സെൽഫിയുമല്ല വെൽഫിയുമല്ല, ബ്രെൽഫി

പാർലമെന്റ് യോഗത്തിനിടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടിയ അർജന്റീന പാർലമെന്റ് അംഗം വിക്ടോറിയ ദോണ്ടെ പെരസ്

കുഞ്ഞിനെ മുലയൂട്ടുന്പോൾ പരിസരം നോക്കണോ? വേണ്ടെന്നാണ് ഇന്നത്തെ അമ്മമാർ വാദിക്കുന്നത്. വിശന്നു കരയുന്ന കുഞ്ഞിനെ എവിടെവെച്ചും മുലയൂട്ടാം. സമയവും സ്ഥലവും ബാധകമല്ലെന്ന് പറഞ്ഞ അമ്മമാരിൽ നിന്നു തുടങ്ങുന്നു "ബ്രൽഫി" വിപ്ളവം. കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം സധൈര്യം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് പുതുതലമുറയിലെ അമ്മ. 

പാർലമെന്റ് യോഗത്തിനിടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടിയ അർജന്റീന പാർലമെന്റ് അംഗം വിക്ടോറിയ ദോണ്ടെ പെരസാണ് ഏറ്റവുമൊടുവിൽ ബ്രൽഫിയിലൂടെ ശ്രദ്ധ നേടുന്ന അമ്മ. 

പൊതുസ്ഥലങ്ങളിൽ മുലയൂട്ടാനുള്ള സ്വാതന്ത്രത്തിനായി ലോകമെന്പാടും പ്രചരിക്കുന്ന ബ്രൽഫി വിപ്ളവത്തിനു  പിന്തുണയേകുകയാണ് വിക്ടോറിയയുടെ ചിത്രം. യുഎസിൽ വില്‍മിംഗ്ടണിലെ ഒരു മാളിൽ കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ സുരക്ഷാഉദ്യോഗസ്ഥൻ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് മുലയൂട്ടലിൽ സ്ഥല-സാഹചര്യങ്ങളുടെ പ്രസക്തി ചർച്ചയായത്. 

മേക്കപ്പിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ഓസ്ട്രേലിയൻ മോഡൽ ജിസേൽ ബഞ്ചൻ

തുടർന്ന് ഒാസ്ട്രേലിയൻ മോഡലായ മിറാൻഡ കേർ അടക്കം പലരും കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്ന ചിത്രം  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ബ്രസീലിയൻ സൂപ്പർ മോഡൽ ജിസേൽ ബഞ്ചനാകട്ടെ മേക്കപ്പിനിടയിലാണ് കുഞ്ഞിനെ മുലയൂട്ടിയത്.  മൂന്ന് സ്റൈലിസ്റ്റുകൾക്കിടയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ജിസേലിന്റെ ബ്രൽഫി സംസാരവിഷയമായിരുന്നു. 

പാർലമെന്റ് അംഗത്തിന്റെ മുലയൂട്ടൽ ചിത്രത്തോടെ ചർച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ജോലി ചെയ്യുന്പോഴും തങ്ങൾ മാതൃത്വത്തിന് മൂല്യം കൽപ്പിക്കുന്നു എന്ന് ഈ അമ്മമാർ ബ്രൽഫികളിലൂടെ പറയാൻ ശ്രമിക്കുന്നു, വിശന്നാൽ എവിടെയിരുന്നും നിങ്ങൾ ഭക്ഷണം കഴിക്കും, ആരും തടസം പറയില്ല. പിന്നെ കുഞ്ഞിന്റെ വിശപ്പടക്കാൻ  മുലപ്പാൽകൊടുത്താൽ അതിലെന്ത് തെറ്റെന്നും ഇവർ ചോദിക്കുന്നു

എന്നാൽ പൊതുസ്ഥലമെന്നോ പൊതുയോഗമെന്നോ നോക്കാതെ കുഞ്ഞിനു മുലപ്പാൽ കൊടുന്പോൾ അതൊരു നേക്കഡ് ഷോയാണെന്ന് തുറന്നടിക്കുകയാണ് ബ്രൽഫിയെ എതിർക്കുന്നവർ. ബ്രൽഫിയെന്ന പേരിൽ ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിൽ പ്രദർശിപ്പിക്കുകവഴി സ്വന്തം പ്രശസ്തി മാത്രമാണ് പലരും ലക്ഷ്യമാക്കുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.