കുഞ്ചു’വാകട്ടെ തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലും. പക്ഷേ അവന് അങ്ങനെത്തന്നെ വേണമെന്നാണ് ഇപ്പോഴും കാത്തിയുടെ നിലപാട്. അത്രയ്ക്കധികം അവനെ വിശ്വസിച്ചിരുന്നത്രേ...