ഇവർ പ്രണയിക്കുകയാണ്; ഫ്രെയിമുകളിലൂടെ..

എല്ലാത്തിന്റെയും എല്ലാവരുടെയും പടമെടുക്കാൻ നിനക്കു സമയമുണ്ട്. എന്നെ മാത്രം നോക്കാൻ നേരമില്ല. നതാലി കയ്യിൽ പിടിച്ചുവലിച്ച് ഒസ്മാനെ തന്നിലേക്ക് അടുപ്പിച്ചു. ക്ലിക്ക്. തന്റെ കൈപിടിച്ച് മുന്നിലേക്കായുന്ന കാമുകിയുടെ പിൻവശം, ബാക്ഗ്രൗണ്ടിൽ ബാഴ്സലോണ. വർഷം 2011. സോഷ്യൽനെറ്റ് വർക് മുഴുവൻ സംസാരവിഷയമായ ട്രാവൽ ഫോട്ടോഗ്രാഫിയുടെ തുടക്കം ഇങ്ങനെയായിരുന്നു.

റഷ്യൻ ഫോട്ടോഗ്രാഫർ മുറാദ് ഒസ്മാൻ കാമുകി നതാലി സക്കറോവയ്ക്കൊപ്പം

ഇൻസ്റ്റഗ്രാമിൽ ഫോളോ മീ എന്ന പേരിൽ ഒസ്മാൻ തുടങ്ങിയ അക്കൗണ്ടിന് 580000ൽ അധികം ഫോളോവേഴ്സ് ഉണ്ട്. മുറാദ് ഒസ്മാൻ എന്ന റഷ്യൻ ഫോട്ടോഗ്രാഫർ കാമുകി നതാലി സക്കറോവയുമായി ചേർന്ന് നമുക്കു കാണിച്ചുതരുന്നത് ലോകം നിറയുന്ന ഫ്രെയിമുകളാണ്. എെ ഫോണിലും ഡിഎസ്എൽആറിലും എടുക്കുന്ന ചിത്രങ്ങൾ ക്യാമറ പ്ലസ് പ്ലസിൽ കയറ്റി എഡിറ്റിങ് കഴിഞ്ഞാണ് അപ് ലോഡുന്നത്.

പൊകുന്ന സ്ഥലങ്ങൾക്കൊപ്പിച്ചുള്ള നതാലിയുടെ വസ്ത്രങ്ങൾക്കും ആരാധകരേറെ. ഇന്ത്യയിൽ എത്തിയപ്പോൾ ഇട്ട ലഹങ്കകളും ബാലിയിൽ വച്ചെടുത്ത ചിത്രത്തിലെ തൊപ്പിയും തിരിഞ്ഞുനോക്കുന്ന മാസ്കും പുറംചുറ്റിക്കിടക്കുന്ന മഞ്ഞ മലമ്പാമ്പും ചിലപ്പോൾ ഇതൊന്നുമില്ലാത്ത വെറുംപുറവും അതിൽ അഴിഞ്ഞു കിടക്കുന്ന ഇടതൂർന്ന തലമുടിയും എല്ലാത്തിനും ലൈക്ക്... ലൈക്ക്... ലൈക്ക്....

മാസത്തിൽ മൂന്നോ നാലോ ദിവസം മാത്രമാണ് ഇരുവരുടെയും യാത്ര. ഒസ്മാനു ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് മോസ്കോയിൽ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുണ്ട്. നതാലിയാകട്ടെ പത്രപ്രവർത്തകയും. രണ്ടുപേരും വൻകിട സെലിബ്രിറ്റികളായപ്പോൾ അതിനു കാരണമായ ചിത്രങ്ങളും യാത്രാനുഭവങ്ങളും അടുക്കിവച്ചൊരു പുസ്തകം ഇറക്കാനാണ് ഇരുവരുടെയും പ്ലാൻ. യുഎസ് പബ്ലിഷറെ കണ്ടുകഴിഞ്ഞെന്നും വരുന്ന ശിശിരത്തിൽ പുസ്തകത്തിന്റെ കാര്യത്തിൽ തീരുമാനമാകുമെന്നുമാണ് ഇൗ ടൂറിങ് കപ്പിൾ പറയുന്നത്.

ന്യൂയോർക്ക്, ലണ്ടൻ, ഇന്തോനേഷ്യ, ആംസ്റ്റെർഡാം, സിംഗപ്പൂർ, ബാലി, ഹോങ്കോങ്, ഇന്ത്യ... നാടും നഗരവും മാറുന്നു. എല്ലാ മാറ്റങ്ങളെയും ഉൾക്കൊണ്ട് അവളെ സ്നഹേിക്കാൻ കഴിയുന്നതല്ലേ പ്രണയത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള ഫ്രെയിം?