നൂറാം വയസ്സിലും പച്ചകുത്തലില്‍ ചെറുപ്പത്തിന്‍റെ തെളിമയുമായി ഒരു ടാറ്റു മുത്തശ്ശി !!

തന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ പച്ചക്കുത്തിതുടങ്ങിയതാണ് ഈ മുത്തശ്ശി. ന്യൂജനറേഷന്‍ ടാറ്റു ഉപകരണങ്ങളെ തോല്‍പ്പിക്കും...

പച്ചകുത്തല്‍ അഥവാ ടാറ്റൂയിങ് ഇന്ന് ഒരു ട്രെന്‍ഡിനപ്പുറം ചിലര്‍ക്കെങ്കിലുമത് ഭ്രാന്തമായ ഹോബിയായി മാറിയിരിക്കുകയാണല്ലോ, കുത്തി കുത്തി കണ്ണില്‍ വരെ പച്ചകുത്തുന്നവരുണ്ട് ഇന്നു നമ്മുടെ ഇടയില്‍. 

പണ്ടൊക്കെ പച്ചകുത്തുക എന്നുപറഞ്ഞാല്‍ പലരും നെറ്റി ചുളിക്കുമായിരുന്നു. ഒന്നു മടിക്കും കാരണം കാണാന്‍ ഭംഗിയൊക്കെ ഉണ്ടെങ്കിലും അതു കുത്തുമ്പോഴുള്ള വേദന ഓര്‍ക്കുമ്പോള്‍ പിന്നോട്ടു വലിയുന്നവരായിരുന്നു പലരും. ഇന്നു പക്ഷേ കഥ മാറി. ടാറ്റു ഫാഷന്‍റെ ഭാഗമായിരിക്കുന്നു. ദിനംപ്രതി മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം ടാറ്റുയിങ്ങും മാറിക്കൊണ്ടിരിക്കുകയാണ്. കയ്യിലും കഴുത്തിന്‍റെ പിന്നിലും എന്തിനു ശരീരത്തിന്‍റെ ഏത് ഭാഗത്തും ടാറ്റു ചെയ്യുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു ടാറ്റു മാസ്റ്ററുണ്ട് അങ്ങു ഫിലിപ്പിന്‍സില്‍. 

പച്ചകുത്തല്‍ ക്രെയ്സ് ആയിട്ടെടുത്തിട്ടുള്ളവര്‍ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരെ ഫിലിപ്പിന്‍സിലേക്കു വച്ചു പിടിച്ചോ. അവിടെ ലോകപ്രശസ്തയായ ഒരു ടാറ്റു മാസ്റ്ററുണ്ട്. ആളു വളരെ ചെറുപ്പമാണ്. നൂറുവയസുള്ള വാങ്ങ് ഓഡ് മുത്തശ്ശി. പ്രായം കേട്ടു മുഖംചുളിക്കണ്ട. കണ്ണുകാണാതെ ഇത്രയും പ്രായമുള്ള മുത്തശ്ശി എങ്ങനെ പച്ചകുത്തും എന്നു സംശയിക്കാനും വരട്ടെ. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ടാറ്റു മാസ്റ്ററാണ് നമ്മുടെ വാങ്ങ് ഓഡ് മുത്തശ്ശി. ആളു ചില്ലറക്കാരിയല്ലെന്ന് അവിടെയെത്തുന്ന പച്ചകുത്തല്‍ പ്രേമികള്‍ തെളിയിക്കും. 

തന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ പച്ചകുത്തി തുടങ്ങിയതാണ് ഈ മുത്തശ്ശി. ന്യൂജനറേഷന്‍ ടാറ്റു ഉപകരണങ്ങളെ തോല്‍പ്പിക്കും വിധമുള്ള വൈവിധ്യവും അത്യന്തം മനോഹരവുമായ ഡിസൈനുകളാണ് മുത്തശ്ശിയുടേത്. എങ്ങനെയാണ് മുത്തശ്ശി പച്ചക്കുത്തുന്നത് എന്നറിയുമോ. വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഉപകരണം ഉപയോഗിച്ചാണിത്. മുളയില്‍ ഉറപ്പിച്ചിരിക്കുന്ന ആണി പച്ചക്കുത്തേണ്ട ഭാഗത്തു വച്ച് ഒരു കൊച്ചു ചുറ്റിക കൊണ്ട് അടിച്ചാണ് ടാറ്റു ചെയ്യുന്നത്. 

മുത്തശ്ശിയുടെ പച്ചകുത്തൽ കണ്ടാല്‍ വേദനയുടെ പരകോടിയിലായിരിക്കും കുത്തേല്‍ക്കുന്ന ആളും ഒപ്പം കണ്ടുനില്‍ക്കുന്നവരും എന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്നു ലോകത്തുള്ള മറ്റേതു ടാറ്റു ഉപകരണങ്ങളെയും അപേക്ഷിച്ച് വേദന കുറഞ്ഞ രീതി ഇതാണെന്ന് ഇതു പരീക്ഷിച്ചവരൊക്കെ സാക്ഷ്യപ്പെടുത്തുന്നു. 

ഫിലിപ്പിന്‍സിലെ ഒരു കൊച്ചു ഗ്രാമത്തിലുള്ള വാങ്ങ് ഓഡ് മുത്തശ്ശിയെ തേടി ദിനംപ്രതി നിരവധി ടാറ്റുപ്രേമികളാണ് എത്തുന്നത്. ജീവിച്ചിരിക്കുന്ന ഏക കലിംഗ ടാറ്റു ആര്‍ട്ടിസ്റ്റുകൂടിയാണ് നമ്മുടെ ഈ മുത്തശ്ശി. ജീവിതമാര്‍ഗ്ഗമായി ആരംഭിച്ച ഈ പച്ചകുത്തല്‍ ലോകം മുഴുവന്‍ ഖ്യാതി നേടിയിരിക്കുന്നു ഇന്ന്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam