മര്യാദ പഠിപ്പിക്കാൻ മകനെ കാട്ടിൽ ഉപേക്ഷിച്ചു, കുട്ടിയെ കാണാനില്ല!!!

കാണാതായ യമാറ്റോ ടാനൂക

കുറച്ചു കുസൃതിയും കുന്നായ്മയും ഇല്ലാത്ത കുട്ടികളുണ്ടാവില്ല. തെറ്റുകളുടെയും അതു തിരുത്തുന്നതിന്റെയും മനസിലാക്കുന്നതിന്റെയുമൊക്കെ കാലമാണ് ബാല്യകാലം. കുസൃതി അതിരു ക‌ടക്കുമ്പോൾ അവരെ ശാസിക്കുകയും ഒന്നു പതിയെ തല്ലുകയുമൊക്കെ ചെയ്യാം, അതു കുട്ടി ചെയ്തതു തെറ്റാണെന്നു മനസിലാക്കുവാൻ മാത്രമാണ്. അല്ലാതെ പൊതിരെ തല്ലുകയോ നാലുനേരവും ചീത്ത പറയുകയോ ഒക്കെ ചെയ്താൽ കുട്ടി വഴിതെറ്റാനെ സാധ്യതയുള്ളു. ഇത്തരത്തിൽ മകനെ മര്യാദ പഠിപ്പിക്കാൻ ഒരു മാതാപിതാക്കൾ ചെയ്ത പ്രവർത്തി ലോകത്തെയാകെ ഞെട്ടിക്കുന്നതാണ്. കാരണം കുട്ടിയ്ക്കു ശിക്ഷയായി ഇവിടെ മാതാപിതാക്കൾ ചെയ്തത് അവനെ നടുക്കാട്ടിൽ ഉപേക്ഷിച്ചു പോവുകയാണ്.

ജപ്പാനിൽ നിന്നുമാണ് ക്രൂരമായ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഹൊകെയ്‍ഡോവിലെ കാടിനു നടുവിലാണ് മാതാപിതാക്കൾ യമാറ്റോ ടാനൂക എന്ന ഏഴുവയസുകാരനെ ഉപേക്ഷിച്ചു പോയത് മകനോട് ഒരിക്കലും ചെയ്യാനാവാത്ത തെറ്റാണു തങ്ങൾ ചെയ്തതെന്ന് യമാറ്റോയുടെ പിതാവ് ടാക്യുകി ടാനൂക പറഞ്ഞു. അവന് ആപത്തൊന്നും പറ്റരുതേയെന്നാണു പ്രാർഥന. 130ഓളം പേരടങ്ങുന്ന സംഘം ന‌ടത്തുന്ന തിരച്ചിലിലേക്ക് ജാപ്പനീസ് മിലിട്ടറിയും പങ്കുചേർന്നിട്ടുണ്ട്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. തു‌ടക്കത്തിൽ മകനെ കാണാനില്ലെന്നു മാത്രമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. പിന്നീടാണ് അവൻ കാണിച്ച കുസൃതിയ്ക്കു ശിക്ഷയെന്നോണം റോഡിനു നടുവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ അവനെ കാണാതായതെന്നും പറഞ്ഞത്. മറ്റുള്ള കാറുകൾക്കും ആളുകൾക്കും നേരെ തു‌ടർച്ചയായ കല്ലെറിഞ്ഞതിന് ശിക്ഷയായാണ് അവനെ കുറച്ചു നേരത്തേക്ക് കാടിനു നടുവില്‍ നിർത്തിപ്പോകാൻ തീരുമാനിച്ചത്. പക്ഷേ നിമിഷങ്ങള്‍ക്കകം തിരിച്ചെത്തിയെങ്കിലും അപ്പോഴേയ്ക്കും അവനെ കാണാതായിരുന്നു.

സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കരടിയുൾപ്പെടെയുള്ള വന്യജീവികൾ വസിക്കുന്ന മേഖലയാണിതെന്നതും ആശങ്കയുണർത്തുന്നുണ്ട്.