ചായവിൽപ്പനക്കാരന്റേതുപോലെ ഈ 'പച്ചക്കറിസുന്ദരി 'യുടെയും ജീവിതം മാറുമോ?

അർഷദ്,കുസും ശ്രേഷ്ഠ

നീലക്കണ്ണുള്ള ചായവിൽപ്പനക്കാരൻ പെൺമനസുകൾ കീഴടക്കിയിട്ട് അധികനാളുകൾ കഴിഞ്ഞിട്ടില്ല. അർഷദ് എന്ന യുവാവിന്റെ തലവര തന്നെ മാറ്റിമറിച്ചതായിരുന്നു ആ ഫോട്ടോ. ഇസ്ലാമാബാദിലെ ഞായറാഴ്ച്ച ചന്തയിൽ ചായ വിറ്റുകൊണ്ടിരുന്ന അർഷദിനെ പ്രശസ്തനാക്കിയത് സ്ഥലത്തെ പ്രാദേശിക ഫൊട്ടോഗ്രാഫറായ ജിയാ അലിയുടെ ക്ലിക്ക് ആണ്. ഫോട്ടോ വൈറലായതോടെ അർഷദിനെത്തേടി മോഡലിങ് കമ്പനികൾ എത്തുകയും ഇന്ന് സുന്ദരമായ ആ നീലക്കണ്ണുകൾ വിവിധ മോഡലിങ് ഏജൻസികൾക്കു സ്വന്തമാവുകയും ചെയ്തു. ഇപ്പോഴിതാ അതിനു പിന്നാലെ മറ്റൊരു ഫോട്ടോയും ഓൺലൈനിൽ വൈറലാവുകയാണ്, ഇവിടെ ഒരു സുന്ദരിയാണ് പുരുഷ ഹൃദയങ്ങളിൽ കയറിപ്പറ്റിയിരിക്കുന്നത്.

കുസും ശ്രേഷ്ഠ

നേപ്പാളിൽ നിന്നുള്ള ആ സുന്ദരിപ്പെൺകുട്ടി ഒരു പച്ചക്കറി വിൽപ്പനക്കാരിയാണ്. അർഷദിനെപ്പോലെ ഈ പച്ചക്കറി വിൽപ്പനക്കാരിയിലും എന്തോ പ്രത്യേകത ഉണ്ടെന്നു തോന്നിയതോടെ രൂപ്ചന്ദ്ര മഹാജൻ എന്നയാളാണ് ചിത്രമെടുത്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്. പച്ച കുർത്തി ധരിച്ചു സുന്ദരിയായ പച്ചക്കറി വിൽപ്പനക്കാരി ഫോൺ ചെയ്യുന്നതിന്റെയും പച്ചക്കറിയും ചുമലിലേറ്റി പാലത്തിലൂടെ നടക്കുന്നതിന്റെയും ഫോട്ടോകളാണ് വൈറലാകുന്നത്. പെൺകുട്ടിയുടെ ബാഹ്യ സൗന്ദര്യത്തേക്കാൾ അവളുടെ കഠിനാധ്വാനത്തെയാണ് പ്രകീർത്തിക്കേണ്ടതെന്നു പറഞ്ഞു ട്വീറ്റുകളുടെ പെരുമഴയാണ്.

അര്‍ഷദിന്റെ വൈറലായ ചിത്രം, അർഷദ് മോഡലിങ് ഏജൻസിക്കു വേണ്ടി പോസ് ചെയ്തപ്പോൾ

നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം പെൺകുട്ടിയുടെ പേര് കുസും ശ്രേഷ്ഠ എന്നാണ്. ഗോർഖ സ്വദേശിയായ പെൺകുട്ടി പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണെന്നാണ് അറിയുന്നത്. ക്ലാസ് കഴിഞ്ഞു കിട്ടുന്ന ഒഴിവുവേളകളിലാണ് കുസുമം മാതാപിതാക്കളെ സഹായിക്കുന്നത്. അർഷദിനെപ്പോലെ ഈ നേപ്പാളി സുന്ദരിയും മോഡലിങ്ങിന്റെ മേഖലയിലേക്ക് എത്തുമോയെന്നു കാത്തിരുന്നു കാണാം.