വിവാഹത്തിന് ഒരുമാസം മുമ്പ് മരണം; പ്രതിശ്രുത വരന്റെ ഓർമ്മയിൽ വ്യത്യസ്ത ഫൊട്ടോഷൂട്ട്

ലോറെൻ റെയ്നോൾഡ്സ്

വെള്ളഗൗണും തലയിൽ പൂക്കിരീടവും കയ്യിൽ പൂക്കുടയുമായി രാജകുമാരിയെപ്പോലെ ഒരു വധു... പക്ഷേ വധുവിന്റെ മിഴികളിൽ തിളങ്ങുന്നത് സന്തോഷമല്ല, വിഷാദമാണ്.. കയ്യിൽ ഒരു യുവാവിന്റെ ചിത്രവും പി‌ടിച്ചിരിക്കുന്നു... വിവാഹത്തിനും വെറും ഒരുമാസം മാത്രം ശേഷിക്കവേയാണ് പ്രതിശ്രുതവധുവിനെ തനിച്ചാക്കി അവൻ ഈ ലോകത്തോടു വിട പറഞ്ഞത്. ഒന്നിച്ചുകണ്ട സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പോയ തന്റെ ജീവിത പങ്കാളിയാകേണ്ടിയിരുന്ന ആളെ തീർത്തും വ്യത്യസ്തമായ രീതിയില്‍ വികാരഭരിതമായ ഫോട്ടോഷൂട്ടിലൂടെ ആദരിക്കുകയാണ് ആ പെൺകുട്ടി. തനിച്ചായെങ്കിലും കാമുകന്റെ ഓർമകളിൽ ജീവിക്കുന്ന ആ പെൺകുട്ടിയുടെ പേര് ലോറെൻ റെയ്നോൾഡ്സ്.

വാഷിങ്ടൺ സ്വദേശിയായ ലോറെനിന്റെയും ട്രസ്റ്റിൻ വുഡ്സിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത് 2014 നവംബർ 8നായിരുന്നു. പക്ഷേ ഭാഗ്യം ഇരുവരെയും തുണച്ചില്ല, ഒന്നിക്കുന്നതിന് വെറും ഒരുമാസം മുമ്പ് ട്രസ്റ്റിൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ ട്രസ്റ്റിന്‍ വുഡ്സിന്റെ സ്മരണയ്ക്കായി ലോറെൻ നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലാകുകയാണ്. തന്റെ ദീർഘകാല സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫര്‍ സ്റ്റെഫാനി ജാർസ്റ്റാഡിന്റെ സഹായത്തോ‌ടെയാണ് ലോറെൻ ഫോട്ടോഷൂട്ട് പൂർത്തീകരിച്ചത്.

വിവാഹം മാത്രമായിരുന്നു ലോറെന്റെ മനസിൽ, അതിനിടയിൽ അവൾ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നതേയില്ല. ലോറെന്റെ വിവാഹ സ്വപ്നങ്ങൾക്കു താങ്ങാകുവാനും ട്രസ്റ്റിന്‍റെ സ്മരണയെന്ന നിലയ്ക്കും ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുവാൻ പ്രേരിപ്പിച്ചതും സുഹൃത്തുക്കളാണ്.