അംബാനിയുടെ മകന് 1.5 ലക്ഷത്തിന്റെ വിവാഹക്ഷണക്കത്ത്? സത്യാവസ്ഥ ഇതാണ്

ആകാശ് അംബാനി, ആകാശിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്ത്

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച. കാത്തിരിപ്പുകൾക്കു വിരാമമിട്ട് ഇറ്റലിയിൽ നടന്ന ആർഭാട വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. ഒരുകോടി മൂല്യമുള്ള വിവാഹ മോതിരമാണ് വിരാട് അനുഷ്കയെ അണിയിച്ചതെന്നു കേട്ട ഞെട്ടലിൽ നിന്നു മുക്തമാകും മുമ്പാണ് മറ്റൊരു സമ്പന്ന കുടുംബത്തിലെ വിവാഹ വാർത്ത കൂടി പുറത്തു വന്നത്. 

മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് അംബാനിയുടെ വിവാഹം സംബന്ധിച്ചുള്ള വാർത്തയായിരുന്നു അത്. വിവാഹത്തിനു മുന്നോടിയായി അംബാനി കുടുംബം തയാറാക്കിയ ക്ഷണക്കത്ത് 1.5 ലക്ഷം വിലമതിക്കുന്നതാണെന്നായിരുന്നു വാർത്ത. സ്വർണവും വിലപിടിപ്പുള്ള കല്ലുകളും ചേർത്തു നിർമിച്ചിട്ടുള്ള ഈ ക്ഷണക്കത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതാണെന്നും പ്രചരണമുണ്ടായിരുന്നു. 

എന്തിനധികം, മനോഹരമായ വിവാഹക്ഷണക്കത്തിന്റെ വിഡിയോകളും ചിത്രങ്ങളും നിമിഷനേരംകൊണ്ട് ഓൺലൈന്‍ ലോകത്തു വൈറലാവുകയും ചെയ്തു. ആപ്പിൾ ഐഫോൺ എക്സിനോടൊപ്പം വരെ പലരും ക്ഷണക്കത്തിനെ താരതമ്യം ചെയ്തു. ഉടൻ തന്നെ മറ്റൊരു വിഐപി വിവാഹ മാമാങ്കത്തിനു കാത്തിരുന്നവർക്കു പക്ഷേ തെറ്റി, അത് ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്തായിരുന്നില്ല. 

സംഗതി ഉള്ളതു തന്നെയാണോ അതോ ആരെങ്കിലും പറ്റിക്കുന്നതാണോ എന്നു സംശയിച്ചിരുന്നവരിലേക്ക് സത്യാവസ്ഥയുമായി അംബാനി കുടുംബത്തോട് അടുത്തമുള്ള വൃത്തങ്ങൾ രംഗത്തെത്തി. ആകാശ് അംബാനിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ക്ഷണക്കത്തിൽ വാസ്തവമില്ലെന്നും ഇതുസംബന്ധിച്ച് അംബാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അവർ അറിയിച്ചു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam